തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയെ ആയുധമാക്കി മുഖ്യ പാർട്ടികൾ. എൽഡിഎഫ് 'ചെമ്പട' എന്ന മൊബൈൽ ആപ്ലിക്കേഷനാണ് രൂപം കൊടുത്തിരിക്കുന്നത് എങ്കിൽ 'വാട്‌സാപ്' നെയാണ് യുഡിഎഫും എൻഡിഎയും പ്രചരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നച്.

വാട്‌സാപ് വഴി പ്രചാരണ സാമഗ്രികൾ അടങ്ങിയ ടൂൾകിറ്റ് അനുഭാവികൾക്ക് അയച്ചു കൊടുക്കാനുള്ള ഓട്ടമേറ്റഡ് സംവിധാനമാണ് യുഡിഎഫും എൻഡിഎയും സജ്ജമാക്കിയിരിക്കുന്നത്. ഒരു നിശ്ചിത നമ്പറിൽ 'Hi' അയച്ചാൽ പ്രചാരണ സാമഗ്രികൾ തനിയെ ഫോണിലെത്തും. ബിജെപി: 8086047777, യുഡിഎഫ്: 8891228449 എന്നിങ്ങനെയാണ് നമ്പറുകൾ.

യുഡിഎഫിന്റെ സംവിധാനത്തിൽ ജില്ലയും, മണ്ഡലവും തിരഞ്ഞെടുക്കാൻ കഴിയും. മണ്ഡലം സംബന്ധിച്ച് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് നിർദേശങ്ങൾ അയയ്ക്കാനും കഴിയും. ബിജെപിയും സംവിധാനത്തിൽ പ്രകടനപത്രിക, പോസ്റ്ററുകൾ, വിഡിയോ, പാട്ടുകൾ, ഭരണപ്രതിപക്ഷങ്ങൾക്കെതിരെയുള്ള കുറ്റപത്രം എന്നിവ ലഭ്യമാകും. ബൂത്തിലെ ക്രമനമ്പർ അറിയാനുള്ള സേവനവുമുണ്ട്.

എന്നാൽ എൽഡിഎഫിന്റെ ചെമ്പട ആപ് പ്രവർത്തകർക്കും അനുഭാവികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ആപ്പിൽ അംഗത്വമുള്ള ഒരാളുടെ ക്ഷണം (റെഫറൽ) ഉണ്ടെങ്കിൽ മാത്രമേ ആപ് ഉപയോഗിക്കാൻ കഴിയൂ. ഡിജിറ്റൽ പ്രചാരണ സാമഗ്രികളാണ് ആപ്പിലൂടെ നൽകുന്നത്. ഇന്ന് കഴക്കൂട്ടം മണ്ഡലത്തിൽ മോദി പങ്കെടുക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് 'ഞാൻ ശോഭ സുരേന്ദ്രൻ...' എന്നു തുടങ്ങുന്ന വാട്‌സാപ് സന്ദേശങ്ങൾ മണ്ഡലത്തിൽ പലർക്കും ലഭിച്ചിരുന്നു.