- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടുത്ത മാസം മുതൽ കോവിഡ് പാസ്സ്പോർട്ട് നടപ്പിലാക്കാൻ ഒരുങ്ങി ബ്രിട്ടൻ; തുടക്കം തീയറ്ററുകളിലും സ്റ്റേഡിയങ്ങളിലും; എതിർപ്പുമായി മനുഷ്യാവകാശ വാദികൾ

പരീക്ഷണാടിസ്ഥാനത്തിൽ കോവിഡ് പാസ്സ്പോർട്ടുകൾ അടുത്തമാസം മുതൽ നിലവിൽ വരുമെന്നറിയുന്നു. തീയറ്ററുകളിലും സ്റ്റേഡിയങ്ങളിലും ആയിരിക്കും ഇത് ആദ്യമായി നടപ്പിലാക്കുക. സാവധാനം ഇത് പബ്ബുകൾ, റെസ്റ്റോറന്റുകൾ, നൈറ്റ്ക്ലബ്ബുകൾ, സിനിമാ ഹാളുകളെന്നിവിടങ്ങളിലും പ്രാബല്യത്തിൽ വരും. എൻ എച്ച് എസിന്റെ കോവിഡ് ആപ്പിൽ അപ്ഗ്രഡേഷൻ വരുത്തി കഴിഞ്ഞാൽ ഉടൻ ഇത് ആരംഭിക്കും. ഇതുവഴി തങ്ങൾ വാക്സിൻ എടുത്തു എന്നകാര്യം തെളിയിക്കാൻ പൗരന്മാർക്ക് സാധിക്കും.
എന്നാൽ, ഈ തിരുമാനം വലിയൊരു രാഷ്ട്രീയ വിവാദത്തിന് കളമൊരുക്കിയിരിക്കുകയാണ്. തീർത്തും വിവേചനപരവും ആളുകളെ ഭിന്നിപ്പിക്കുന്നതുമായ ഒരു തീരുമാനമെന്നാണ് ടോറി എം പിമാരും മുതിർന്ന ലേബർ നേതാക്കളും അടങ്ങുന്ന 72 എം പി മാർ ഒപ്പിട്ട ഒരു സംയുക്ത പ്രസ്താവനയിൽ ഇതിനെ കുറിച്ച് പറയുന്നത്. അതുകൊണ്ടുതന്നെ ഇത് ഒരു നിയമമാക്കുന്ന കാര്യത്തിൽ ബോറിസ് ജോൺസന് ഏറെ ക്ലേശിക്കേണ്ടിവരും എന്നതുറപ്പാണ്. അതേസമയം, ജൂൺ 21 ന് എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുവാനുള്ള പദ്ധതി ഇപ്പോൾ പൂർണ്ണമായും കോവിഡ് പാസ്സ്പോർട്ടിനെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് ലഭിക്കുന്ന വിവരം.
വരുന്ന വേനലിനു മുൻപായി സാമൂഹിക അകലം പാലിക്കുന്നതുൾപ്പടെയുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റുവാൻ കോവിഡ് പാസ്സ്പോർട്ട് അത്യാവശ്യമാണെന്നാണ് വൈറ്റ്ഹാൾ വൃത്തങ്ങൾ അറിയിക്കുന്നത്. വാക്സിൻ പാസ്സ്പോർട്ട് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും കൂടുതൽ ആത്മവിശ്വാസം പകരും എന്ന ബോറിസ് ജോൺസന്റെ പ്രസ്താവനയും സർക്കാർ ഇത് നടപ്പാക്കുന്നതിൽ അതീവ താത്പര്യം പ്രകടിപ്പിക്കുന്നു എന്നതിന്റെ തെളിവാണ്. വിദേശയാത്രകൾക്ക് കോവിഡ് പാസ്സ്പോർട്ട് അത്യാവശ്യമാകുന്ന കാലം വരുന്നു. അത് അഭ്യന്തരകാര്യത്തിലും ഉപയോഗപ്പെടുത്താം എന്നാണ് ബോറിസ് ജോൺസൺ പറയുന്നത്.
വരുന്ന തിങ്കളാഴ്‌ച്ച ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തും എന്നാണ് കരുതുന്നത്. തീയറ്ററുകൾ, സ്റ്റേഡിയം തുടങ്ങിയവ തുറന്ന് പ്രവർത്തിക്കുവാൻ ഇത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രിമാർ കരുതുന്നു. എന്നാൽ, ഭരണകക്ഷി എം പി മാരിൽ നിന്നുൾപ്പടെ ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. സർക്കാർ ഉപദേശകനായ പ്രൊഫസർ റോബർട്ട് വരെ ഇതിനെ വിമർശിക്കുകയാണ്. ഇത് ജനങ്ങൾക്ക് ഒരുതരം വ്യാജ സുരക്ഷിതത്വബോധം നൽകും എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ലോക്ക്ഡൗൺ നീക്കം ചെയ്യലിന്റെ അടുത്ത ഘട്ടം ഏപ്രിൽ 12 നാണ്. അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾക്കൊപ്പം ജിമ്മുകളും ഹെയർഡ്രസ്സിഗ് സലൂണുകൾ തുടങ്ങിയവയും തുറന്ന് പ്രവർത്തനമാരംഭിക്കും. അതേസമയം, ചുരുക്കം ചില രാജ്യങ്ങളിലേക്ക് മാത്രമായി വിദേശ യാത്ര അനുവദിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. അതേസമയം, ഏപ്രിൽ 12 മുതൽ, ഔട്ട്ഡോർ ഇടങ്ങളിൽ മാത്രമേ ഉപഭോക്താക്കൾക്ക് സേവനം നൽകാവു എന്ന സർക്കാർ ഉത്തരവിനെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് ഹോസ്പിറ്റാലിറ്റി മേഖല.
ഇൻഡോർ ഇടങ്ങളിൽ ഉൾക്കൊള്ളാവുന്നതിന്റെ 40 ശതമാനം ഉപഭോക്താക്കളെ പ്രവേശിപ്പിക്കുവാനുള്ള അനുവാദം നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. അതേസമയം, കടുത്ത എതിർപ്പുകൾ ഉയരുമ്പോഴും വാക്സിൻ പാസ്സ്പോർട്ടുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനം. വരാൻ പോകുന്ന എഫ് എ കപ്പ് ഫൈനലിലും വേൾഡ് സ്നൂക്കർ ചാമ്പ്യൻഷിപ്പിലും ഇത് പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയേക്കും എന്നറിയുന്നു.
അതേസമയം, കോവിഡ് പാസ്സ്പോർട്ടിനുള്ള ഒരു മാനദണ്ഡം മാത്രമാണ് വാക്സിൻ എന്ന് വ്യക്തമാക്കി കൾച്ചറൽ സെക്രട്ടറി ഒലിവർ ഡൗഡെൻ രംഗത്തെത്തി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വഴിയും അല്ലെങ്കിൽ നേരത്തേ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചതിനാൽ, ശരീരത്തിൽ ആന്റിബോഡികൾ രൂപപ്പെട്ടിട്ടുണ്ടെന്ന് തെളിയിച്ചാലും ഈ പാസ്സ്പോർട്ട് ഉപയോഗിക്കാൻ കഴിയും എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

