- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിൽ ദി ബിൽ പ്രക്ഷോഭണം ലണ്ടനിൽ പടരുന്നു; അനേകം പൊലീസുകാർക്ക് പരിക്ക്; കത്തിയുമായി യുവതി പിടിയിൽ; നിരവധി പേരെ ബ്രിട്ടീഷ് പൊലീസ് കസ്റ്റഡിയിൽ എടുത്തു
കോവിഡാനന്തര കാലം കലാപകാലമായിരിക്കും എന്ന മുൻകാല പ്രവചനം ശരിവച്ചുകൊണ്ട് ബ്രിട്ടനിൽ കിൽ ദി ബിൽ പ്രക്ഷോഭം ശക്തിപ്രാപിക്കുകയാണ്. ഇന്നലെ ലണ്ടനിൽ 26 ആളുകളാണ് അറസ്റ്റിലായത്. കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് കൂട്ടം കൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാരെ ജെറെമെ കോർബിൻ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്.
പ്രതിഷേധങ്ങൾക്കെതിരെ കടുത്ത നടപടികൾ എടുക്കാൻ പൊലീസിന് പ്രത്യേകാധികാരം നൽകുന്ന പൊലീസ്, ക്രൈം, സെന്റൻസിങ്, ആൻഡ് കോർട്ട്സ് ബില്ലിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയുംപ്ലക്കാർഡുകൾ വീശിയും ജനത പ്രതിഷേധിച്ചു. ചിലയിടങ്ങളിൽ പൊലീസുമായി സംഘർഷമുണ്ടായി. 10 പൊലീസുകാർക്ക് പരിക്കേറ്റതായി മെട്രോപോളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ ആരുടെ പരിക്കും ഗുരുതരമല്ല. കത്തിയുമായി എത്തിയ ഒരു യുവതി അടക്കം 26 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
തിരക്കുപിടിച്ച പാർലമെന്റ് ചത്വരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ 10000-ൽ ഏറെ പേർ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ ഏകദേശം അഞ്ഞൂറോളം വരുന്ന ഒരു സംഘമാണ് ചത്വരത്തിനു സമീപം വഴിതടയാൻ ശ്രമിച്ചത്. അവർ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. ചത്വരത്തിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം നിന്നാണ് മുൻ ലേബർ നേതാവ് ജനങ്ങളെ അഭിസംബോധന ചെയ്തത്. സർക്കാർ കൊണ്ടുവരുന്ന ബിൽ അത്യന്തം അപകടകരമാണെന്ന് പറഞ്ഞ അദ്ദേഹം പ്രതിഷേധിച്ചില്ലെങ്കിൽ കാര്യങ്ങൾക്ക് മാറ്റമുണ്ടാകില്ല എന്നും പറഞ്ഞു.
തിരക്കിനിടയിൽ പെട്ടുപോയ മെക് ഡോണാൾഡിന്റെ ഒരു ലോറിക്ക് വഴിയൊരുക്കുവാൻ അനവധി പൊലീസുകാരെ കൂടുതലായി വിന്യസിക്കേണ്ടതായി വന്നു. പൊലീസിനു നേരെ കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞായിരുന്നു അപ്പോൾ പ്രതിഷേധക്കാരുടെ പ്രകടനം. ഇതിനിടയിൽ പ്രകടനത്തിനിടെ നടന്ന സംഘടനത്തിൽ കാര്യമായ പരിക്കുകൾ പറ്റിയ ഒരു വനിതയെ പൊലീസ് സംഭവസ്ഥലത്തുനിന്നും മാറ്റി.
ഇതിനിടെ മറ്റൊരു ഗ്രൂപ്പ് ലിംഗവിവേചനത്തിനെതിരെ പ്രതിഷേധമുയർത്തി പാർലമെന്റ് ചത്വരത്തിൽ എത്തി. സ്ത്രീകൾ ഭയന്നാണ് ജീവിക്കുന്നതെന്നും സർക്കാർ അവരെ ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു പ്രതിഷേധക്കാർ ആരോപിച്ചത്. വൈകിട്ടോടെ ഒരു ചെറിയ കൂട്ടം പ്രതിഷേധക്കാർ ചത്വരത്തിൽ അവശേഷിച്ചെന്നും പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനാൽ അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അപ്പോഴേക്കും ഭൂരിഭാഗം പ്രക്ഷോഭകരും പിരിഞ്ഞുപോയിരുന്നു.
തലസ്ഥാനത്തിനു പുറത്ത് ന്യുകാസിൽ, ലിവർപൂൾ, ബ്രൈറ്റൺ, ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ തുടങ്ങിയ നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. മാഞ്ചസ്റ്ററിൽ പ്രക്ഷോഭകർ സെയിന്റ് പീറ്റേഴ്സ് ചത്വരത്തിൽ ട്രാം പാതകൾ തടഞ്ഞു. ഇതിനെ തുടർന്ന് പൊലീസ് പ്രക്ഷോഭകരെ അറസ്റ്റ് ചെയ്ത് നീക്കി. എം 32 മോട്ടോർ വേയുടെ പല ഭാഗങ്ങളും പ്രക്ഷോഭകർ തടഞ്ഞതായി പൊലീസ് അറിയിച്ചു.