കൊച്ചി: കോൺഗ്രസ് ഔദ്യോഗിക സൈബർ വിഭാഗം വേണ്ടത്ര മികവ് കാട്ടുന്നില്ലെന്ന ആശങ്കക്കിടെ പ്രവർത്തകരുടെ കൂട്ടായ്മയായ കോൺഗ്രസ് സൈബർ ടീമിന് സോഷ്യൽ മിഡിയയിൽ വൻ മുന്നേറ്റം. ഫേസ് ബുക്കിൽ കെപിസിസിയുടെ ഔദ്യോഗിക പേജിനെക്കാൾ ലൈക്കും ഫോളോവേഴ്‌സുമാണ് കോൺഗ്രസ് സൈബർ ടീം നേടിയത് .

നേരത്തെ കെപിസിസിയുടെ ചുമതലയിലുള്ള നാല് പേജുകളായിരുന്നു ഇക്കൂട്ടത്തിൽ മുന്നിൽ. എന്നാൽ അവസാന 28 ദിവസത്തെ കണക്ക് പുറത്ത് വന്നപ്പോൾ കോൺഗ്രസ് സൈബർ ടീം കോൺഗ്രസിലെ ഏത് പേജുകളെക്കാൾ മുന്നിലെത്തി. 252 കെ ലൈക്കുകളും 305 കെ ഫോളോവേഴ്‌സുകളുമാണ് പ്രവർത്തകരുടെ ഈ കൂട്ടായ്മ നേടിയത് . ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സൈബർ കോൺഗ്രസ് , മിഷൻ 140 , ഐ ആം കോൺഗ്രസ് എന്നാ നാല് പ്രമുഖ പേജുകളെയാണ് ഇവർ പിന്നിലാക്കിയത്.

എന്നാൽ സൈബർ കോൺഗ്രസ് കെപിസിസിയുടെ ഗ്രൂപ്പല്ലെന്നും പേജുമായി ഒരു ബന്ധമില്ലെന്നുമാണ് കോൺഗ്രസ് ഐടി വിഭാഗം പറയുന്നത്. ഇതടക്കം കോൺഗ്രസിനെ അനുകൂലിക്കുന്ന നിരവധി പേജുകളുണ്ടെന്നും അവയക്കൊന്നും കെപിസിസിയുമായി ബന്ധമില്ലെന്നുമാണ്
അനിൽ ആന്റണിയുടെ നിലപാട്.

തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി ഇടപെടലും മുഖ്യ എതിരാളിയായ സിപിഎമ്മിന് ഉരുളക്ക് ഉപ്പേരി കണക്കെ മറുപടി നൽകുന്നതുമാണ് പേജിനെ പ്രവർത്തകർക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ഇതിനെ പുറമെ പോരാളി ഷാജി എന്ന സിപിഎം താരത്തിനെതിരെ പോരാളി വാസുവനെ കൊണ്ടുവന്നതും കോൺഗ്രസ് സൈബർ ടീമാണ്. പോരാളി വാസുവിനും സോഷ്യൽ മിഡിയയിലും കോൺഗ്രസ് പ്രവർത്തകർക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

പതിനെട്ട് പേരടഞ്ഞുന്ന ടീമാണ് പേജിനെ നയിക്കുന്നത് . ഇതിൽ പതിനെട്ട് കാരിയായ കെ എസ് യു പ്രവർത്തക മുതൽ 70 കാരൻ വരെയുണ്ട്. അഞ്ച് രാജ്യങ്ങളിലുള്ള പ്രവാസികളായ കോൺഗ്രസുകാരാണ് പേജിന് ചുക്കാൻ പിടിക്കുന്നത്. പ്രധാന രണ്ട് പേജിനൊപ്പം ഫേസ് ബുക്കിൽ തന്നെ പതിനേഴ് മറ്റ് പേജുകളും നൂറിലധികം വാട്‌സ് ആപ്പ് ഗ്രൂപ്പുകളും ഇൻസ്റ്റഗ്രാം , ടിക് ടോക്ക് അകൗണ്ടുകളും സൈബർ കോൺഗ്രസ് ടിം കൈകാര്യം ചെയ്യുന്നു.

പ്രൊഫഷണൽ രംഗത്തുള്ള ഇവർ ജോലിയുടെ ഇടവേളകളിലാണ് സൈബർ പോരാട്ടം നടത്തുന്നത്. തെരഞ്ഞടുപ്പിൽ വൻ പ്രചരണമാണ് പേജിലൂടെ ഇവർ നടത്തുന്നത്. പ്രകടന പത്രിക, സിപിഎം ബിജെപി ഡീൽ,, ആഴക്കടൽ കരാർ, പി എസ് സി സമരം അടക്കം എല്ലാ പ്രചരണ വിഷയങ്ങൾക്കും ഇവർക്ക് ലക്ഷങ്ങളാണ് ലൈക്കായും ഷെയറായും ലഭിച്ചത്. പേജിന്റെ സ്വീകാര്യത മനസിലാക്കിയ നേതാക്കൾ അണിയറ പ്രവർത്തകരെ ബന്ധപ്പെട്ടതും വിജയമായി ഇവർ കരുതുന്നു.