- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽവേ ട്രാക്കിൽ തെങ്ങിൻ തടി കയറ്റിവെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; വൻ അപകടം ഒഴിവായത് ഭാഗ്യം കൊണ്ട്: വർക്കല സ്വദേശികളായ യവാക്കൾ അറസ്റ്റിൽ: മദ്യലഹരിയിൽ അപകടം ഉണ്ടാക്കാൻ ശ്രമിച്ചത് ഇടവാ സ്വദേശികളായ ബിജുവും സാജിദും ചേർന്ന്
വർക്കല: റെയിൽവേ ട്രാക്കിൽ തെങ്ങിൻ തടി കയറ്റി വച്ച് ട്രെയിൽ അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇടവ സ്വദേശികളായ രണ്ടു യുവാക്കൾ അറസ്റ്റിൽ. ഇടവ കാണംമൂട് ഷൈലജ മൻസിലിൽ താജുദീന്റെ മകൻ ബിജു(30), ഇടവ പാക്കിസ്ഥാൻ മുക്ക് തൊടിയിൽ വീട്ടിൽ ഷംസീറിന്റെ മകൻ സാജിദ് (27) എന്നിവരെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ രാത്രി 12.50ന്15 ന് ഇടവ - കാപ്പിൽ സ്റ്റേഷനുകൾക്ക് ഇടയിലായിരുന്നു സംഭവം. മദ്യപിച്ച് ലക്കുകെട്ട പ്രതികൾ ചെന്നൈ എഗ്മോറിൽ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന എക്സ്‌പ്രസ് ട്രെയിൻ കടന്നുപോകുന്നതിന് തൊട്ടുമുമ്പ് റെയിൽവേ ട്രാക്കിൽ തെങ്ങുംതടി കയറ്റി വെയ്ക്കുക ആയിരുന്നു. ട്രെയിനിന്റെ അടിഭാഗത്ത് തെങ്ങിൻ തടി തട്ടിയപ്പോൾ ലോക്കോപൈലറ്റ് ട്രെയിൻ നിർത്തി. ഭാഗ്യം കൊണ്ടാണ് നൂറുകണക്കിന് യാത്രക്കാർ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ട്രാക്കിന് സമീപം ഇരുന്ന് മദ്യപിച്ച ശേഷം മദ്യലഹരിയിലാണ് പ്രതികൾ ട്രാക്കിലേക്ക് രണ്ടര അടി നീളം വരുന്ന വലിയ ഉരുളൻ തെങ്ങിൻ തടി കയറ്റി വച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് വൻ അപകടം ഒഴിവായത്.
അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണർ എം. ശിവദാസൻ സ്ഥലം സന്ദർശിച്ചു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഇൻസ്‌പെക്ടർ രജനി നായർ, സബ്ഇൻസ്‌പെക്ടർ മായ ബീന, പി.ഗോപാലകൃഷ്ണൻ, ഹെഡ് കോൺസ്റ്റബിൾ അജിത്കുമാർ, സ്‌പെഷ്യൽ ഇന്റലിജൻസ് ഓഫീസർ രാജു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവം നടന്ന സ്ഥലത്തിന് പരിസരത്തുള്ള നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചത് . സംഭവത്തെ തുടർന്ന് നിർത്തിയ ട്രെയിൻ ഏകദേശം നാലു മിനിറ്റ് വൈകിയാണ് യാത്ര തുടർന്നത്.
വർക്കല സ്റ്റേഷൻ മാസ്റ്റർ പ്രസന്നകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത് . 92/21 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത കേസിൽ യു.എസ്-153,147 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ളത്. 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകൾ ആണിത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.