കോഴിക്കോട്: വോട്ടർപട്ടികയിൽ നിന്നു പേര് വെട്ടിമാറ്റിയതിൽ പ്രതിഷേധിച്ച് ദേശീയ അവാർഡ് ജേതാവും ചലച്ചിത്ര താരവുമായ സുരഭി ലക്ഷ്മി. സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയാണ് ചില തത്പരകക്ഷികൾ തന്റെ പേര് വെട്ടിമാറ്റിയതായി സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ താരം തന്നെയാണ് അറിയിച്ചത്.

നരിക്കുനിയിലാണ് വീട്. തന്റെ പേരിൽ വീടും സ്ഥലവും ഉണ്ട്. ജോലി ആവശ്യാർഥവും ഇടയ്ക്ക് നാട്ടിൽനിന്നു മാറിനിൽക്കേണ്ടി വരാറുണ്ട്. അമ്മയുടെ ചികിത്സയ്ക്കായി കോഴിക്കോട് വെള്ളിമാട് കുന്നിലും ഇടയ്ക്ക് താമസിക്കാറുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ വോട്ട് ചെയ്തിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നെങ്കിലും ഷൂട്ടിങ് തിരക്കുകൾ കാരണം ചെയ്യാൻ കഴിഞ്ഞില്ല. ആരോ എന്തോ പറഞ്ഞു എന്നതിന്റെ പേരിൽ എന്നോടൊരു വാക്കു പോലും ചോദിക്കാതെ വോട്ടർ പട്ടികയിൽനിന്നു പേരു നീക്കിയതിൽ കടുത്ത പ്രതിഷേധമുണ്ട്. സുരഭി പറഞ്ഞു

സുരഭിയുടെ കുറിപ്പിന്റെ പൂർണരൂപം:
'നരിക്കുനി ഗ്രാമപഞ്ചായത്തിൽ 11ാം വാർഡിൽ ബൂത്ത് 134ൽ വോട്ടറായ ഞാൻ, അമ്മയുടെ ചികിത്സാവശ്യാർഥം താൽക്കാലികമായി താമസം മാറിയപ്പോൾ, ഞാൻ സ്ഥലത്തില്ലാ എന്ന പരാതി കൊടുപ്പിച്ച്, എന്നെയും ചേച്ചിയെയും വോട്ടർ പട്ടികയിൽനിന്നു, ഹിയറിങ് പോലും നടത്താതെ ഒഴിവാക്കിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഒരു പൗരന്റെ ജനാധിപത്യാവകാശം ഹനിക്കാൻ കൂട്ടുനിന്ന ചില 'തൽപര കക്ഷികൾ' ജനാധിപത്യത്തെയാണു ചോദ്യം ചെയ്യുന്നത്'.