കൊച്ചി: തൊണ്ണൂറാം വയസ്സിൽ കന്നി വോട്ട് ചെയ്യാൻ ഒരുങ്ങുകയാണ് സുകുമാരൻ. ആദ്യമായി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുന്നതിന്റെ തെല്ല് ആശങ്കയും സുകുമാരനുണ്ട്. വടുതലയിൽ താമസിക്കുന്ന വി.എ. സുകുമാരനാണ് വൈകിയ വേളയിൽ കന്നിവോട്ടറായത്. കൂലി വേല ചെയ്ത് ജീവിച്ചിരുന്ന സുകുമാരന് ജീവിതത്തിന്റെ പ്രാരാബ്ദങ്ങൾക്കിടയിൽ വോട്ട് ചെയ്യാനോ സ്വന്തം തിരിച്ചറിയൽ രേഖ സംഘടിപ്പിക്കാനോ ഒന്നും കഴിഞ്ഞില്ല.

എ്‌തേ വോട്ട് ചെയ്തില്ല എന്ന് ചോദിച്ചാൽ 'എനിക്ക് ഈ രാഷ്ട്രീയക്കാരെയൊന്നും വലിയ ഇഷ്ടമില്ല' എന്ന് സുകുമാരൻ പറയും. വോട്ടു വൈകാൻ അതു മാത്രമല്ല കാരണം. രേഖകളൊക്കെ ശരിയായി വോട്ടവകാശം കയ്യിൽ കിട്ടിയത് ഇപ്പോഴാണ്. സുകുമാരന്റെ നാട് മരടാണെങ്കിലും വാടക വീടുകൾ പലത് മാറി മാറി താമസിച്ചപ്പോൾ ഐഡന്റിറ്റി കാർഡോ ആധാറോ ഒന്നും സ്വന്തമാക്കാൻ ആയില്ല. കൃത്യമായ വിലാസവും രേഖകളും ഒന്നുമില്ലാത്തതിനാൽ വോട്ടർ പട്ടികയിൽ കയറിയില്ല. കറവക്കാരനായിരുന്ന സുകുമാരൻ കുറച്ചു കറവപ്പശുക്കളെ സ്വന്തമായി വളർത്തി പാൽ കച്ചവടം നടത്തിയാണ് ജീവിച്ചത്.

കൊച്ചിയുടെ പല ഭാഗങ്ങളിൽ വാടക വീടുകളിലായിരുന്നു അക്കാലത്ത് താമസം. വടുതലയിൽ താമസിക്കാൻ തുടങ്ങിയിട്ട് 52 വർഷമായി. വടുതലയിലെ ഒരു ഹോട്ടലിൽ കാഷ്യറെ സഹായിക്കുകയാണ് ഇപ്പോൾ. 66ാം ബൂത്തിലെ ബിഎൽഒ ആയ പീറ്റർ വിവേരയാണ് ഇത്തവണ പേരു ചേർക്കാൻ സുകുമാരനെ സഹായിച്ചത്. 30 വർഷം മുൻപു ഭാര്യ മരിച്ചു. 2 മക്കളും സംസ്ഥാനത്തിനു പുറത്താണ്.

വാർധക്യ പെൻഷനു വേണ്ടി ശ്രമിച്ചപ്പോൾ സുകുമാരന്റെ കൈവശം ഒരു രേഖയുമില്ല. പെൻഷന് ആധാർ നിർബന്ധം. എന്നാൽ, സുകുമാരന്റെ കയ്യിൽ വോട്ടർ തിരിച്ചറിയൽ കാർഡ് പോലുമില്ല. ജനറൽ ആശുപത്രിയിൽ നിന്നു ഡോക്ടർ പ്രായം തെളിയിക്കുന്ന രേഖ നൽകി. ഇപ്പോൾ താമസിക്കുന്ന വിലാസത്തിലേക്കു വന്ന കത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിര താമസക്കാരനാണെന്നതിന്റെ തെളിവു ഹാജരാക്കി. ഇതോടെ, വോട്ടർ പട്ടികയിൽ പേരു ചേർക്കാനായി. വോട്ടർ തിരിച്ചറിയൽ കാർഡു കിട്ടി. അങ്ങനെ തൊണ്ണൂറാം വയസ്സിൽ സുകുമാരൻ വോട്ടറായി.