ഇരിട്ടി: അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോൾ ഹിന്ദിയിലും ഇംഗ്ലീഷിലും ഒഴുക്കോടെ സംസാരിച്ച് മനസ്സ് കീഴടക്കിയ ഒമ്പതു വയസ്സുകാരനെ വിമാനത്തിന്റെ കോക്പീറ്റിലെത്തിച്ച് രാഹുൽ ഗാന്ധിയുടെ സമ്മാനം. വലുതാകുമ്പോൾ താനൊരു പൈലറ്റ് ആകുമെന്ന് പറഞ്ഞ കൊച്ചുമിടുക്കനെയാണ് രാഹുൽ ഗാന്ധി 24 മണിക്കൂറിനകം കോക്പീറ്റിലെത്തിച്ചത്. ഇരിട്ടിയിൽ സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങുന്നതിനിടയിൽ അപ്‌സര കഫേ 1980 ൽ കയറിയപ്പോഴാണ് രാഹുൽ ഗാന്ധി അദ്വൈത് എന്ന മിടുക്കനെ പരിചയപ്പെട്ടത്. ഹിന്ദിയിലും ഇംഗ്ലിഷിലും നന്നായി സംസാരിച്ച അദ്വൈത് രാഹുൽ ഗാന്ധിയുടെ മനസ്സു കീഴടക്കുകയും ചെയ്തു.

സംസാരത്തിനിടയിൽ ആരാകാനാണ് ആഗ്രഹം എന്ന് രാഹുൽ ആരാഞ്ഞപ്പോൾ പൈലറ്റ് എന്നായിരുന്നു അദ്വൈതിന്റെ മറുപടി. ഹെലികോപ്ടർ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് അദ്വൈത് മറുപടി പറഞ്ഞു. അടുത്തന്ന് കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലായെന്ന് മറുപടി. ഉടൻ താൻ വന്ന കോപ്ടറിലേക്ക് കൂടെ വരാൻ രാഹുൽ അദ്വൈതിനോടു പറഞ്ഞു. എന്നാൽ പുറത്തെ ജനത്തിരക്കിനിടയിൽ അദ്വൈതും പിതാവും പുറത്തേക്കിറങ്ങിയപ്പോൾ രാഹുലിന്റെ കൂടെ കൂടാനായില്ല. എന്നാൽ രാഹുൽ അദ്വൈതിനെ വിടാൻ തയാറല്ലായിരുന്നു.

സണ്ണി ജോസഫിനോട് അദ്വൈതിനെ കണ്ടെത്തി വിവരം തരാൻ പറഞ്ഞു. രാഹുൽ തന്റെ ട്വിറ്ററിൽ അദ്വൈതിനൊപ്പമുള്ള ചിത്രം സഹിതം കുറിച്ചു. 'അദ്വൈത് സുമേഷ് പറയുന്നു. എനിക്ക് പറക്കണം. എനിക്കും കോൺഗ്രസിനും യുഡിഎഫിനും ഉറപ്പു കൊടുക്കാനുള്ളത്, ഇന്ത്യയിലേയും കേരളത്തിലേയും ഒരോ കുട്ടിക്കും അത് സാധ്യമാകണം എന്നാണ്. ഒരു സ്വപ്നവും വലുതല്ല. ഓരോ കുട്ടിക്കും അവർ ആഗ്രഹിക്കുന്ന ഉയരങ്ങളിലേക്ക് പറക്കാനുള്ള അവസരങ്ങൾ ഉറപ്പു വരുത്തുകയാണ് നമ്മുടെ ലക്ഷ്യം.' ഈ കുറിപ്പ് ഉൾപ്പെടെ വൈറൽ ആകുന്നതിനിടെ രാത്രിയോടെ അദ്വൈതിനെ കണ്ടെത്തി.

കീഴൂർക്കുന്ന് പാലാപ്പറമ്പിൽ താമസിക്കുന്ന കൂത്തുപറമ്പ് ഗവ. ഹൈസ്‌കൂൾ അദ്ധ്യാപകൻ സുമേഷ് കുമാറിന്റെയും കണ്ണൂർ സർവകലാശാല ജീവനക്കാരി എ.സുവർണയുടെയും മകനാണ് കീഴൂർക്കുന്ന് എസ്ഡിഎ ഇംഗ്ലിഷ് സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി അദ്വൈത്. ഈ വിവരം രാഹുൽ ഗാന്ധിക്ക് കൈമാറി. ഇതോടെ കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ എത്താനായി നിർദ്ദേശം. അങ്ങനെ പറഞ്ഞ വാക്കു പാലിച്ച രാഹുൽ ഗാന്ധി 24 മണിക്കൂറിനകം അദ്വൈതിനെ കോക്പീറ്റിലെത്തിച്ചു.

മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം കോഴിക്കോട് എത്തിയ ഉടൻ രാഹുലിന്റെ ചാർട്ടേഡ് ഫ്‌ളൈറ്റിനുള്ളിലേക്ക് അദ്വൈതിനെയും പിതാവ് സുമേഷിനെയും കയറ്റി. കോക്പിറ്റിലുണ്ടായിരുന്ന വനിതാ പൈലറ്റ് വിമാനം പ്രവർത്തിക്കുന്ന വിധം വിവരിച്ചു നൽകി. തിരുവനന്തപുരത്തേക്കു വരുന്നോയെന്ന് രാഹുൽ തിരക്കിയെങ്കിലും മാതാപിതാക്കൾക്ക് തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ ഇവർ കോഴിക്കോട് നിന്ന് മടങ്ങി. തന്നെ സഹായം ആവശ്യം ഉള്ളപ്പോൾ ബന്ധപ്പെടണമെന്നും അദ്വൈതിന് നിർദ്ദേശം നൽകി.