കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. കോവിഡ് പശ്ചാത്തലത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണം പോളിങ് സ്റ്റേഷനുകളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. 40,771 പോളിങ് സ്റ്റേഷനുകൾ. 2016ൽ ഇത് 21,498 ആയിരുന്നു. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. ഇതിൽ അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള നിലമ്പൂർ, മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിലെ 298 ബൂത്തുകളിൽ വൈകിട്ട് ആറു വരെയായിരിക്കും പോളിങ്.

വോട്ട് ചെയ്യാൻ പോകുമ്പോൾ വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കണം. www.voterportal.eci.gov.in, www.ceo.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ ഉപയോഗിച്ചു തിരഞ്ഞാൽ പട്ടികയിൽ പേരുണ്ടോയെന്ന് ഉറപ്പു വരുത്താം. വോട്ടർ ഹെൽപ്ലൈൻ എന്ന ആപ്പിലും പരിശോധിക്കാം. ഓഫിസ് സമയത്ത് 1950 എന്ന നമ്പറിൽ വിളിച്ചാൽ ബന്ധപ്പെട്ട ജില്ലയിലെ കലക്ടറേറ്റുകളിൽനിന്നും തിരഞ്ഞെടുപ്പു സംബന്ധിച്ച സംശയങ്ങൾക്കു മറുപടി ലഭിക്കും. വോട്ടു ചെയ്യാൻ തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്നു കയ്യിൽ കരുതാനും മറക്കരുത്

വോട്ടു ചെയ്യാൻ തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്നു കയ്യിൽ കരുതാനും മറക്കരുത്. വോട്ടർ സ്ലിപ്പിൽ പോളിങ് സ്റ്റേഷൻ രേഖപ്പെടുത്തിയിട്ടുണ്ടാകും. എല്ലാ വോട്ടർമാർക്കും വോട്ടർ ഇൻഫർമേഷൻ സ്ലിപ് ബിഎൽഒമാർ വീട്ടിലെത്തിക്കും. വോട്ടു ചെയ്യാൻ സ്ലിപ് നിർബന്ധമായും കയ്യിൽ കരുതണം. മൊബൈൽ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പോളിങ് ബൂത്തിൽ അനുവദിക്കില്ല.

കാഴ്ചാപരമായ വെല്ലുവിളി നേരിടുന്ന വോട്ടർമാർക്ക് ഇക്കുറി ബ്രെയിൽ സ്ലിപ് നൽകും. എല്ലാ പോളിങ് സ്റ്റേഷനുകളിലും ഡമ്മി ബ്രെയിൽ ബാലറ്റ് പേപ്പറും ഉണ്ടാകും. വോട്ടർമാർക്ക് ഈ ഡമ്മി ബാലറ്റ് പരിശോധിച്ച് സ്ഥാനാർത്ഥികളുടെ സ്ഥാനം കണ്ടെത്താം. ഭിന്നശേഷി വോട്ടർമാർക്കു പ്രത്യേക യാത്രാസൗകര്യം ഒരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചിട്ടുണ്ട്.


പോളിങ് സ്റ്റേഷനിൽ പ്രവേശിക്കുന്നതിനു മുൻപ് വോട്ടറുടെ ശരീര താപനില തെർമൽ സ്‌കാനർ ഉപയോഗിച്ചു പരിശോധിക്കും. നിശ്ചിത പരിധിയിലും കൂടുതലെങ്കിൽ അൽപ സമയം കാത്തുനിർത്തിയ ശേഷം 2 തവണ കൂടി പരിശോധിക്കും. ഈ പരിശോധനയിലും താപനില കൂടുതലാണെങ്കിൽ ടോക്കൺ നൽകി മടക്കി അയയ്ക്കും.ഇവർക്ക് ആറ് മണിക്ക് ശേഷം എത്തി വോട്ട് ചെയ്യാം.

പോളിങ് സ്റ്റേഷനിൽ ഇത്തവണ മൂന്നു ക്യൂവാണുള്ളത്. സ്ത്രീകൾ, പുരുഷന്മാർ, മുതിർന്ന പൗരന്മാർ / ഭിന്നശേഷിക്കാർ എന്നിവർക്കായാണ് വെവ്വേറെ ക്യൂ. സാമൂഹിക അകലം (2 മീറ്റർ അഥവാ ആറടി) പാലിച്ചു വേണം ക്യൂവിൽ നിൽക്കാൻ. േേവാട്ടു ചെയ്യുന്നതിനു മുൻപും ശേഷവും കൈകൾ സാനിറ്റൈസർ ഉപയോഗിച്ചു ശുദ്ധമാക്കണം. ഇതിനുള്ള സൗകര്യവും പോളിങ് ബൂത്തിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ വോട്ടർമാർക്കും ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷൻ ഗ്ലൗസ് അനുവദിച്ചിട്ടുണ്ട്. ഇത് പോളിങ് സ്റ്റേഷനിൽ ലഭിക്കും. കൈ സാനിട്ടൈസ് ചെയ്ത ശേഷം ഗ്ലൗസ് ധരിക്കാം. വോട്ടുചെയ്തതിനു ശേഷം കയ്യുറ പ്രത്യേകം സജ്ജമാക്കിയ വേസ്റ്റ് ബിന്നിലിടണം.

ഒന്നാം പോളിങ് ഉദ്യോഗസ്ഥനു വോട്ടർ സ്ലിപ് കൈമാറുക. അദ്ദേഹം വോട്ടർപട്ടിക പരിശോധിച്ച് വോട്ടറുടെ പേരു കണ്ടെത്തും. കയ്യിലുള്ള തിരിച്ചറിയൽ കാർഡും അദ്ദേഹത്തിനു നൽകണം. അതു പരിശോധിക്കുമ്പോൾ മാസ്‌ക് താഴ്‌ത്തി മുഖം കാട്ടുക. രണ്ടാം പോളിങ് ഉദ്യോഗസ്ഥൻ വിരലിൽ മഷി പുരട്ടിയ ശേഷം ഒരു സ്ലിപ് തരും. രജിസ്റ്ററിൽ ഒപ്പിട്ടു നൽകിയ ശേഷം മൂന്നാം പോളിങ് ഓഫിസറുടെ അടുത്തേക്കു നീങ്ങുക. മൂന്നാം പോളിങ് ഓഫിസർ സ്ലിപ് സ്വീകരിച്ച് വിരലിലെ മഷിയടയാളം പരിശോധിക്കും. വോട്ടിങ് യന്ത്രത്തിന്റെ മാതൃക. സ്ഥാനാർത്ഥിയുടെ ചിഹ്നം, പേര്, ചിത്രം എന്നിവയാണ് ഇതിലുണ്ടാവുക.