ആലത്തൂർ: രമ്യ ഹരിദാസ് എംപിയെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചതായി പരാതി. ഇന്നലെ രാത്രി 8.30 ന് കിഴക്കഞ്ചേരി കൊഴുക്കുള്ളി ക്ഷേത്രത്തിൽ ആലത്തൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പാളയം പ്രദീപിനൊപ്പം വിളക്കുപൂജയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം. അമ്പലത്തിൽ കയറുന്നതിൽ നിന്നും തടഞ്ഞ സിപിഎം പ്രാദേശിക നേതാവും സംഘവും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും പ്രശ്‌നമുണ്ടാക്കുകയും ആയിരുന്നു എന്ന് രമ്യ ഹരിദാസ് പരാതിയിൽ പറയുന്നു.

അമ്പലത്തിൽ കയറുന്നതു തടയുകയും അപമാനിക്കുകയും ചെയ്തപ്പോൾ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് സംരക്ഷണത്തിൽ പൂജയിൽ പങ്കെടുത്ത ശേഷമാണു മടങ്ങിയതെന്നു രമ്യ പറഞ്ഞു. ഡിജിപിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.