- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിൻ ഗുണം ചെയ്തു തുടങ്ങി; മരണവും പുതിയ രോഗവും തുടക്കകാലത്തേക്കാൾ കീഴോട്ട്; മൂന്നാം വരവിന്റെ സാധ്യതയും വിദഗ്ദർ തള്ളുന്നു; കോവിഡിനെ കീഴടക്കിയ ബ്രിട്ടൻ ഉടൻ സാധാരണ ജീവിതത്തിലേക്ക്
ബ്രിട്ടനിൽ കോവിഡ് വ്യാപന നിരക്കും മരണനിരക്കും കുത്തനെ ഇടിയുകയാണ്. ഒരഴ്‌ച്ചകൊണ്ട് മരണനിരക്ക് മൂന്നിൽ രണ്ട് കുറഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗവ്യാപനതോതിൽ ഉണ്ടായിരിക്കുന്നത് 40 ശതമാനത്തിന്റെ കുറവും. ഇന്നലെ 2,379 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോൾ കേവലം 20 മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി രണ്ടാഴ്‌ച്ചയാണ് ബ്രിട്ടനിൽ 100 ൽ താഴെ കോവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നത്.
അതിവേഗം പുരോഗമിക്കുന്ന വാക്സിൻ പദ്ധതി ഇതിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ബ്രിട്ടനിലെ പ്രായപൂർത്തിയായവരിൽ 60 ശതമാനം പേർക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. 10 ശതമാനം പേർ രണ്ട് ഡോസും എടുത്തുകഴിഞ്ഞു. വാക്സിനുകൾ ഫലവത്തായി പ്രവർത്തിക്കുന്നു എന്ന് തെളിഞ്ഞതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വേഗത്തിൽ നീക്കാമെന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗമായ ഡോ. മൈക്ക് ടിൽഡെസ്ലി പറഞ്ഞത്. കോവിഡിന്റെ രണ്ടാം വരവ് കൃത്യമായി പ്രവചിച്ച യൂണിവേഴ്സിറ്റി ഓഫ് വാർവിക്ക് സംഘത്തിലെ അംഗം കൂടിയാണ് അദ്ദേഹം.
സ്‌കൂളുകൾ തുറന്നത് രോഗവ്യാപനം വർദ്ധിപ്പിച്ചില്ല എന്നത് സന്തോഷം നൽകുന്ന ഒരു അദ്ഭുതമാണെന്ന് പറഞ്ഞ അദ്ദേഹം, ഇതേ നിലയിൽ കാര്യങ്ങൾ ഏതാനും ആഴ്‌ച്ചകൾ കൂടി മുന്നോട്ടുപോവുകയാണെങ്കിൽ, ബ്രിട്ടൻ കൊറോണയെ കീഴടക്കിയതായി കരുതാമെന്നും ഇളവുകൾ നൽകുന്ന പ്രക്രിയ ഒന്നു കൂടി വേഗത്തിലാക്കാമെന്നും പറഞ്ഞു. ജൂണിൽ ഇളവുകൾ പൂർണ്ണമായും നീക്കം ചെയ്യുമ്പോൾ പ്രതിദിനം 1000 മരണം വരെ ഉണ്ടായേക്കാമെന്ന ശാസ്ത്രോപദേശക സമിതിയുടെ റിപ്പോർട്ട് തള്ളിക്കളഞ്ഞ ഡോ. ടിൽഡെസ്ലി, രോഗവ്യാപനത്തിൽ ഒരു വർദ്ധനവ് ഉണ്ടായേക്കാമെങ്കിലും അത് അത്ര ഭീകരമാകുകയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
എന്നിരുന്നാലും നിയന്ത്രണങ്ങൾ പിൻവലിച്ചതിനു ശേഷവും ഒരു വർഷത്തേക്ക് സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും തുടർന്നുകൊണ്ടുപോകണമെന്ന നിഗമനത്തിലാണ് ശാസ്ത്രോപദേശക സമിതി എത്തിച്ചേർന്നിരിക്കുന്നത്. പലർക്കും രോഗം ബാധിക്കുന്നതിൽ നിന്നും, രോഗം ബാധിച്ചാൽ മരണപ്പെടുന്നതിൽ നിന്നും വാക്സിൻ സംരക്ഷിക്കുമെങ്കിലും, എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയാൻ മാത്രം അത്ര സുരക്ഷിതത്വം വാക്സിനുകൾ നൽകുന്നില്ല എന്നും അവർ പറയുന്നു.
അതേസമയം ശാസ്ത്രോപദേശക സമിതിക്ക് പുറത്തുള്ള വിദഗ്ദർ ഈ നിഗമനത്തോട് വിയോജിക്കുന്നു. വാക്സിൻ എത്രമാത്രം കാര്യക്ഷമമാണെന്ന് പരിശോധിക്കുവാൻ സമിതി ആശ്രയിച്ച രീതിയെ വിമർശിക്കുന്ന അവരിൽ ചിലർ, ഇനി ഒരിക്കലും എൻ എച്ച് എസ്സിന് കോവിഡിന്റെ സമ്മർദ്ദം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുന്നു. സമിതി ഇതിനു മുൻപും അശുഭാപ്തി വിശ്വാസത്തിൽ ഊന്നിയുള്ള അനുമാനങ്ങളിൽ എത്തിയിട്ടുണ്ടെന്നും അതിൽ ഒന്നുപോലും യാഥാർത്ഥ്യമായില്ലെന്നും കിങ്സ് കോളേജ് ലണ്ടനിലെ എപിഡെമയോളജിസ്റ്റ് പ്രൊഫസർ ടിം സ്പെക്റ്റർ ചൂണ്ടിക്കാട്ടുന്നു.
ഈ വിമർശനങ്ങൾക്കിടയിലാണ് ചില സമിതി അംഗങ്ങൾ തന്നെ കൂടുതൽ ശുഭാപ്തിവിശ്വാസമൂറുന്ന പ്രവചനങ്ങളുമായി എത്തുന്നത്. ഇതുതന്നെ ബ്രിട്ടനിലെ കൊറോണയുടെ പ്രഭാവം ഏതാണ്ട് അവസാനിച്ചു എന്നതിന്റെ തെളിവായി കണക്കാക്കാം. എന്നിരുന്നാലും, കൂടുതൽ കരുതലോടെ മുന്നോട്ടു പോകാൻ തന്നെയാണ് ബോറിസ് ജോൺസന്റെ തീരുമാനം. എടുത്തുചാടി ഇളവുകൾ നടപ്പാക്കാതെ ഘട്ടം ഘട്ടമായി മാത്രം മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.