തൃശൂർ: ഫാസ്ടാഗിൽ കുറഞ്ഞ തുക വേണ്ടെന്ന നിബന്ധന ം ചില ബാങ്കുകൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം. ഫാസ്ടാഗ് അക്കൗണ്ടിൽ 194.26 രൂപയുണ്ടായിട്ടും മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ഇന്നലെ ഇരട്ടിത്തുക പണമായി ടോൾ നൽകേണ്ടിവന്നുവെന്ന് ഡോ. ഷിനു ശ്യാമളൻ പരാതിപ്പെട്ടു.

ബാങ്കുകൾ മിനിമം ബാലൻസിന്റെ പേരിൽ ഫാസ്ടാഗ് ഉപഭോക്താക്കളുടെ പണം അനർഹമായി പിടിച്ചുവയ്ക്കുകയാണെന്നു വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ മാസമാണു കേന്ദ്രസർക്കാർ മിനിമം ബാലൻസ് നിബന്ധന നീക്കിയത്. ഫാസ്ടാഗ് നൽകുന്ന ചില ബാങ്കുകൾ ഒരു മാസമായിട്ടും ഈ നിബന്ധന പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. ഫാസ്ടാഗ് പ്രവർത്തനക്ഷമമാണെങ്കിൽ ബാലൻസ് പൂജ്യമാണെങ്കിലും സെക്യൂരിറ്റി തുക ഉണ്ടെങ്കിൽ അതിൽ നിന്നു പണം ഈടാക്കുകയും റീചാർജ് ചെയ്യുമ്പോൾ ഈ തുക ഡെപ്പോസിറ്റിലേക്കു തിരികെ പിടിക്കുകയും ചെയ്യുമെന്നാണ് എൻഎച്ച്എഐ കഴിഞ്ഞ മാസം അറിയിച്ചിരുന്നത്.

ടോൾ പ്ലാസ മറികടക്കാനുള്ളതിൽ കൂടുതൽ പണം ഫാസ്ടാഗ് അക്കൗണ്ടിൽ സൂക്ഷിച്ചിട്ടും ഇരട്ടിത്തുക ഈടാക്കുന്നതിൽ യാത്രക്കാർ ക്ഷുഭിതരാണ്. ഉത്തരവാദിത്തം ഫാസ്ടാഗ് നൽകിയ ബാങ്കുകളുടേതാണെന്നും തങ്ങളുമായി ബന്ധമില്ലെന്നുമാണു ടോൾ പ്ലാസ അധികൃതരുടെ നിലപാട്.