- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷുപൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും; ഭക്തർക്ക് ഞായറാഴ്ചമുതൽ 18 വരെ് ദർശനത്തിന് അനുമതി
പത്തനംതിട്ട: വിഷുപൂജകൾക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. 14-ന് പുലർച്ചെയാണ് വിഷുക്കണി ദർശനം. ഭക്തർക്ക് ഞായറാഴ്ച മുതൽ 18 വരെയാണ് ദർശനത്തിന് അനുമതി. 18-ന് രാത്രി ഹരിവരാസനം പാടി നടയടയ്ക്കും. നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും.
ദിവസവും വെർച്വൽ ക്യൂ വഴി ബുക്കുചെയ്‌തെത്തുന്ന 10,000 പേർക്കാണ് ദർശനാനുമതി. ഞായറാഴ്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ദർശനത്തിനെത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചതായി ബോർഡ് അധികൃതർ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് ദർശനത്തിന് ശേഷം സന്നിധാനത്തെ ദേവസ്വം ഗസ്റ്റ് ഹൗസിൽ അദ്ദേഹം തങ്ങും. തിങ്കളാഴ്ച രാവിലെയും ദർശനം നടത്തിയ ശേഷമാകും മലയിറങ്ങുക.
ഇത്തവണ മുതൽ, രണ്ടുഡോസ് കോവിഡ് വാക്‌സിനെടുത്തവർക്കും ദർശനത്തിന് എത്താമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. രണ്ടുതവണ വാക്‌സിനെടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ. നിർബന്ധമാണ്.
കയറ്റവും ഇറക്കവും സ്വാമി അയ്യപ്പൻ റോഡുവഴി മാത്രമാണ്. മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദൻ റോഡുവഴി സന്നിധാനത്തേക്കുപോകണം. സന്നിധാനത്ത് തങ്ങാൻ അനുവാദമില്ല. സന്നിധാനത്ത് അന്നദാനം ഉണ്ടാകും. ഭസ്മക്കുളത്തിൽ കുളിക്കാനും അനുവദിക്കില്ല. അപ്പം, അരവണ വിതരണത്തിനായി ആഴിക്ക് സമീപം ഏഴ് കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്.
കോവിഡ് പരിശോധന നടത്താതെ വരുന്നവർക്കായി നിലയ്ക്കലിൽ ആർ.ടി.പി.സി.ആർ. പരിശോധന സൗകര്യം ഉണ്ടാകും. നാലുമണിക്കൂറിനുള്ളിൽ ഫലമറിയാം. ീർഥാടകരുമായെത്തുന്ന ചെറിയ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടും. പമ്പയിലെത്തി തീർത്ഥാടകരെ ഇറക്കിയശേഷം വാഹനങ്ങൾ തിരികെ നിലയ്ക്കലിൽ പാർക്കുചെയ്യണം. പമ്പയിൽ കുളിക്കാൻ അനുവാദമില്ല. പകരം മണപ്പുറത്ത് ഷവർബാത്ത് ക്രമീകരിച്ചിട്ടുണ്ട്. ഗണപതി കോവിലിൽ കെട്ടുനിറക്കൽ ഉണ്ട്.
വെർച്വൽക്യൂ ബുക്കിങ്ങ് രേഖകൾ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പൊലീസ് കൗണ്ടറിൽ പരിശോധിക്കും. പമ്പയിൽനിന്ന് 200 രൂപ വാങ്ങി ചൂടുവെള്ളം സ്റ്റീൽകുപ്പിയിൽ നൽകും. ദർശനം കഴിഞ്ഞുമടങ്ങുമ്പോൾ കുപ്പിതിരികെ നൽകി പണം വാങ്ങാം. നടപ്പന്തലിൽ ചൂടുവെള്ളം ക്രമീകരിക്കും. തന്ത്രി, മേൽശാന്തി, മറ്റ് പൂജാരിമാർ എന്നിവരെ കാണാൻ അനുവാദമില്ല