തിരുവനന്തപുരം: ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന വാർത്ത തള്ളി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ രംഗത്ത്. ആത്മഹത്യക്ക് മുന്നിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്നും തന്റെ കുടുംബം തകർന്നെന്ന് വരെ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു. എന്നാൽ രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോടെ എന്റെ മരണം പോലും പ്രതീക്ഷിക്കുന്ന നികൃഷ്ടജീവി അറിയാൻ പറയുകയാണ് നിങ്ങൾ പരാജയപ്പെടുകയേ ഉള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 40 വർഷത്തെ വ്യത്യസ്തമായ അനുഭവങ്ങളിൽ നിന്നും നല്ലതും ചീത്തയുമായ അനുഭവങ്ങളുടെ മൂശയിൽ വാർത്തെടുത്ത വ്യക്തിത്വമാണ്. ഇത്തരം പ്രചരണങ്ങളുടെ മുന്നിൽ തലകുനിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. ഇതെല്ലാം ശുദ്ധ അസംബന്ധമാണ്. ഏത് അന്വേഷണ ഏജൻസികൾക്കു മുന്നിലും ഹാജരാകുമെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. രക്തദാഹികൾ നടത്തുന്ന കുപ്രചാരണങ്ങൾക്കു മുന്നിൽ തല കുനിക്കില്ലെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു.

ക്രൈം നന്ദകുമാറാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന തരത്തിൽ വീഡിയോയുമായി രംഗത്ത് എത്തിയത്. സ്വപ്‌നയുമായുള്ള ബന്ധം പുറത്ത് വന്നതോടെ ഭാര്യയും മക്കളുമായി കലഹം ഉണ്ടാവുകയും മരണത്തിലേക്കുള്ള പാത തിരഞ്ഞൈടുത്തു എന്നുമാണ് ക്രൈം നന്ദകുമാർ പുറത്ത് വിട്ടത്. ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കസ്റ്റംസ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ പേടിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് ക്രൈം നന്ദകുമാർ പുറത്ത് വിട്ട വീഡിയോയിൽ പറയുന്നത്.

സ്വപ്‌നയുമായുള്ള ബന്ധം അതിഭീകരമായ പ്രശ്‌നം വീട്ടിൽ സൃഷ്ടിച്ചെന്നും നന്ദകുമാർ വീഡിയോയിൽ പറയുന്നു. ഇതിനെതിരെയാണ് ഫേസ്‌ബുക്കിൽ മറ്റൊരു വീഡിയോയുമായി പി ശ്രീരാമകൃഷ്ണൻ രംഗത്ത് വന്നത്.