- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതദേഹം കണ്ടെത്തിയത് വസ്ത്രങ്ങൾ കടിച്ചു പിടിച്ച നിലയിൽ; ശരീരത്തിലുണ്ടായിരുന്ന നാല് പവനോളം സ്വർണം കാണാനില്ല: ദുരൂഹസാഹര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മയുടേതുകൊലപാതകം: വായിൽ തുണി തിരുകിയശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ട്
കട്ടപ്പന: കൊച്ചുതോവാളയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മയെുടേതുകൊലപാതകമെന്നു പൊലീസ്. കൊച്ചുപുരയ്ക്കൽ താഴത്ത് കെ.പി.ജോർജിന്റെ ഭാര്യ ചിന്നമ്മ(63)യുടെ മരണം ആണ് കൊലപാതകമെന്ന് തെളിഞ്ഞത്. ചിന്നമ്മയുടെ മരണം ശ്വാസംമുട്ടിയാണെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായത്. വായിൽ തുണി തിരുകിയശേഷം കഴുത്തു ഞെരിച്ചായിരുന്നു കൊലപാതകമെന്നാണ് റിപ്പോർട്ട്. തലച്ചോറിൽ രക്തസ്രാവം ഉണ്ടായി.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് ചിന്നമ്മയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. ഭർത്താവിനെ അടക്കം ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും കാണാതായിട്ടുണ്ട്. ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചശേഷമാണ്, ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങൾ കാണാതായതായി ശ്രദ്ധയിൽപെട്ടത്. മാല, വള, മോതിരം എന്നിവ ഉൾപ്പെടെ 4 പവനോളം സ്വർണാഭരണങ്ങളാണു കാണാതായത്. എന്നാൽ കമ്മൽ നഷ്ടപ്പെട്ടിരുന്നില്ല.
വീടിന്റെ അടുക്കള ഭാഗത്തെ കതക് പുറത്തുനിന്നു പൂട്ടിയിരുന്നതും കൊലപാതക സാധ്യതയിലേക്കു വിരൽ ചൂണ്ടിയിരുന്നു. എന്നാൽ മൽപിടിത്തം നടന്നതിന്റെ ലക്ഷണങ്ങളോ ശരീരത്തിൽ കാര്യമായ മുറിവുകളോ ഉണ്ടായിരുന്നില്ല. ചിന്നമ്മയുടെ സ്വർണാഭരണങ്ങൾ കാണാനില്ലെന്ന ഭർത്താവ് ജോർജിന്റെ മൊഴിയാണ് കേസിൽ ദുരൂഹത വർധിപ്പിക്കുന്നത്. അതേസമയം ജോർജ് കിടന്ന മുറിയിൽ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വർണാഭരണങ്ങളും ഒരു ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടിട്ടില്ലെന്നു പൊലീസ് കണ്ടെത്തി.
കട്ടിലിൽ നിന്നു വീണുകിടന്ന ചിന്നമ്മ ചില വസ്ത്രങ്ങൾ കടിച്ചുപിടിച്ചിരുന്നു. കിടപ്പുമുറിയിലെ തറയിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ചിന്നമ്മയുടെ മൃതദേഹം. ചിന്നമ്മ താഴത്തെ നിലയിലും ജോർജ് മുകളിലെ നിലയിലുമായിരുന്നു ഉറങ്ങാൻ കിടന്നത്. രാവിലെ ഉറക്കമുണർന്ന് താഴെയെത്തിയപ്പോൾ ചിന്നമ്മ മരിച്ചുകിടക്കുകയായിരുന്നുവെന്നാണ് ജോർജിന്റെ മൊഴി.
മോഷണശ്രമത്തിനിടെ ചിന്നമ്മയെ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസിനു സംശയമുണ്ടെങ്കിലും ഇതിനാവശ്യമായ തെളിവുകൾ ഫൊറൻസിക് പരിശോധനയിലടക്കം ലഭിച്ചിട്ടില്ല. ജോർജിനെ ഉൾപ്പെടെ വിശദമായി ചോദ്യം ചെയ്ത ശേഷമേ കേസിനെ സംബന്ധിച്ച അന്തിമ സ്ഥിരീകരണത്തിലേക്ക് പൊലീസിന് എത്താൻ കഴിയുകയുള്ളൂ. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. ശാസ്ത്രീയ തെളിവുശേഖരണത്തിലൂടെ പ്രതിയെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഡിവൈഎസ്‌പി ജെ.സന്തോഷ്‌കുമാർ, എസ്എച്ച്ഒ ബി.ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം ചിന്നമ്മയുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 9ന് വീട്ടിൽ എത്തിച്ച ശേഷം 12ന് കട്ടപ്പന സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ സംസ്‌കരിക്കും.
മറുനാടന് മലയാളി ബ്യൂറോ