കൊച്ചി: ആലുവ യുസി കോളജിലെ അസോഷ്യേറ്റ് പ്രഫസർ ഡോ.താര കെ. സൈമണിന്റെ പ്രിൻസിപ്പൽ നിയമനത്തിന് അംഗീകാരം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഒരു മാസത്തിനകം അംഗീകാരം നൽകി എംജി സർവകലാശാല ഉത്തരവിറക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. നിയമന തീയതിയായ 2018 ഏപ്രിൽ 1 മുതൽ അംഗീകാരവും നൽകണം.

ഡോ. താര നൽകിയ അപ്പീൽ അനുവദിച്ചാണു ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

ഡോ.താരയുടെ നിയമനത്തിന് എംജി സർവകലാശാല അംഗീകാരം നിഷേധിച്ചതിനെതിരെ നേരത്തേ ഹർജി നൽകിയപ്പോൾ ഈ വിഷയം പുനഃപരിശോധിക്കാൻ കോടതി നിർദേശിച്ചിരുന്നു. പുനഃപരിശോധിച്ച ശേഷവും സർവകലാശാല അംഗീകാരം നിഷേധിച്ചു. തുടർന്നു മാനേജ്‌മെന്റ് പകരം ആളെ നിയമിച്ചു. പുനഃപരിശോധിച്ച ശേഷവും നിയമന അംഗീകാരം നിഷേധിച്ചതിനെതിരെ ഡോ.താര വീണ്ടും കോടതിയിലെത്തി.

സിംഗിൾ ജഡ്ജി അതിൽ ഇടപെടാതെ ഹർജി തള്ളിയതു ചോദ്യം ചെയ്താണ് അപ്പീൽ. യുജിസി നിഷ്‌കർഷിക്കുന്ന എപിഐ (അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റർ) സ്‌കോർ 400 ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണു സർവകലാശാല അംഗീകാരം നിഷേധിച്ചത്. എന്നാൽ തനിക്ക് കിട്ടേണ്ട സ്‌കോർ 2000ൽ കൂടുതൽ വരുമെന്നു ഡോ.താര അവകാശപ്പെട്ടു.

വിവിധയിനങ്ങളിൽ ഡോ.താരയ്ക്കു കിട്ടേണ്ട സ്‌കോർ സർവകലാശാല കണക്കിലെടുത്തില്ലെന്നു കോടതി വിലയിരുത്തി. കാറ്റഗറി 2ലെ 45ഉം കാറ്റഗറി3 ലെ 475ഉം ചേർത്തുള്ള സ്‌കോർ പ്രിൻസിപ്പൽ നിയമനത്തിനു പര്യാപ്തമാണ്. അംഗീകാരം നിഷേധിച്ച സർവകലാശാലയുടെ നടപടിയും സിംഗിൾ ജഡ്ജിയുടെ ഉത്തരവും റദ്ദാക്കുന്നതായി കോടതി വ്യക്തമാക്കി.