രാമനാട്ടുകര: പേരക്കുട്ടി പിറന്നതിന്റെ സന്തോഷത്തിലായിരുന്നു വ്യാഴാഴ്ച വൈകിട്ടു വരെ സെലിനും കുടുംബവും. പെട്ടെന്നാണ് ഇടിവെട്ടേറ്റതു പോലെ ആ ദുരന്ത വാർത്ത ആ കുടുംബത്തെ തളർത്തി കളഞ്ഞത്. ആശുപത്രിയിൽ പ്രസവിച്ചുകിടക്കുന്ന മകളെയും കൊച്ചുമകളെയും ശുശ്രൂഷി്കകുന്നതിന്റെ സന്തോഷത്തിനിടയിലാണ് സെലിൻ വി. പീറ്ററിനെ വിധി തട്ടിയെടുത്തത്. കുഞ്ഞിനെ കണ്ട് കൊതി തീർ്‌നനില്ലെങ്കിലും മകൾക്ക് കുടിക്കാൻ കഞ്ഞിയുണ്ടാക്കാനാണ് സെലിൻ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോയത്. എന്നാൽ അത്യാവശ്യ സാധനങ്ങളുമായി വീട്ടിൽ നിന്നും തിരികെ ആശുപത്രിയിലേക്ക് വരും വഴി മരണം സെലിനെ തട്ടി എടുക്കുക ആയിരുന്നു.

സെലിൻ ഓടിച്ച കാർ ബൈപ്പാസിൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വൈകാതെ തന്നെ മരണവും സംഭവിച്ചു. മൂന്നുദിവസം മുമ്പാണ് സെലിന്റെ ഏകമകൾ ഡോ. അനീഷ്യ സെലസ് ഒരു പെൺകുട്ടിക്ക് ജന്മം നൽകിയത്. ഇതിന്റെ സന്തോഷത്തിലായിരുന്നു ആ കുടുംബം. എന്നാൽ അധികം വൈകാതെ തന്നെ ആ സന്തോഷം എല്ലാം കെടുത്തിക്കൊണ്ട് മരണം വിരുന്നെത്തുക ആയിരുന്നു.

മകൾ പ്രസവിച്ചതിന് ശേഷം എപ്പോഴും ആശുപത്രിയിൽ തന്നെയായിരുന്നു സെലിൻ. പേരക്കുട്ടിയേയും മകളെയും ശുശ്രൂഷിച്ച് ആശുപത്രിയിൽ കഴിയവെ ആശുപത്രിയിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങളെടുക്കാനായാണ് വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് ആശുപത്രിയിൽനിന്നും രാമനാട്ടുകരയിലുള്ള' വീട്ടിലേക്ക് ഇറങ്ങിയത്. മകൾക്ക് കുടിക്കാനായി കഞ്ഞിയും ഉപ്പേരിയും ഫ്‌ളാസ്‌കിൽ ചൂടുവെള്ളവും തുണിത്തരങ്ങളുമെടുത്താണ് സെലിൻ ആശുപത്രിയിലെക്ക് തിരികെ കാറോടിച്ചു പോയത്. പക്ഷേ, മകളെയും കൊച്ചുമകളെയും ഒരിക്കൽക്കൂടി കാണാൻ സെലിന് ആയുസ്സുണ്ടായില്ല.

വീട്ടിലേക്ക് വരുമ്പോൾ സഹായത്തിന് നിൽക്കുന്ന ഷിജിയെയും ഒപ്പം കൂട്ടി. അതുവരെ വയനാട്ടിലായിരുന്ന ഷിജി രാമനാട്ടുകരയിലെ വീട്ടിൽ ആദ്യമായാണെത്തിയത്. കാറിൽ നിന്നിറങ്ങിയ ഉടനെ മുറ്റത്ത് നിറയെയുള്ള ചെടികളോരൊന്നും കാണിച്ച് ഇതൊക്കെ ഞാൻ നട്ടു വളർത്തിയതാണെന്ന് അൽപ്പം അഭിമാനത്തോടെ സെലിൻ പറഞ്ഞതോർത്ത് ഷിജി കണ്ണുതുടയ്ക്കുന്നു. പിന്നീട് വീടും പരിസരവുമെല്ലാം ചുറ്റി നടന്ന് കാണിച്ചു. അതിനിടെ വീട്ടിലെ വളർത്തുനായ ജൂഡോയെയും പരിചയപ്പെടുത്തി. മുറ്റത്ത് പന്തലിച്ച് നിന്ന മാവിലെ മാങ്ങയെടുത്ത് കഴിച്ചു. ഒടുവിൽ താനുണ്ടാക്കിക്കൊടുത്ത ചായയും കുടിച്ചാണ് ഇറങ്ങിയത്. അത് തിരിച്ചുവരാത്ത യാത്രയാണെന്ന് അപ്പോഴും കരുതിയില്ലെന്നും ഷിജി പറയുന്നു.

അമ്മയുടെ ചലനമറ്റ ശരീരം മകളെ അവസാനമായി ഒന്ന് കാണിക്കാനായി സ്റ്റാർ കെയർ ആശുപത്രിയിലെക്ക് രാവിലെ എത്തിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടെ രാമനാട്ടുകരയിലെ വീട്ടിൽ പൊതുദർശനത്തിനുവെച്ചു.

സെലിന്റെ സഹോദരൻ ചീഫ് സെക്രട്ടറി വി.പി. ജോയി, കോഴിക്കോട് കളക്ടർ എസ്. സാംബശിവറാവു, മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ, നാട്ടുകാർ എന്നിവർ അന്ത്യോപചാരമർപ്പിക്കാനായെത്തി. ഉച്ചയ്ക്ക് 12.15-ന് മൃതദേഹം വയനാട് മേപ്പാടി ഉപ്പുപാറയിലെ വസതിയിലേക്ക് കൊണ്ടുപോയി.