കണ്ണൂർ: റോമിൽ മലയാളി സിസ്റ്റർമാരുടെ പേരിൽ റോഡ്. ജീവൻ പണയപ്പെടുത്തിയും കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ കഠിനപരിശ്രമം നടത്തിയ വനിതാ നഴ്‌സുമാർക്ക് ഇറ്റലി ആദരമർപ്പിച്ചപ്പോഴാണ് മലയാളി കന്യാസ്ത്രികളെയും രാജ്യം ആദരിച്ചത്. റോമിന് സമീപമുള്ള സാക്രോഭാനോ മുനിസിപ്പാലിറ്റി ഇവരോടുള്ള ആദരം അറിയിച്ചത്. സെന്റ് കമില്ലസ് സഭാംഗങ്ങളായ സിസ്റ്റർ തെരേസ വെട്ടത്ത്, സിസ്റ്റർ ഡെയ്സി അണ്ണാത്തുകുഴിയിൽ എന്നിവരാണ് ആ അസാധാരണ ആദരത്തിന് അർഹയായ മലയാളികൾ.

'വീങ്കോളൊ സുർ തെരേസ വെട്ടത്ത്' അതായത് സിസ്റ്റർ തെരേസ വെട്ടത്ത് റോഡ് എന്ന് റോമിലെ മദർ ജോസ്ഫീൻ വനീനി ആശുപത്രി സർജറി ഹെഡ് ഓഫീസിനുമുന്നിലെ റോഡിലെ ഫലകത്തിൽ ഇങ്ങനെ ആലേഖനംചെയ്തിരിക്കുന്നു.

ഇത് മലയാളിയായ സിസ്റ്റർ തെരേസയ്ക്കുള്ള ബഹുമതിയായാണ്. കൂടുതൽ കോവിഡ് രോഗികളെ ചികിത്സിച്ചതിനാണ് വനിതാദിനത്തിൽ റോമാനഗരം അവരെ ആദരിച്ചത്. റോമാനഗരത്തിനു സമീപമുള്ള സാക്രോഭാനോ എന്ന മുനിസിപ്പാലിറ്റിയാണ് സിസ്റ്റർ തെരേസ ഉൾപ്പെടെയുള്ള വനിതാ നഴ്‌സുമാരുടെ പേരുകൾ റോഡിനുനൽകിയത്. ആശുപത്രി കോവിഡ് കേന്ദ്രമാക്കി മാറ്റിയപ്പോൾ അതിന്റെ താത്കാലിക ചുമതല സിസ്റ്റർ തെരേസയ്ക്കായിരുന്നു.

സിസ്റ്റർ തെരേസ ഉൾപ്പെടെയുള്ള എട്ട് വനിതാനഴ്‌സുമാരെ മുനിസിപ്പാലിറ്റി ആദരിച്ചു. ഇറ്റലിയിൽനിന്നും നൈജീരിയയിൽനിന്നുമുള്ള രണ്ടുകന്യാസ്ത്രീകൾകൂടി ആദരം ലഭിച്ചവരിലുണ്ട്. കൊട്ടിയൂർ നെല്ലിയോടി സ്വദേശിയായ സിസ്റ്റർ തെരേസ 30 വർഷമായി ഇറ്റലിയിൽ നഴ്‌സായി സേവനംചെയ്യുകയാണ്. വെട്ടത്ത് പരേതനായ മത്തായിയുടെയും മേരിയുടെയും ഏഴുമക്കളിൽ മൂന്നാമത്തെയാളാണ്. സെയ്ന്റ് കമില്ലസ് സഭാംഗമാണ്.

കമില്ലസ് സന്യാസിനീ സമൂഹത്തിന്റെ തന്നെ 'മാദ്രെ ജൂസെപ്പീന വന്നീനി ആശുപത്രി'യിൽ രണ്ട് പതിറ്റാണ്ടായി സേവനം ചെയ്യുകയാണ് ഇരുവരും. കോവിഡ് അടിയന്തര വാർഡിന്റെ കോർഡിനേറ്ററാണ് സിസ്റ്റർ ഡെയ്സി. സിസ്റ്റർ തെരേസ് എമർജൻസി റൂം കോർഡിനേറ്ററും.

ഇവരെ കൂടാതെ, ഇതേ ആശുപത്രിയിൽ ശുശ്രൂഷ ചെയ്യുന്ന ബുർക്കീനാഫാസോ സ്വദേശിയായ സിസ്റ്റർ സബീനയും ആദരവിന് അർഹയായിട്ടുണ്ട്. മാനന്തവാടി രൂപതയിലെ നെല്ലിയോടി ഇടവകാംഗമാണ് സിസ്റ്റർ തെരേസ. കണ്ണൂർ ചുങ്കക്കുന്ന് സ്വദേശിനിയാണ് സിസ്റ്റർ ഡെയ്സി. ലോക വനിതാ ദിനത്തോട് അനുബന്ധിച്ചായിരുന്നു മേയറുടെ നേതൃത്വത്തിൽ ഇവരെ ആദരിച്ചത്.