- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൽ കൃഷ്ണ പോയത് എങ്ങോട്ട്? പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥിയെ കാണാതായിട്ട് ഇരുപത്തിനാലു ദിവസം; അമൽ നാടുവിട്ടത് ബാങ്ക് അക്കൗണ്ടിൽ നിന്നുംപണം എടുത്ത് ഓൺലൈൻ ഗെയിം കളിച്ചതിന് രക്ഷിതാക്കൾ വഴക്കു പറയുമെന്ന് പേടിച്ചോ
തൃശൂർ: പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥിയെ കാണാതായിട്ട് ഇരുപത്തി നാല് ദിവസം പിന്നിടുന്നു. ചറ്റുവ സ്വദേശികളായ സനോജ്, ശിൽപ ദമ്പതികളുടെ മൂത്ത മകൻ അമൽ കൃഷ്ണയെ ആണ് കാണാതായത്. പഠിക്കാൻ മിടുമിടുക്കൻ ആയിരുന്ന അമൽ അമ്മയ്‌ക്കൊപ്പം ബാങ്കിൽ പോയതായിരുന്നു. അമ്മ, ബാങ്കിനകത്ത് പോയി പുറത്തുവന്നപ്പോൾ മകനെ കാണാനില്ല.അന്വേഷണം 24 ദിവസം പിന്നിടുമ്പോഴും അമൽ എവിടെ എന്ന് ഇനിയും പൊലീസിന് കണ്ടെത്താനായിട്ടില്ല.
ബാങ്ക് അക്കൗണ്ടിൽ നിന്നുംപണം എടുത്ത് ഓൺലൈൻ ഗെയിം കളിച്ചതിന് വഴക്കു പറയുമോ എന്ന് പേടിച്ചാവാം നാടുവിട്ടതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. അല്ലാതെ വീട്ടിൽ യാതൊരു പ്രശ്‌നവും അമലിന് ഉണ്ടായിരുന്നില്ല. അമ്മ ബാങ്കിൽ പോയപ്പോൾ ഒപ്പം കൂട്ടിയ അമലിനെ പുറത്ത് നിർത്തിയ ശേഷമാണ് അമ്മ ബാങ്കിന് അകത്തേക്ക് പോയത്. പാസ് ബുക്ക് പതിച്ച ശേഷം അമ്മ മടങ്ങി വന്നപ്പോഴാണ് മകനെ കാണാതായത്. പരിസരത്താകെ തിരഞ്ഞിട്ടും കാണാതായപ്പോൾ പൊലീസിനെ വിവരമറിയിച്ചു. അവസാനം, സിസിടിവിയിൽ പതിഞ്ഞത് തൃപ്രയാറിലായിരുന്നു. പിന്നെ, ഫോൺ ഓൺ ചെയ്തിട്ടില്ല. ഒരു മാസത്തെ കോൾ വിവരങ്ങൾ എടുത്തെങ്കിലും അന്വേഷണത്തിൽ പുരോഗതിയില്ല.
സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്ന അമലിന് ലഭിച്ചിരുന്ന സ്‌കോഷർഷിപ്പ് തുകകൾ എല്ലാം ഈ അക്കൗണ്ടിലാണ് വന്നിരുന്നത്. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയപ്പോൾ പലയിടത്തു നിന്നായി കിട്ടിയ കാഷ് അവാർഡുകളും ഈ അക്കൗണ്ടിലായിരുന്നു. ബാങ്ക് അക്കൗണ്ടിൽ നിന്നും പതിനായിരം രൂപയോളം പേടിഎം വഴി രണ്ട് അക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ട്. ഓൺലൈൻ ഗെയിം കളിക്കാനായിരുന്നു ഈ തുക ഉപയോഗിച്ചതെന്ന് സൂചനയുണ്ട്. ഈ തുക നഷ്ടപ്പെട്ട വിവരം അറിഞ്ഞാൽ രക്ഷിതാക്കൾ വഴക്ക് പറയുമോയെന്ന പേടികൊണ്ടാവാം നാടുവിട്ടതെന്നാണ് പൊലീസും സംശയിക്കുന്നത്.
വീട്ടുമുറ്റത്ത് ഊഞ്ഞാലാടുമ്പോഴായിരുന്നു അമ്മ മകനെ ബാങ്കിൽ പോകാൻ കൂടെവിളിച്ചത്. ഇട്ട വേഷത്താലെ അമ്മയോടൊപ്പം പോയി. വീട്ടിലിടുന്ന ചെരിപ്പായിരുന്നു കാലിൽ. ഇൻസ്റ്റഗ്രാമിലും ടെലഗ്രാമിലുമായിരുന്നു സുഹൃത്തുക്കളുമായി അമൽ കൂടുതൽ സംസാരിച്ചിരുന്നത്. അതുക്കൊണ്ടുതന്നെ ഫോൺ കോളുകൾ നിരീക്ഷിച്ച് സുഹൃത്തുക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അമലിന്റെ ലാപ്‌ടോപ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നവമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച് വരികയാണ്. വാടാനപ്പിള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുടുംബം നൽകിയ പരാതിയിൽ റൂറൽ എസ്‌പി ജി.പൂങ്കുഴലിയും നേരിട്ട് അന്വേഷിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ