ർഭിണിയായ മേഗനെ ലോസ് ഏഞ്ചലസിലെ ആഡംബരവസതിയിൽ തനിച്ചാക്കി മുത്തച്ഛന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഹാരി ബ്രിട്ടനിലെത്തി. അതിരാവിലെയുള്ള വിമാനത്തിൽ പുറപ്പെട്ടഹാരി ഉച്ചതിരിഞ്ഞ് 1:15 നാണ് ഹീത്രു വിമാനത്താവളത്തിൽ എത്തിയത്. അവിടെ നിന്നും നേരെ കെൻസിങ്റ്റൺ പാലസിലെക്കാണ് ഹാരി പോയത്. കൊട്ടാരം വിടുന്നതിനു മുൻപ് ഹാരിയുടെ വസതിയായിരുന്നു ഫ്രോഗ്മോർ കോട്ടേജ് യൂജിനി രാജകുമാരിക്കും ഭർത്താവിനും താത്ക്കാലിക മായി നൽകിയതിനാൽ നോട്ടിങ്ഹാം കോട്ടേജിൽ ഹാരി ക്വാറന്റൈനിൽ പ്രവേശിക്കും എന്നാണ് സൂചന.

സാധാരണ വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് 10 ദിവസത്തെ ക്വാറന്റൈൻ ആണെങ്കിലും 5 ദിവസം കഴിഞ്ഞ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ, അർക്കാരിന്റെ ടേസ്റ്റ് റ്റു റിലീസ് നയമനുസരിച്ച് ഹാരിക്ക് ക്വാറന്റൈൻ മതിയാക്കാൻ ആകും. എന്തായാലും ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കാൻ ഹാരിക്ക് കഴിയും. ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് ചില പ്രത്യേക കാരണങ്ങളാൽ ഇളവ് പ്രഖ്യാപിക്കാൻ സർക്കാരിന് അധികാരമുണ്ട്. അതുപ്രകാരമായിരിക്കും ഇത്.

മേഗനും ഹരിയോടൊപ്പം ബ്രിട്ടനിലെത്താൻ ആഗ്രഹിച്ചിരുന്നു എന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഡോക്ടർ അതിനെ എതിർക്കുകയായിരുന്നു. ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരചടങ്ങുകളുമായി ബന്ധപ്പെട്ട്, വിൻഫ്രി അഭിമുഖ പ്രശ്നത്തിൽ ഒരു താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് രാജകുടുംബം. 2020 മാർച്ചിൽ കൊട്ടാരവും രാജപദവികളും ഉപേക്ഷിച്ച് കാനഡയിലേക്കും പിന്നീട് അമേരിക്കയിലേക്കും പോയതിനുശേഷമുള്ള ഹാരിയുടെ അദ്യ വരവാണത്. മാത്രമല്ല, വിവാദ അഭിമുഖത്തിനു ശേഷം സഹോദരൻ വില്യമുമായി കണ്ടുമുട്ടാനുള്ള ആദ്യ അവസരവും.

ഏപ്രിൽ 17 ന് ഉച്ചതിരിഞ്ഞായിരിക്കും ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുക. അതിനു മുന്നോടിയായി ഉച്ചതിരിഞ്ഞ് 3 മണിക്ക് രാജ്യം ഒരു മിനിറ്റ് മൗനം ആചരിക്കും. പ്രത്യേക രീതിയിൽ രൂപകല്പന ചെയ്ത ലാൻഡ് റോവറിലായിരിക്കും രാജകുമാരന്റെ ഭൗതികശരീരം വിലാപയാത്രയായി കൊണ്ടുപോവുക. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 30 പേർ മാത്രമായിരിക്കും ചടങ്ങുകളിൽ പങ്കെടുക്കുക. അദ്ദേഹത്തിന്റെ മക്കളു, കൊച്ചുമക്കളും അടുത്ത ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുകുക.

മൃതദേഹം വഹിക്കുന്ന വാഹനത്തിനു തൊട്ടുപിന്നിലായി വില്യമിനോട് തോളോടുതോൾ ചേർന്നായിരിക്കും ഹാരി നടക്കുക. സൈനിക പദവികളും എടുത്തുകളഞ്ഞതിനാൽ, സൈനിക് യൂണിഫോം ധരിച്ചായിരിക്കില്ല ഹാരി ചടങ്ങുകളിൽ പങ്കെടുക്കുക.സഹോദരൻ വില്യമുമായി ഏറെ അകന്നിരിക്കുന്ന ഹാരിക്ക് പഴയ ബന്ധം ഊട്ടിയുറപ്പിക്കുവാനുള്ള ഒരു അവസരമാണ് ഇതെന്നാണ് കൊട്ടാരം വൃത്തങ്ങളും അഭ്യൂദയകാംക്ഷികളും പറയുന്നത്. വിവാദ അഭിമുഖത്തിനു ശേഷം ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ എന്താണ് സംസാരിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.