- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
1730 പുതിയ രോഗികളും വെറും ഏഴു മരണവുമായി ബ്രിട്ടീഷ് കോവിഡ് ചരിത്രത്തിൽ പ്രതീക്ഷയുടെ ദിനങ്ങൾ തുടരുന്നു; പത്തിലോളം സ്ഥലങ്ങളിൽ ഒരു കോവിഡ് രോഗിപോലും ഇല്ലെന്ന് കണക്ക്

എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകും എന്ന വിശ്വാസം ഊട്ടിയുറപ്പിച്ചുകൊണ്ട് ബ്രിട്ടനിൽ രോഗ്യവ്യാപനത്തിലും കോവിഡ് മരണനിരക്കിലും കുത്തനെ ഇടിവ് ദൃശ്യമായി. ഇന്നലെ 1,730 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോൾ കോവിഡ് മൂലം മരനമടഞ്ഞത് വെറും ഏഴുപേർ മാത്രമെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്‌ച്ചയിലേതുമായി തട്ടിച്ചു നോക്കുമ്പോൾ രോഗവ്യാപനതോതിൽ 25 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രാബല്യത്തിൽ വരാൻ ഇരിക്കെ ഇത് തികച്ചും ആശാവഹമായ കാര്യമാണ്.
അതേസമയം, രോഗവ്യാപനതോതിലും മരണനിരക്കിലും വരുന്ന കുറവ്, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എത്രയും പെട്ടെന്ന് നീക്കാൻ ബോറിസ് ജോൺസന്റെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയാണ്. ഇന്നു മുതൽ പബ്ബുകളും റെസ്റ്റോറന്റുകളും പരിമിതമായാണെങ്കിലും തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്. ഇൻഡോർ ഇടങ്ങളിൽ സേവനം ലഭ്യമാക്കുവാൻ അവർക്ക് അനുമതിയില്ല. എന്നാൽ, ഔട്ട്ഡോർ ഇടങ്ങളിൽ ഭക്ഷണവും മദ്യവും വിളമ്പാം. അതോടൊപ്പം തന്നെ അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന ചില്ലറവില്പന കേന്ദ്രങ്ങളും, ജിമ്മുകൾ, ഔട്ട്ഡോർ സ്വിമ്മിങ് പൂളുകൾ എന്നിവയും തുറന്ന് പ്രവർത്തനം ആരംഭിക്കും.
ഇതോടൊപ്പം വരുന്ന മറ്റൊരു ആശ്വാസദായകമായ റിപ്പോർട്ട്, നിലവിൽ ഇംഗ്ലണ്ടിലെ 50 ശതമാനം പേരും ജീവിക്കുന്നത് തീർത്തും കോവിഡ് മുക്തമായ ഇടങ്ങളിലാണ് എന്നതാണ്. ഏകദേശം 34.5 ശതമാനം ആളുകൾ താമസിക്കുന്ന 4,307 ഇടങ്ങളിൽ കോവിഡ് കേസുകൾ ഇല്ലെന്നു തന്നെ പറയാം. കഴിഞ്ഞ ഒരു മാസമായി അവിടങ്ങളിലെ കോവിഡ് വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിക്കുന്നില്ല. ഒന്നോ രണ്ടോ പേർ മാത്രമാണ് ഇതിൽ ചിലയിടങ്ങളിലെങ്കിലും രോഗികളായി ഉള്ളത്.
ഡെവോൺ, കോൺവെൽ തുടങ്ങിയ ഇടങ്ങളിൽ ഏപ്രിൽ 4 ന് അവസാനിക്കുന്ന വാരത്തിൽ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, ഏകദേശം 8.2 മില്ല്യൺ ജനങ്ങൾ അധിവസിക്കുന്ന 1,091 സ്ഥലങ്ങളിലെ വിവരങ്ങൾ ഫെബ്രുവരി മുതൽ തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ചുരുക്കി പറഞ്ഞാൽ, രണ്ടാം വരവിന്റെ മൂർദ്ധന്യഘട്ടമായ ജനുവരിയിൽ പ്രതിവാരം 3,80,000 പുതിയ രോഗികൾ ഉണ്ടായിരുന്ന സാഹചര്യം മാറി ഇപ്പോൾ പ്രതിവാരം 20,000 പുതിയ രോഗികൾ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. ആ സമയത്ത് വെറും ആറ് സ്ഥലങ്ങളിൽ മാത്രമായിരുന്നു റിപ്പോർട്ട് ചെയ്യപ്പെടത്തക്ക രോഗവ്യാപനം ഇല്ലാതെയിരുന്നത്.
നിലവിൽ തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ 83.3 ശതമാനം സ്ഥലങ്ങൾ തികച്ചും കോവിഡ് മുക്തമായിക്കഴിഞ്ഞിരിക്കുന്നു. അതുപോലെ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിനെറ്റെ 76,8 ശതമാനം സ്ഥലങ്ങളിൽ നിന്നും കിഴക്കൻ ഇംഗ്ലണ്ടിന്റെ 74.5 ശതമാനം സ്ഥലങ്ങളിൽ നിന്നും ഇപ്പോൾ ഒരു പുതിയ കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. എന്നാൽ, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്ഥിതി ഇതല്ല. യോർക്ക്ഷയർ, ഹമ്പർ തുടങ്ങിയവയുടെ 65 ശതമാനം സ്ഥലങ്ങളിലും വളരെ ഉയർന്ന നിരക്കിലുള്ള രോഗവ്യാപനമുണ്ട്.
അതേസമയം വാക്സിൻ പദ്ധതി അതിവേഗം ബഹുദൂരം മുന്നോട്ട് പോവുകയാണ്. നോർത്തേൺ അയർലൻഡിൽ വാക്സിൻ ലഭിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. ഇതിൽ 8 , 13, 468 പേർക്ക് വാക്സിന്റെ ആദ്യഡോസ് ലഭിച്ചപ്പോൾ 1,89,697 പേർക്ക് രണ്ടാം ഡോസും ലഭിച്ചുകഴിഞ്ഞിരിക്കുന്നു. വാക്സിനെതിരെ പ്രചരിപ്പിക്കുന്ന അസത്യങ്ങളിൽ വിശ്വസിക്കാതെ വാക്സിൻ സ്വീകരിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് ശാസ്ത്രലോകം ആവശ്യപ്പെട്ടു. അതേസമയം ജോൺസൺ & ജോൺസൺ കമ്പനിയുടെ വാക്സിനും ബ്രിട്ടൻ ഓർഡർ നൽകിക്കഴിഞ്ഞു. ബ്രിട്ടനിൽ ഉപയോഗത്തിനായി ഈ വാക്സിന് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും 30 മില്ല്യൺ ഡോസുകളാണ് സർക്കാർ ഓർഡർ ചെയ്തിരിക്കുന്നത്.
അതിനിടയിൽ ദക്ഷിണാഫ്രിക്കൻ ഇനത്തിന് ഫൈസറിന്റെ വാക്സിനെതിരെ ഭാഗികമായെങ്കിലും പ്രതിരോധ ശേഷിയുണ്ടെന്ന് തെളിയിക്കുന്ന ഒരു പഠന റിപ്പോർട്ട് പുറത്തുവന്നു. ഫൈസർ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസത്തിനു ശേഷം രോഗബാധിതരായ 400 പേരിൽ നടത്തിയ പഠനമാണ് ഇക്കാര്യം തെളിയിച്ചത്. ഫൈസർ വാക്സിൻ സ്വീകരിച്ചവരിൽ മറ്റുള്ളവരിലേതിനേക്കാൾ എട്ടിരട്ടി കൂടുതൽ സാന്നിധ്യമാണ് വറസിനുണ്ടായിരുന്നത്. ഫൈസർ ഉൾപ്പടെ നിലവിലുള്ള ഒരു വാക്സിൻ കൊണ്ടും ദക്ഷിണാഫ്രിക്കൻ ഇനത്തെ തടയാൻ ആവില്ലെന്നാണ് ഈ പഠനം നടത്തിയ ടെൽ അവീവ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നത്.

