- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ നിയന്ത്രണം വിട്ടു തല കീഴായി മറിഞ്ഞത് കോവിഡ് പോസിറ്റീവാണെന്ന സന്ദേശം അറഞ്ഞതോടെ; കാറിൽ നിന്നു യുവതി സ്വയം പുറത്തിറങ്ങിയെങ്കിലും രക്ഷാപ്രവർത്തനത്തിന് തയ്യാറാവാതെ നാട്ടുകാരും 108 ആമ്പുലൻസും: ഒന്നര മണിക്കൂർ റോഡിൽ കഴിഞ്ഞ യുവതിയെ വീട്ടിലെത്തിച്ചത് ബന്ധുവായ യുവതി കാറുമായി എത്തി
കടയ്ക്കൽ: കാർ ഓടിക്കവേ കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞ യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ടു തല കീഴായി മറിഞ്ഞു. വൈദ്യുതത്തൂണിലിടിച്ചു മറിഞ്ഞ കാർ പൂർണമായും തകർന്നു. യുവതി കോവിഡ് പോസിറ്റീവ് ആണെന്ന് മനസ്സിലാക്കിയതോചെ പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാരും ആംബുലൻസുകളും തയ്യാറായില്ല, ഇതോടെ മുഖത്തേറ്റ പരുക്കുകളുമായി യുവതിക്ക് നടുറോഡിൽ കഴിയേണ്ടി വന്നത് ഒന്നര മണിക്കൂർ.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കോവിഡ് പരിശോധനയ്ക്കു ശേഷം അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയിൽ പോയി മടങ്ങുമ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിച്ച് ഫോൺകോൾ എത്തുന്നത്. ഉടൻ പരിഭ്രാന്തിയിലായ നാൽപ്പതുകാരിക്ക് കാറിന്റെ നിയന്ത്രണം നഷ്ടമാവുകയും കാർ വൈദ്യുതി തൂണിൽ ഇടിച്ചു തല കീഴായി മറിയുകയും ആയിരുന്നു. യുവതിയുടെ മുഖത്തു നിസ്സാര പരുക്കേറ്റു.
കാറിൽ നിന്നു യുവതി സ്വയം പുറത്തിറങ്ങിയെങ്കിലും, കോവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയിലോ വീട്ടിലോ എത്തിക്കാൻ 108 ആംബുലൻസ് സർവീസ് ഉൾപ്പെടെയുള്ളവർ തയാറായില്ല. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന പിപിഇ കിറ്റ് നൽകി യുവതിയെ വഴിയരികിൽ ഇരുത്തിയെങ്കിലും കോവിഡ് രോഗിയെ കൊണ്ടുപോകാൻ ഫയർ ആംബുലൻസ് ഉപയോഗിക്കാൻ വ്യവസ്ഥ ഇല്ലെന്നു പറഞ്ഞു പിന്മാറി.
പതിനൊന്നും എട്ടും വയസ്സുള്ള മക്കളെ ബന്ധുവിന്റെ വീട്ടിലാക്കിയ ശേഷം സ്വന്തം വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാർ പൂർണമായും തകർന്നു. സഹായിക്കാൻ ആരും തയ്യറാവാതെ വന്നതോടെ ഒന്നര മണിക്കൂർ റോഡിൽ കഴിയേണ്ടി വന്നു. വീട്ടിലാക്കിയാൽ മതിയെന്നു യുവതി പറഞ്ഞതനുസരിച്ചു, കടയ്ക്കൽ താലൂക്ക് ആശുപത്രിക്കു മുന്നിലെ സ്വകാര്യ ആംബുലൻസ് സർവീസുകളെ ഉൾപ്പെടെ സമീപിച്ചെങ്കിലും അവരും കയ്യൊഴിഞ്ഞു.
പിന്നീട് കടയ്ക്കൽ പൊലീസ് ഇടപെട്ട് 108 ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും യുവതിയെ വീട്ടിലാക്കാൻ അവരും തയാറായില്ലെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഒന്നര മണിക്കൂറിനു ശേഷം ബന്ധുവായ യുവതി എത്തി ഇവരെ കാറിൽ വീട്ടിലേക്കു മാറ്റുകയായിരുന്നു.