കോന്നി: അമിതവേഗത്തിൽ പോയ മിനിലോറിയിൽനിന്ന് പാചകവാതക സിലിണ്ടർ തെറിച്ചുവീണ് ആറു വയസ്സുകാരന്റെ കാലൊടിഞ്ഞു. വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇളകൊള്ളൂർ സോപാനത്തിൽ ബിജുകുമാറിന്റെ മകൻ രോഹിത്തിന്റെ ഇടതുകാലാണ് ഒടിഞ്ഞത്.

ഇന്നലെ ഉച്ചയ്ക്ക് 12.30ന് കോന്നി - പൂങ്കാവ് റോഡിൽ മരങ്ങാട്ടുമുക്കിനു സമീപം ആനക്കടവിലായിരുന്നു സംഭവം. ഗോഡൗണിലേക്ക് കൊണ്ടു പോകുകയായിരുന്ന കാലി സിലണ്ടറാണ് വാഹനത്തിൽ നിന്നും തെറിച്ചു വീണത്. കോന്നിയിൽനിന്ന് വട്ടക്കാവിലെ ഗോഡൗണിലേക്കു പോകവ റോഡിനു താഴെയുള്ള വീട്ടിലേക്ക് തെറിച്ചു വീണ സിലണ്ടർ കുട്ടിയുടെ കാലിൽ ശക്തമായി ഇടിക്കുക ആയിരുന്നു. വരാന്തയിൽ മറ്റൊരു കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന രോഹിത്തിന്റെ കരച്ചിൽ കേട്ടാണ് വീട്ടുകാർ വിവരമറിഞ്ഞത്.

സിലണ്ടർ പോയതറിഞ്ഞ ലോറിക്കാര് ലോറി നിർത്തി ജോലിക്കാർ ഇറങ്ങിവന്ന് ആശുപത്രിയിൽ കൊണ്ടുപോകാമെന്നു പറയുകയും സിലിണ്ടർ എടുത്തുകൊണ്ടുപോവുകയും ചെയ്‌തെന്ന് വീട്ടുകാർ പറയുന്നു. വീട്ടുകാർ അതുവഴി വന്ന കാറിൽ കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നു ശസ്ത്രക്രിയ നടത്തും.