ചങ്ങനാശേരി: ചങ്ങനാശേരിയുടെ രാഷ്ട്രീയ ചരിത്രം പൂർണമാകുന്നത് കേരള കോൺഗ്രസ് നേതാവും മുൻ എംഎൽഎയും മന്ത്രിയും ഒക്കെ ആയിരുന്ന കെ.ജെ ചാക്കോ എന്ന വ്യക്തിത്വം കൂടി ഉൾപ്പെടുമ്പോൾ മാത്രമാണ്. 16 ദിവസം മന്ത്രി ആയിരുന്ന ആൾ, പെസഹ വ്യാഴം അവധി പ്രഖ്യാപിച്ച മന്ത്രി, ചങ്ങനാശേരി നഗരസഭ അധ്യക്ഷനായിരിക്കെ നിയമസഭയിലേക്കു മത്സരിച്ചു വിജയിച്ച ആൾ തുടങ്ങി ഒട്ടേറെ അപൂർവതകൾ സ്വന്തമാക്കിയ നേതാവാണ് കെ. ജെ ചാക്കോ.

1962ൽ ചങ്ങനാശേരി നഗരസഭയിലേക്കു സ്വതന്ത്ര അംഗമായി വിജയിച്ച് രാഷ്ട്രീയ രംഗത്ത് എത്തിയ അദ്ദേഹം കേരളാ കോൺഗ്രസിന്റെ കരുത്തറ്റ നേതാക്കളിൽ ഒരാളായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കൺമുന്നിൽ തന്നെ കേരളാ കോൺഗ്രസ് പിളർന്നപ്പോൾ അതീവ ദുഃഖിതനായിരുന്നു അദ്ദേഹം. 1962ൽ ചങ്ങനാശേരി നഗരസഭയിലേക്കു സ്വതന്ത്ര അംഗമായി വിജയിച്ചാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. 1963ൽ നഗരസഭാ അധ്യക്ഷനായി. 1965ൽ നിയമസഭയിലേക്ക് ആദ്യ മത്സരം. അന്ന് ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ സഭ രൂപീകരണം നടന്നില്ല. 1970ൽ വീണ്ടും വിജയിച്ചു. ഫലത്തിൽ 1970ൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആദ്യമായി നിയമസഭയിൽ എത്തിയ വർഷം ഇവർക്കൊപ്പമാണ് കെ.ജെ.ചാക്കോയും എംഎൽഎ എന്ന പദവിയോടെ നിയമസഭയിൽ എത്തിയത്.

കേരള കോൺഗ്രസ് (എം) പിന്തുണയോടെ സി.എച്ച്. മുഹമ്മദ് കോയ മന്ത്രിസഭ നിലവിൽ വന്നതോടെയാണ് കെ.ജെ ചാക്കോയ്ക്ക് മന്ത്രിയാകാൻ ഭാഗ്യം ലഭിച്ചത്. എന്നാൽ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കേരളാ കോൺഗ്രസ് സി.എച്ച് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചതോടെ സി.എച്ച്. മുഹമ്മദ് കോയ രാജി വച്ചതോടെ മന്ത്രിസ്ഥാനം നഷ്ടമായി. 1979 നവംബർ 16ന് ചാക്കോയ്ക്കു മന്ത്രിസ്ഥാനം ലഭിച്ചത്. റവന്യു, സഹകരണം, ഗതാഗതം, എക്‌സൈസ് വകുപ്പുകളുടെ മന്ത്രിയായി 16 ദിവസമേ തുടർന്നുള്ളൂ. ഡിസംബർ ഒന്നിന് 1982ൽ സി.എഫ്. തോമസിനോടു മത്സരിച്ചു പരാജയപ്പെട്ടതോടെ സജീവ രാഷ്ട്രീയത്തിൽ നിന്നു പിന്മാറി.

1930 മാർച്ച് രണ്ടിന് കല്ലുകളം ജോസഫ് - ഏലിയാമ്മ ദമ്പതികളുടെ മകനായി ജനിച്ച കെ.ജെ.ചാക്കോയുടെ നവതി ആഘോഷം കഴിഞ്ഞ വർഷം നടത്തിയിരുന്നു. 35 വർഷം വാഴപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. മിൽമ ചെയർമാൻ, ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. പുത്തൻ പുരാണം എന്ന പുസ്തകം രചിച്ചിട്ടുണ്ട്. എസ്ബി കോളജിൽ നിന്നു ബിരുദവും എറണാകുളം ലോ കോളജിൽ നിന്നു നിയമബിരുദവും നേടി അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കേരള കോൺഗ്രസ് രൂപീകരണ വേളയിൽ പാർട്ടിയിൽ അംഗമായി.

ചങ്ങനാശേരിയിൽ ഫയർ സ്റ്റേഷൻ അനുവദിച്ചതും കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു ദീർഘദൂര ബസുകൾ കൂടുതലായി ആരംഭിച്ചതും ചാക്കോ ജനപ്രതിനിധി ആയിരുന്ന സമയത്താണ്. വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾക്കിടയിലും അദ്ദേഹം ഈ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു.