മൂന്നാർ: ഭൂമാഫിയ പിടിമുറുക്കുന്ന മൂന്നാറിൽ സർക്കാർ ഓഫിസിനും രക്ഷയില്ല. ടൗണിന് സമീപം ഇക്കാനഗറിൽ പ്രവർത്തിക്കുന്ന സ്‌പെഷൽ റവന്യു ഓഫിസ് കെട്ടിടം ഭൂമാഫിയക്കാർ കയ്യേറി്. മൂന്നാർ മേഖലയിലെ സർക്കാർ ഭൂമിയുടെ സംരക്ഷണവും അനധികൃത നിർമ്മാണങ്ങൾ തടയലും ലക്ഷ്യമിട്ട് 2010ൽ സ്ഥാപിച്ചതാണ് സ്‌പെഷൽ റവന്യു ഓഫിസ്. പൂട്ട് പൊളിച്ച് അകത്ത് കയറി സാധനങ്ങൾ മാറ്റിയ ശേഷം പുതിയ താഴിട്ട് പൂട്ടുകയായിരുന്നു..

തിങ്കൾ രാവിലെ സ്‌പെഷൽ റവന്യു ഇൻസ്‌പെക്ടർ ടി.ആർ.വിവേക് എത്തി ഓഫിസ് തുറക്കാൻ ശ്രമിച്ചപ്പോഴാണ് പൂട്ട് മാറിയതായി കണ്ടത്. പഴയ താഴ് തകർത്തതിന്റെ അടയാളം വാതിലിൽ കാണാമായിരുന്നു. ഒരു തഹസിൽദാരുടെ നേതൃത്വത്തിലാണ് ഈ ഓഫിസിന്റെ പ്രവർത്തനം നടന്നിരുന്നത്. കഴിഞ്ഞ ജനുവരിയിൽ ഇതിന്റെ പ്രവർത്തനം ഭാഗികമായി ദേവികുളം മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി. എന്നാൽ ഭൂമി സംബന്ധമായ രേഖകളും മറ്റും ഇവിടെ സൂക്ഷിച്ചിരുന്നു. ഉദ്യോഗസ്ഥർ രാത്രി ഇവിടെ താമസവും ഉണ്ടായിരുന്നെങ്കിലും ശനി അവധിയായിരുന്നതിനാൽ ആരും ഉണ്ടായിരുന്നില്ല.

ഭിത്തിയിൽ പതിച്ചിരുന്ന നോട്ടിസുകളും മറ്റും കീറി നശിപ്പിച്ചു. സബ്കലക്ടർ എസ്.പ്രേംകൃഷ്ണ, ഡപ്യൂട്ടി തഹസിൽദാർ ജയിംസ് നൈനാൻ, വില്ലേജ് ഓഫിസർ സിദ്ദിഖ് എന്നിവർ എത്തി. എസ്‌ഐ സൂഫിയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി പൂട്ട് തകർത്ത് ഓഫിസ് തുറന്നു. രേഖകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച ഒരു സംഘം എത്തി പൂട്ട് പൊളിച്ച് പ്രവേശിക്കുന്നത് കണ്ടതായി സമീപവാസികൾ അറിയിച്ചു.

ഒറ്റരാത്രികൊണ്ട് അംഗൻവാടി റിസോർട്ടായി
മൂന്നാർ: ഭൂമാഫിയ അങ്കണവാടിയെയും വെറുതേ വിട്ടില്ല. മൂന്നാർ കോളനിയിൽ പ്രവർത്തിക്കുന്ന 97ാം നമ്പർ അങ്കണവാടിയുടെ 2 സെന്റ് സ്ഥലമാണ് ഇതിന് സമീപം റിസോർട്ട് നടത്തുന്ന സ്വകാര്യവ്യക്തി ഒറ്റ രാത്രി കൊണ്ട് മതിൽ കെട്ടി തിരിച്ച് സ്വന്തമാക്കിയത്.കുട്ടികളുടെ കളിസ്ഥലമാണ് സ്വകാര്യ വ്യക്തിയുടേതായത്. അങ്കണവാടി ജീവനക്കാർ ഇന്നലെ സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് സ്ഥലം നഷ്ടപ്പെട്ടത് അറിയുന്നത്.

പരാതിയെ തുടർന്ന് സബ്കലക്ടർ എസ്.പ്രേംകൃഷ്ണ സ്ഥലത്ത് എത്തി. സ്വകാര്യവ്യക്തി നിർമ്മിച്ച മതിൽ പൊളിച്ച് നീക്കാനും നടപടി എടുക്കാനും നിർദ്ദേശം നൽകി. ഈ അങ്കണവാടിക്കായി ആദ്യം പഞ്ചായത്ത് ഏറ്റെടുത്ത ഭൂമിയുടെ പകുതിയോളം കയ്യേറ്റക്കാർ സ്വന്തമാക്കി. അത് കൂടാതെയാണ് പുതിയ കയ്യേറ്റം.