രു ഒഴിയാബാധയായി മറിയിരിക്കുന്നു ഈ കൊറോണയെന്ന ഭീകരൻ. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും വാക്സിനുമൊക്കെയായി രോഗവ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞു എന്ന ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് ഇടിത്തീ പോലെ പുതിയ വാർത്ത വരുന്നത്. വാക്സിനെതിരെ ഭാഗിക പ്രതിരോധം കൈവരിച്ച ദക്ഷിണാഫ്രിക്കൻ വകഭേസം ലണ്ടനിലെ ചിലയിടങ്ങളിൽ പടർന്നു പിടിക്കുന്നു എന്നത് ഞെട്ടിക്കുന്ന ഒരു വാർത്ത തന്നെയാണ്. വാൻഡ്സ്വർത്ത് ആൻഡ് ലാംബെത്ത് പ്രദേശത്ത് 70 ഓളം പേരെയാണ് ഈ ഇനം കൊറോണ ബാധിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് സെൽഫ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്.

2019-ലെ കണക്കനുസരിച്ച് 6,55,695പേർ താമസിക്കുന്ന തെക്കൻ ബറോകളിലെല്ലാം കൂടി 44 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുകൂടാതെ മറ്റ് 30 പേരിൽ കൂടി ദക്ഷിണാഫ്രിക്കൻ വകഭേദത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മേഖലയിൽ താമസിക്കുകയോ, ജോലി ചെയ്യുകയോ അല്ലെങ്കിൽ ഇതുവഴി യാത്ര ചെയ്യുകയോ ചെയ്ത 11 വയസ്സിനു മുകളിലുള്ള സകലരും പി സി ആർ ടെസ്റ്റിന് വിധേയരാകുവാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആഴ്‌ച്ചയിൽ രണ്ടു തവണ നടത്തുന്ന പരിശോധനകൾക്ക് പുറമേയാണിത്.

ഇതുവരെ നടത്തിയതിൽ ഏറ്റവും വ്യാപകമായ പരിശോധനയായിരിക്കും ഇതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. പുതിയ ഇനം ഉണ്ടാകാൻ ഇടയുള്ള ഓരോ സ്രോതസ്സും കണ്ടെത്തി വ്യാപനം പൂർണ്ണമായും തടയുക എന്നതാൺ ഉദ്ദേശം. മാർച്ചിലാണ് ദക്ഷിണാഫ്രിക്കൻ വകഭേദത്തിന്റെ സാന്നിദ്ധ്യം ആദ്യമായി ഇവിടെ കണ്ടെത്തുന്നത്. അന്നുമുതൽ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയവരൊക്കെ സെൽഫ് ഐസൊലേഷനിലോ അല്ലെങ്കിൽ സെൽഫ് ഐസൊലേഷൻ പൂർത്തിയാക്കുകയോ ചെയ്തിട്ടുണ്ട്. അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തി അവരെയും സെൽഫ് ഐസൊലേഷന് വിധേയരാക്കുകയാണ്.

പുതിയ രോഗവ്യാപനം ഭയക്കേണ്ട ഒന്നാണെന്നാണ് എൻ എച്ച് എസ് ടെസ്റ്റ് ആൻഡ് ട്രേസ് ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ. സൂസൻ ഹോപ്കിൻസ് പറയുന്നത്. ഒരു പരിധിയിൽ അധികം വ്യാപിച്ചാൽ ഒരുപക്ഷെ വാകിസിന്റെ ഫലക്ഷമത വരെ ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നും അവർ പറയുന്നു. ബാർനെറ്റ്, ക്രോയ്ഡോൺ, മെർടോൺ, റെഡ്ബ്രിഡ്ജ്, ഈലിങ്, ഹാരിംഗേ, മിറ്റ്ച്ചാം, ബ്രെന്റ് എന്നിവിടങ്ങളിലാണ് ഇതുവരെ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. അതേസമയം ഏപ്രിലിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗ്യവ്യാപന നിരക്കാണ് ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. 3,568 പേർക്കാണ് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. എന്നാൽ കഴിഞ്ഞ തിങ്കളാഴ്‌ച്ചയെ അപേക്ഷിച്ച് മരണനിരക്ക് പകുതിയായി കുറഞ്ഞു. 13 മരണങ്ങൾ മാത്രമാണ് ഇന്നലെ രേഖപ്പെടുത്തിയത്.