- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാർച്ച് 29 ലെ ഇളവുകൾക്ക് ശേഷം വീണ്ടും കോവിഡ് വളർന്നോ? കൂടുതൽ ഇളവുകൾ തുടങ്ങിയതോടെ ജനം ആഘോഷം വീണ്ടും തുടങ്ങവെ കോവിഡ് കണക്കിൽ വീണ്ടും വർദ്ധനവ്; മരണനിരക്കിലെ കുറവിൽ പ്രതീക്ഷയർപ്പിച്ച് ബ്രിട്ടൻ
മരണനിരക്ക് നേർ പകുതിയായി കുറഞ്ഞെങ്കിലും പ്രതിദിന രോഗവ്യാപന തോത് കുതിച്ചുയരുന്ന കാഴ്‌ച്ചയാണ് ഇന്നലെ ബ്രിട്ടനിൽ കണ്ടത്. നാലുദിവസത്തെ ഈസ്റ്റർ വാരാന്ത്യം രോഗവ്യാപനത്തിന് ശക്തികൂട്ടി എന്ന് അനുമാനിക്കാവുന്ന സൂചനകളാണ് പുറത്തുവരുന്നത്. ഏപ്രിൽ 1 ന് ശേഷം ഏറ്റവും അധികം പുതിയ രോഗികൾ ഉണ്ടായത് ഇന്നലെയായിരുന്നു, 3568 പേർ. അതേസമയം, കഴിഞ്ഞ തിങ്കളാഴ്‌ച്ചയെ അപേക്ഷിച്ച് കോവിഡ് മരണനിരക്ക് പകുതിയായി കുറഞ്ഞ് 13-ൽ എത്തി.
നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തി ഭാഗികമായിട്ടാണെങ്കിലും പബ്ബുകളും റെസ്റ്റോറന്റുകളും തുറക്കുന്ന ദിവസം തന്നെയാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവരുന്നത്. അതേസമയം, സ്‌കോട്ടലാൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ രോഗവ്യാപന നിരക്കിൽ മാറ്റമില്ല. നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവന്ന്, ആളുകളെ കൂടുതൽ സ്വന്തന്ത്ര്യത്തോടെ സമ്പർക്കത്തിൽ ഏർപ്പെടാൻ സൗകര്യമൊരുക്കുന്നത് രോഗവ്യാപനം ത്വരിതപ്പെടുത്തുമെന്ന് നേരത്തേ സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ലക്ഷക്കണക്കിന് ആളുകൾ വാക്സിൻ എടുത്തതിനാൽ എൻ എച്ച് എസിനു മേൽ പഴയതുപോലുള്ള സമ്മർദ്ദം ഉണ്ടാകില്ലെന്നും അവർ പറഞ്ഞിരുന്നു.
അതേസമയം സ്‌കൂളുകൾ തുറക്കുന്നത് ഉൾപ്പടെ ഇതുവരെ നടപ്പിലാക്കിയ ഇളവുകൾ ഒന്നും തന്നെ രോഗവ്യാപനം വർദ്ധിക്കുവാൻ ഇടയാക്കിയിട്ടില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. അതേസമയം, നാലുദിവസം നീണ്ടുനിന്ന് ഈസ്റ്റർ വാരാന്ത്യത്തിന് ഈ രോഗവ്യാപന വർദ്ധനവിൽ സുപ്രധാന പങ്കുണ്ടെന്നും അവർ പറയുന്നു.
അതിനിടയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഒരു സുപ്രധാന പടികൂടി ഇന്നലെ ബ്രിട്ടൻ കടന്നു. പബ്ബുകളും റെസ്റ്റോറന്റുകളും ഭാഗികമായിട്ടാണെങ്കിലും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചതോടെ നാലു മാസത്തിനുശേഷം ആദ്യമായി ലഭിച്ച സ്വാതന്ത്ര്യം ആസ്വദിക്കുവാൻ ആയിരങ്ങൾ ഇടിച്ചുകയറി. അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ, ഹെയർഡ്രസ്സിങ് സലൂണുകൾ തുടങ്ങിയവയും തുറന്ന് പ്രവർത്തനമാരംഭിച്ചു.
പലയിടങ്ങളിലും കനത്ത മഞ്ഞിനേയും തണുപ്പിനേയും വെല്ലുവിളിച്ചാണ് ആളുകൾ പബ്ബുകളിൽ എത്തിയിരുന്നത്. നേരം ഇരുണ്ടതോടെ ചിലയിടങ്ങളിൽ ചില കശപിശകൾ ഉണ്ടായി. പലയിടങ്ങളിലും പൊലീസ് ബലം പ്രയോഗിച്ചു തന്നെ സാമൂഹിക അകലം പാലിപ്പിക്കുന്നുണ്ടായിരുന്നു. ന്യു കാസിൽ പോലെ ചിലയിടങ്ങളിൽ അമിത മദ്യപാനത്തെ തുടർന്ന് റോഡുകളിൽ തന്നെ തലചായ്ച്ചവരെ കാണാമായിരുന്നു. സാമൂഹിക അകലം എന്നത് ആരുംകാര്യമായി എടുത്തിട്ടില്ലെന്നാണ് ഇന്നലത്തെ സംഭവങ്ങൾ സൂചിപ്പിച്ചത്. ഇതുപോലെ സാമൂഹിക അകലം പാലിക്കാതെ ആഘോഷമാക്കിയ ഈസ്റ്റർ വാരാന്ത്യത്തിന്റെ പരിണിതഫലം ഇന്നലെ വർദ്ധിച്ച രോഗവ്യാപനതോതായി എത്തിയ കാര്യം ആരും ഗൗരവമായി എടുത്തിട്ടില്ല.
മാസങ്ങൾക്ക് ശേഷം കടകൾ തുറന്നു പ്രവർത്തിച്ച ഹൈസ്ട്രീറ്റിലും ഇന്നലെ സാമാന്യം തിരക്കനുഭവപ്പെട്ടു. തികച്ചും സന്തോഷകരമായ ദിവസം എന്ന് വിശേഷിപ്പിച്ച പ്രമുഖ വൈറോളജിസ്റ്റ് ലോറൻസ് യംഗ്, പക്ഷെ ഇതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഭീകരത മറക്കരുതെന്നും ഓർമ്മിപ്പിച്ചു. വാക്സിൻ കാരണം മാത്രമല്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിൽ കുറവു വന്നതെന്നും, ലോക്ക്ഡൗൺ നിയന്ത്രണങ്ങളും അതിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് മറക്കാതെ, സംയമനത്തോടെ പെരുമാറിയാൽ ഭാവിയിൽ മറ്റൊരു രോഗവ്യാപനം ഉണ്ടാകാതെ നോക്കാം എന്നും അദ്ദേഹം പറഞ്ഞു.