പൊതുഖജനാവിൽ നിന്നും 2.4 മില്ല്യൺ പൗണ്ട് ചെലവാക്കി നവീകരിച്ച്, മേഗനുമൊത്ത് താമസിച്ചിരുന്ന ഫ്രോഗ്മോർ കോട്ടേജിൽ വീണ്ടും ഒരിക്കൽ കൂടി ഹാരിയെത്തി. ഒരു വർഷത്തിലേറെ വിട്ടുനിന്ന ശേഷം ഹാരി ഇവിടെയെത്തിയത് തന്റെ ക്വാറന്റൈൻ കാലം വ്ഹലവഴിക്കാനായിരുന്നു. ഫിലിപ്പ് രാജകുമാരന്റെ വിയോഗത്തെ തുടർന്ന്, ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്നലെയാണ് ഹാരി ലോലേഞ്ചലസിൽ നിന്നും ബ്രിട്ടീഷ് എയർവേയ്സിന്റെ വിമാനത്തിൽ ഹീത്രൂവിൽ എത്തിയത്. സഹാനുഭൂതിയുടെ പേരിൽ ക്വാറന്റൈൻ വിട്ടു പോകാം എന്ന നിയമത്തിലെ പഴുതുപയോഗിച്ച് ഹാരിക്ക് സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനാവും.

ആർച്ചിയുടെ ജനനശേഷം ഏതാനും മാസങ്ങൾ ഹാരിയുംമേഗനും ഫ്രോഗ്മോർ കൊട്ടേജിലാണ് താമസിച്ചിരുന്നത്. വിൻഡ്സർ പാലസിന്റെ പുരയിടത്തിൽ തന്നെയാണ് ഗ്രേഡ് 2 എന്ന് കണക്കാക്കപ്പെട്ടിരിക്കുന്ന ഈ വസതിയും സ്ഥിതിചെയ്യുന്നത്. പൊതുഖജനാവിൽ നിന്നും 2.4 മില്ല്യൺ പൗണ്ട് ചെലവാക്കി അഞ്ച് വ്യത്യസ്ത കെട്ടിടങ്ങൾ ഒന്നാക്കിയാണ് ഇത് പണിതീർത്തത്. എന്നാൽ അത് വിവാദമായതോടെ ഹാരിയും മേഗനും ഈ പണം തിരിച്ചു നൽകി. 100 മില്ല്യൺ പൗണ്ടിന്റെ കരാർ നെറ്റ്ഫ്ളിക്സുമായി ഒപ്പു വച്ചതിനു തൊട്ടുപിന്നാലെയാണ് ഈ തുക തിരിച്ചുനല്കിയത്.അതിനുശേഷം 2020 നവംബറിൽ യൂജിനി രാജകുമാരിയും ഭർത്താവും ഇവിടേക്ക് താമസം മാറ്റി.

കഴിഞ്ഞ മാർച്ചിൽ ബ്രിട്ടൻ വിട്ടുപോയതിനുശേഷം ആദ്യമായി ഹാരി തിരിച്ചെത്തുന്നത് ഏകനായാണ്. പൂർണ്ണ ഗർഭിണി ആയതിനാൽ മേഗന് യാത്ര വേണ്ടെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. ഇതിനു മുൻപ് ഒരിക്കൽ ഗർഭം അലസിപ്പോയ അനുഭവം കൂടി മേഗനുള്ള സാഹചര്യത്തിലായിരുന്നു ഡോക്ടർമാരുടെ കർശന നിർദ്ദേശം. കോവിഡ്-19 നിയന്ത്രണങ്ങൾ പൂർണ്ണമായും അനുസരിച്ചുകൊണ്ടായിരിക്കും ഹാരിയുടെ പരിപാടികൾ. എന്നാൽ, ശനിയാഴ്‌ച്ച സംസ്‌കാര ചടങ്ങുകൾ നടക്കാനിരിക്കെ ഹാരിക്ക് 10 ദിവസത്തെ ഹോം ക്വാറന്റൈൻ പൂർത്തിയാക്കാൻ കഴിയില്ല. എന്നിരുന്നാലും നിയമം അനുവദിക്കുന്ന ഇളവ് ഉപയോഗിച്ച് ഹാരി അതിൽ പങ്കെടുക്കും.

സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കി മടങ്ങിയാലും ഹാരിക്ക് കുറച്ചുനാൾ ഭാര്യയിൽ നിന്നും മകനിൽ നിന്നും അകന്ന് കഴിയേണ്ടതായി വരും. തിരിച്ചെത്തുമ്പോൾ അമേരിക്കയിലും ക്വാറന്റൈനിൽ പോകേണ്ടതുണ്ട് എന്നതിനാലാണിത്. അമേരിക്കയിൽ, ഗർഭിണികളേയും കോവിഡുമായി ബന്ധപ്പെട്ട് അതീവ ശ്രദ്ധവേണ്ട ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിൽ തിരിച്ചെത്തുന്നവർ ഏഴു ദിവസത്തെ ക്വാറന്റൈന് വിധേയരാകുകയും കോവിഡ് നെഗറ്റീവ് ടെസ്റ്റ് കരസ്ഥമാക്കുകയും വേണം. മാത്രമല്ല 14 ദിവസങ്ങളോളം ഗർഭിണികളിൽ നിന്നുംഅകലം പാലിക്കണം എന്നും അവിടത്തെ കോവിഡ് പ്രോട്ടോക്കോൾ അനുശാസിക്കുന്നു. എന്നാൽ, വാക്സിൻ എടുത്തവർക്ക് ഈ നിബന്ധന ബാധകമല്ല, ഹാരി വാക്സിൻ എടുത്തോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അതുകൊണ്ടു തന്നെ, തന്റെ ബ്രിട്ടനിലെ താമസത്തിന്റെ ദൈർഘ്യം അനുസരിച്ച്, ഏകദേശം ഒരു മാസത്തോളം ഹാരിക്ക് മേഗനിൽ നിന്നും ആർച്ചിയിൽ നിന്നും വിട്ടുനിൽക്കേണ്ടതായി വരും. തനിക്കേറെ ഇഷ്ടമായിരുന്ന മുത്തച്ഛന് തന്റെ ആർച്ച്വെൽ വെബ്സൈറ്റിലൂടെ ആദരാഞ്ജലികൾ ഹാരി അർപ്പിച്ചിരുന്നു. ആ മനസ്സിലെ സ്നേഹവും കരുതലും എടുത്തുപറഞ്ഞാണ് ഹാരി അദ്ദേഹത്തോടുള്ള തന്റെ ആദരവ് പ്രകടിപ്പിച്ചത്. അതുപോലെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഹാരി സൈനിക യൂണിഫോം ധരിക്കില്ലെന്നതും ഉറപ്പായിട്ടുണ്ട്.

ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകളിൽ ശ്രദ്ധാകേന്ദ്രമാകാൻ താത്പര്യമില്ലാത്തതുകൊണ്ടാണ് മേഗൻ യാത്ര ഒഴിവാക്കിയതെന്നാണ് മേഗന്റെ സുഹൃത്തുക്കൾ പറയുന്നത്. ഫിലിപ്പ് രാജകുമാരനുമായി മേഗന് ഒരു പ്രത്യേക ബന്ധം ഉണ്ടായിരുന്നു എന്നും അവർ എന്നും രാജകുമാരനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു എന്നും സുഹൃത്തുക്കൾ പറയുന്നു. ഇതിനു പുറമേയാണ് യാത വിലക്കിക്കൊണ്ടുള്ള ഡോക്ടർമാരുടെ കർശന നിർദ്ദേശവും വന്നത്. എന്നാൽ, ഇപ്പോൾ തന്റെ പ്രധാന കാര്യം ഇത്തരമൊരു സാഹചര്യത്തിൽ ഹാരിക്ക് വേണ്ട പിന്തുണ നൽകുക എന്നതാണെന്നും, സംസ്‌കാര ചടങ്ങിൽ താൻ പങ്കെടുക്കണമോ എന്ന കാര്യം ഹാരിയുടെ തീരുമാനത്തിന് വിടുകയായിരുന്നു എന്നുമാണ് മേഗൻ പറയുന്നത്.

അഭിപ്രായ വ്യത്യസങ്ങൾ എല്ലാം മറന്ന് കുടുംബാംഗങ്ങൾ ഒത്തുചേരേണ്ട സമയമാണിതെന്ന് പറയുമ്പോഴും ഗർഭിണിയായ അവസ്ഥയിൽ യാത്ര ഒഴിവാക്കണമെന്ന് ഡോക്ടർമാർക്കൊപ്പം മേഗന്റെ അമ്മയും വാശിപിടിക്കുകയായിരുന്നത്രെ.