- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമേരിക്കയും ബ്രിട്ടനും പടിപടിയായി കോവിഡിനെ കീഴടക്കി സാധാരണ നിലയിലേക്ക് മടങ്ങിയപ്പോൾ മൂന്നാം തരംഗത്തെ ഭയന്ന് അടച്ചുപൂട്ടി യൂറോപ്യൻ രാജ്യങ്ങൾ; ഇറ്റലിയിൽ ലോക്ക്ഡൗൺ വിരുദ്ധർ തെരുവിൽ ഇറങ്ങി കലാപം അഴിച്ചുവിടുന്നു
ലോക്ക്ഡൗണിനെതുടർന്ന് അടച്ചുപൂട്ടിയ റോമിലെ തെരുവുകളിൽ അരാജകത്വം അഴിഞ്ഞാടുകയാണ്. ലോക്ക്ഡൗണിനെതിരെയുള്ള പ്രതിഷേധം യൂറോപ്പിലാകെ കനക്കുമ്പോൾ ഇറ്റലിയിൽ അത് കൂടുതൽ കരുത്താർജ്ജിക്കുന്നു. ഒരിക്കൽ യൂറോപ്യൻ യൂണിയന്റെ ഭാഗമായിരുന്ന ബ്രിട്ടൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന അവസരത്തിലാണ് ഇതെന്നു കൂടി ഓർക്കണം.തങ്ങൾ തൊഴിലാളികളാണ് എന്നവകാശപ്പെട്ടുകൊണ്ട് നൂറുകണക്കിന് ആളുകളാണ് തെരുവിലിറങ്ങി പൊലീസുമായി ഏറ്റുമുട്ടിയത്. സാധാരണയായി പ്രതിഷേധങ്ങൾക്ക് അനുമതി നൽകാറുള്ള ഒരിടത്തേക്ക് പ്രവേശനം നിഷേധിച്ചതിന്റെ തുടർന്നാണ് ആൾക്കൂട്ടം അക്രമാസക്തമായത്.
ചില പ്രതിഷേധക്കാർ ഇറ്റലിയുടെ ദേശീയ പതാക വീശി, ഇപ്പഴേ തകർന്നുകിടക്കുന്ന ഇറ്റലിയുടെ സമ്പദ്ഘടന ഉയർത്താനായി ലോക്ക്ഡൗൺ നീക്കം ചെയ്യാൻ അപേക്ഷിക്കുന്നുണ്ടായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ഇറ്റലിയുടെ മൊത്തം ആഭ്യന്തര ഉദ്പാദനം 8.9 ശതമാനം ഇടിഞ്ഞു എന്നാണ് കണക്കാക്കുന്നത്. അതേസമയം അതീതീവ്ര വലതുപക്ഷക്കാരായ ചില പ്രതിഷേധക്കാർ കല്ലുകളും പുകബോംബുകളും, ഫ്ലാഷ് ബോംബുകളും മറ്റും പൊലീസിനു നേരെ വലിച്ചെറിഞ്ഞു. തെരുവുകളിൽ പടക്കം പൊട്ടിച്ചും അവർ പ്രതിഷേധിച്ചു.
ലോക്ക്ഡൗണിലൂടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയപ്പോൾ തൊഴിൽ നഷ്ടപ്പെട്ടവർ ഇനിയെന്തു ചെയ്യണം എന്നറിയാതെ ഉഴലുകയാണ്. ഇറ്റലിയിൽ ആകെ ഉയരുന്ന ലോക്ക്ഡൗൺ വിരുദ്ധ പ്രക്ഷോഭണത്തിന്റെ ഒരു പരിഛേദം മാത്രമായിരുന്നു ഇന്നലെ പാരീസിലെ തെരുവുകളിൽ ദർശിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച്ച നേപ്പിൾസിൽ കടയുടമകളും റെസ്റ്റോറന്റ് ഉടമകളും പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഈസ്റ്റർ അവധികാലത്താണ് ഇറ്റലിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും ടേക്ക് എവേ സേവനത്തിനുള്ള അനുവാദം മാത്രമാണുള്ളത്. ചില ഭാഗങ്ങളിൽ ഭാഗികമായി ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും അതിൽ ബാറുകളും റെസ്റ്റോറന്റുകളും ഉൾപ്പെട്ടിട്ടില്ല.
ബ്രിട്ടനെതിരായുള്ള വാക്സിൻ യുദ്ധത്തിൽ മുൻനിര പോരാളിയായി നിന്ന ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ഡ്രാഗി ഇപ്പോൾ എല്ലാ ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ നിർബന്ധമാക്കിയിരിക്കുകയാണ്. അനാവശ്യമായ വാക്സിൻ വിവാദം ഉണ്ടാക്കിയ യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളെ പോലെ ഇറ്റലിയും വാക്സിൻ കാര്യത്തിൽ ബഹുദൂരം പുറകിലാണ്. ബ്രിട്ടനിൽ ഇതുവരെ 50 ശതമാനത്തിലേറെ പേർക്ക് വാക്സിൻ നൽകി കഴിഞ്ഞപ്പോൾ ഇറ്റലിയിൽ 16.3 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ വാക്സിൻ നൽകാൻ കഴിഞ്ഞിട്ടുള്ളത്.
മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഡിസംബറിൽ വാക്സിൻ പരിപാടി ആരംഭിച്ചപ്പോൾ പ്രായമേറിയവർക്ക് ഇറ്റലിയിൽ മുൻഗണന നൽകിയിരുന്നില്ല. എന്നാൽ, കരുതലോടെ വാക്സിൻ പദ്ധതി മുന്നോട്ടുകൊണ്ടുപോയ ബ്രിട്ടനിൽ ഇന്നലെ ലോക്ക്ഡൗൺ നീക്കം ചെയ്യുന്നതിന്റെ മറ്റൊരു സുപ്രധാന പടി കൂടി കടന്നു. ഹൈസ്ട്രീറ്റ് ഷോപ്പുകളും പബ്ബുകളും റെസ്റ്റോറന്റുകളും മറ്റും ബ്രിട്ടനിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചപ്പോൾ മിക്ക യൂറോപ്യൻ രാജ്യങ്ങളും ഇപ്പോഴും കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ ഭയത്തിലാണ്.
ഈ മാസാവസാനം റെസ്റ്റോറന്റുകൾ ഉൾപ്പടെയുള്ള ചില സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തെ അടിസ്ഥാനമാക്കി മാത്രമേ എന്തെങ്കിലും നടപടി എടുക്കാൻ കഴിയുകയുള്ളു. രോഗവ്യാപനം കനക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.
ഇതുവരെ 1.14.000 പേരുടെ മരണത്തിനിടയാക്കിയ കോവിഡിനെ നിയന്ത്രണാധീനമാക്കുവാൻ കഴിഞ്ഞ 14 മാസമായി ഇറ്റാലിയൻ സർക്കാർ വിവിധ നടപടികൾ കൈക്കൊള്ളുന്നുണ്ട്. എന്നിട്ടും ഇറ്റലിയേക്കാൾ ഏറെ ഗുരുതരമായി രോഗം ബാധിച്ച ബ്രിട്ടൻ സാധാരണ ജീവിതത്തിലേക്ക് നീങ്ങുമ്പോഴും ഇറ്റലി കിതച്ചു കിടപ്പാണ്. ഭരണകൂടത്തിന്റെ കഴിവുകേടായിട്ടാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. വാക്സിൻ നൽകുന്നതിൽ വന്ന കാലതാമസവും വീഴ്‌ച്ചയുമാണ് രോഗവ്യാപനം ഇനിയും നിയന്ത്രണാധീനമാക്കുവാൻ സാധിക്കാത്തതിന് പ്രധാന കാരണം എന്ന ആരോപണം വ്യാപകമാണ്.
പ്രശ്നത്തിന്റെ ഗൗരവം കണ്ടറിഞ്ഞ ബ്രിട്ടൻ നേരത്തേ വിവിധ വാക്സിനുകൾക്ക് ഓർഡർ നൽകുകയും അവ ശേഖരിച്ചു വയ്ക്കുകയും ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ കാണിച്ച ഉദാസീനതയാണ് ഇന്ന് പല അംഗരാജ്യങ്ങളും അനുഭവിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ നേരിടാൻ ചില സാമ്പത്തിക പാക്കെജുകളുമായി ഇറ്റാലിയൻ സർക്കാർ എത്തിയെങ്കിലും അതൊന്നും തന്നെ പൂർണ്ണമായും ഫലപ്രദമല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം.
മറുനാടന് മലയാളി ബ്യൂറോ