സന്തത്തിന്റെ ഇടിമുഴക്കം മുഴങ്ങിയ കിഴക്കൻ യൂറോപ്പ് ഏതുനിമിഷവും ഒരു യുദ്ധത്തിന്റെ വെടിയൊച്ചകൾക്കായി കാതോർത്തിരിക്കുകയാണ്.

ഇരു രാജ്യങ്ങളും യുദ്ധത്തോട് കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നു എന്ന് റഷ്യന്മാധ്യമങ്ങൾ മുന്നറിയിപ്പ് നൽകുമ്പോഴും ഉക്രെയിൻ പ്രസിഡണ്ട് അതിർത്തി സന്ദർശിച്ച് സൈനികരുമായി ചർച്ചകൾ നടത്തി. അതേസമയം യൂറോപ്പിന്റെ കിഴക്കൻ അതിർത്തികളിൽ ഇതുവരെ 80,000 സൈനികരെ റഷ്യ വിന്യസിച്ചു കഴിഞ്ഞു എന്നാണ് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവർക്കൊപ്പം ടാങ്കുകളും മറ്റ് സൈനിക വാഹനങ്ങളും ഉണ്ട്.

ക്രിമിയയിൽ ഇപ്പോൾ 40,000 റഷ്യൻ സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഉക്രെയിൻ പ്രസിഡന്റിന്റെ വക്താവ് ലുലിയ മെൻഡൽ പറഞ്ഞു. അതോടൊപ്പം 40,000 സൈനികർ ഡോൺബാസ് മേഖലയിലും എത്തിയിട്ടുണ്ട്. ഇത് ഉക്രെയിന്റെ ഭാഗമാണെങ്കിലും വർഷങ്ങളായി റഷ്യൻ പിന്തുണയുള്ള വിഘടനവാദികളുടെ കൈയിലാണ് ഈ പ്രദേശം. സൈനികർക്ക് പൂർണ്ണമായ രാഷ്ട്രീയ പിന്തുണയുണ്ടെന്ന് അറിയിക്കുന്നതിനാണ് താൻ അതിർത്തിയിലെത്തിയതെന്ന് പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു.

റഷ്യ ക്രിമിയ പിടിച്ചെടുത്തതിനു ശേഷമുണ്ടാക്കിയ സമാധാന കരാർ ലംഘിച്ച് കഴിഞ്ഞയാഴ്‌ച്ച മുതൽ അതിർത്തിയിൽ ചെറിയ തോതിൽ നിരവധി സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. റഷ്യ ആക്രമണത്തിന് തയ്യാറാണെങ്കിൽ തങ്ങളും അതിനു തയ്യാറാണെന്നാണ് ഉക്രെയിൻ പസിഡണ്ട് ഇന്നലെ പ്രസ്താവിച്ചത്.

അതേസമയം ഉക്രെയിൻ ഒരു നാസി രാജ്യമാണെന്നും അവിടത്തെ നാസിസം തുടച്ചുനീക്കാൻ ഒരുപക്ഷെ റഷ്യ ഇടപെട്ടേക്കും എന്നും റഷ്യൻ വക്താവ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 2012 മുതൽ 2014 വരെ മോസ്‌കോയിൽ അമേരിക്കൻ അമ്പാസിഡറായിരുന്ന മൈക്കൽ മെക്ഫോൾ പറയുന്നത് നേരത്തേ ക്രിമിയ പിടിച്ചടക്കിയതുപോലെ പുട്ടിൻ ഉക്രെയിനും പിടിച്ചെടുത്ത് യൂറോപ്പിലേക്ക് ഒരു യുദ്ധത്തെ ക്ഷണിച്ചുവരുത്തിയേക്കാം എന്നാണ്.

റഷ്യ ആക്രമിക്കുകയാണെങ്കിൽ നാറ്റോ സഖ്യം ഉക്രെയിനിന് പിന്തുണ നൽകിയേക്കും എന്ന അഭ്യുഹത്തിനിടയിൽ ബ്രിട്ടൻ റോയൽ എയർഫോഴ്സിന്റെ ആറ് സൂപ്പർജറ്റ് യുദ്ധവിമാനങ്ങൾ കിഴക്കൻ യൂറോപ്പിലേക്ക് പറന്നിട്ടുണ്ട്. കരിങ്കടലിനു ചുറ്റുമുള്ള ആകാശത്തിന്റെ നിരീക്ഷണത്തിനായി ഇവ റൊമേനിയൻ അതിർത്തിയിലായിരിക്കും വിന്യസിക്കുക എന്ന് റോയൽ എയർഫോഴ്സ് വക്താവ് വ്യക്തമാക്കിയിരുന്നു. 2014-ൽ കിഴക്കൻ ഉക്രെയിൻ റഷ്യ പിടിച്ചെടുത്തതിനുശേഷം ഇതുവരെ 14,000 പേരെങ്കിലും കൊലചെയ്യപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്കുകൾ പറയുന്നത്.

അതിനിടയിലാണ് അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകൾ കരിങ്കടലിലേക്ക് നീങ്ങുന്നത്. ഇത് തീർച്ചയായും ഒരു യുദ്ധസമാനമായ ഒരു അന്തരീക്ഷമാണ് മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്. റഷ്യയുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കുകയാണ് ലോകം മുഴുവൻ. ഒരുപക്ഷെ ലോകമഹായുദ്ധമായി തന്നെ മാറിയേക്കാവുന്ന ഒരു ഘോരയുദ്ധം ഏതു നിമിഷവും പ്രതീക്ഷിക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്.