ജിദ്ദ: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ പേരിലുള്ള സമഗ്രവും സ്വന്തവുമായ ആപ്പ് 2021 കോൺസുൽ ജനറൽ മുഹമ്മദ് ശാഹിദ് ആലം തിങ്കളാഴ്ച ഔദ്യോഗികമായി പുറത്തിറക്കി. പാസ്പോർട്ട്, വിസ, കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരുപാടു വിവരങ്ങളും ലിങ്കുകളും ഉൾപ്പെടെ നിരവധി യൂട്ടിലിറ്റി സവിശേഷതകൾ അടങ്ങിയതാണ് ഈ അപ്ലിക്കേഷൻ. സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലുള്ള വിശാലമായ ഇന്ത്യൻ സമൂഹത്തിനു കോൺസുലേറ്റിന്റെ സേവനം പ്രാപ്തമാക്കുന്നതിൽ ഈ ആപ്പ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുമെന്ന് കോൺസുലേറ്റ് അധികൃതർ പ്രത്യാശിച്ചു.

ആപ്ലിക്കേഷൻ പുറത്തിറക്കിക്കൊണ്ടു വീഡിയോ സന്ദേശം പങ്കുവെച്ച വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, കോവിഡ് -19 മഹാമാരിയുടെ സമയത്ത് കോൺസുലേറ്റിന്റെ ആപ്പ് വളരെ ഉപയോഗപ്രദമാകുമെന്ന് പറഞ്ഞു.

സി ജി ഐ ജിദ്ദ (CGI Jeddah) എന്ന് പേരിട്ടിരിക്കുന്ന കോൺസുലേറ്റ് ആപ്പ് www.cgijeddah.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും http://cgijeddah.com/cgijeddah.apk എന്ന ലിങ്കിൽ നിന്നും ഈ അപ്ലിക്കേഷൻ ഡൗൺലോഡും ഇൻസ്റ്റാളും ചെയ്യാവുന്നതാണ്.

ഗൂഗിൾ മാപ്പുമായി ലിങ്കുചെയ്തിരിക്കുന്നു എന്ന പ്രത്യേക നാവിഗേഷൻ സവിശേഷതയും ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റിന്റെ ആപ്പിന്റെ പ്രത്യേകതയാണ്. ഇതുപയോഗിച്ചു ജിദ്ദയിലെ കോൺസുലേറ്റിലേക്കോ തബൂക്ക്, മക്ക, അബഹ തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിലേക്കും ഉപയോക്താവിന് നിഷ്പ്രയാസം എത്തിച്ചേരാനാവുന്നതാണ്. കൂടാതെ, അത്യാവശ്യ ഘട്ടങ്ങളിൽ അടിയന്തിര സേവനം നൽകുന്നതിന്ഇരുപത്തി നാലു മണിക്കൂറും ഉപയോക്താവിനെ കോൺസുലേറ്റുമായി ബന്ധിപ്പിക്കുന്ന എമർജൻസി ഡയൽ എന്ന ഓപ്ഷനും ഈ ആപ്പിലുണ്ട്. പാസ്പോർട്ട്, വിസ, കമ്മ്യൂണിറ്റി വെൽഫെയർ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വിവരങ്ങളും, തൊഴിലാളികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, തൊഴിൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ, രാജ്യത്തിന്റെ തൊഴിൽ നിയമങ്ങൾ, ഇന്ത്യൻ പൗരന്മാരുടെ രജിസ്‌ട്രേഷൻ എന്നിവ ഉൾപ്പെടെ ഈ അപ്ലിക്കേഷനിൽ നൽകിയിരിക്കുന്നു.

ഡിജിറ്റൽ ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് കോൺസുലേറ്റ് ആപ്പ് രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചെടുത്തതും ആപ്പ് പ്രകാശനം ചെയ്യുന്ന വേളയിൽ കോൺസുലേറ്റ് പുറത്തിറക്കിയ പ്രസ്താവന വിവരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ 'സബ്കാ സാഥ് , സബ്കാ വികാസ്, സബ്കാ വിശ്വാസ് ' എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനു ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവന തുടർന്നു.