- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർത്താവ് മരിച്ചു കിടക്കുമ്പോഴും ഉത്തരവാദിത്തങ്ങൾ മറക്കാതെ എലിസബത്ത് രാജ്ഞി; യാത്ര അയപ്പിനെത്തിയ രാജ്ഞിക്ക് കയ്യടി; പട്ടാള യൂണിഫോം അണിയാൻ കഴിയാത്ത ഏക ബ്രിട്ടീഷ് രാജകുടുംബാംഗമായി ഹാരി സംസ്‌കാര ചടങ്ങിൽ ഒറ്റപ്പെടും
കർമ്മമാണ് സാധന എന്നത് ഭാരതീയ തത്വശാസ്ത്രത്തിന്റെ ഉൾപ്പൊരുളാണെങ്കിലും നമ്മളിൽ പലരും അത് എങ്ങനെയെങ്കിലും ഒഴിവാക്കുവാനായിരിക്കും ശ്രമിക്കുക. എന്നാൽ, ഏത് സാഹചര്യത്തിലും തന്റെ കർമ്മം തന്റെ സാധനയാണെന്ന് പ്രവർത്തികൊണ്ട് കാണിച്ചുതരികയാണ് എലിസബത്ത് രാജ്ഞി. സ്വന്തംഭർത്താവ് മരിച്ചുകിടക്കുമ്പോഴും തന്റെ ഔദ്യോഗിക കർമ്മങ്ങളിൽ നിരതയാണവർ എന്ന് ഔദ്യോഗിക രേഖകൾ പറയുന്നു. ഇന്നലെ വിരമിക്കുന്ന ലോർഡ് ചേംബർലെയിൻ ഏൾ പീലിന് ഔദ്യോഗികമായി ഒരു യാത്രയയപ്പ് ഒരുക്കിക്കൊണ്ടാണ് രാജ്ഞി തന്റെ കടമകളുടെ ലോകത്തേക്ക് തിരിച്ചുവന്നത്.
ഏഴുപതിറ്റാണ്ടിലേറെ കാലം താങ്ങും തണലുമായി കൂടെനിന്നവൻ ജീവനറ്റു കിടക്കുന്ന മനോവേദന ഉള്ളിലൊതുക്കി കർമ്മ നിരതയാകുമ്പോൾ പക്ഷെ രാജ്ഞിക്ക് ഉറപ്പുണ്ടായിരിക്കും, തന്നെ വിട്ടകന്ന ആ കർമ്മയോഗിയുടെ ആത്മാവ് ഇതുകണ്ട് സന്തോഷിക്കുമെന്ന്. രാജ്യമാകെ പ്രിൻസ് ഫിലിപ്പിനായി ദുഃഖം ആചരിക്കുകയാണ് വിൻഡസർ പാലസിനു മുൻപിലും ബക്കിങ്ഹാം പാലസിനുമുന്നിലുമ്നിരവധി പേരാണ് പുഷ്പങ്ങൾ സമർപ്പിച്ച് രാജകുമാരനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ എത്തുന്നത്.
എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും മകളായ ആന്നി രാജകുമാരിയും തന്റെ പിതാവിന്റെ മരണശേഷമുള്ള ആദ്യ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ പങ്കെടുത്തു.റോയൽ കോളേജ് ഓഫ് എമെർജൻസി മെഡിസിന്റെ രക്ഷധികാരിയായ രാജകുമാരി കോളേജിന്റെ സ്പ്രിങ് കോൺഫറൻസിൽ ഓൺലൈനിലൂടെയാണ് പങ്കെടുത്തത്. അതേസമയം രാജകുമാരന് അന്ത്യയാത്രയൊരുക്കാൻ സായുധസേനകൾ തയ്യാറെടുക്കുകയാണ് റോയൽ ആർമി, റോയൽ എയർഫോഴ്സ്, റോയൽ നേവി എന്നിയയിൽ നിന്നുള്ള പുരുഷസൈനികരും വനിതാ സൈനികരും യാത്രയയപ്പിൽ പങ്കെടുക്കും.
ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങിൽ രാജ്ഞിക്ക് തന്റെ കുടുംബാംഗങ്ങളിൽ നിന്നും വിട്ടുമാറി ഒറ്റക്ക് ഇരിക്കേണ്ടി വന്നേക്കാം. കോവിഡ് നിയന്ത്രണങ്ങൾ മൂലമാണിത്. നിലവിലെ നിയന്ത്രണങ്ങൾ പ്രകാരം, ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്ന വ്യക്തി, തന്റെ ബബിളിൽ ഇല്ലാത്തവരിൽ നിന്നും രണ്ട് മീറ്റർ അകലം പാലിക്കണം. രാജ്ഞി താമസിക്കുന്നത് ഒറ്റക്കല്ലാത്തതിനാലും, സഹായത്തിന് സേവകർ ധാരാളമുള്ളതിനാലും രാജ്ഞിയെ ഒരു ബബിളിൽ ചേർക്കാൻ ആകില്ല. രാജകുടുംബാംഗങ്ങൾ എല്ലാവരും മറ്റൊരു വീട്ടിൽ താമസിക്കുന്നതിനാൽ, രാജ്ഞി അവരിൽ നിന്നെല്ലാം രണ്ടു മീറ്റർ അകലം പാലിക്കേണ്ടി വരും.
അതേസമയം തന്റെ പിതാവിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ തനിക്ക് അഡ്‌മിറലിന്റെ യൂണിഫോം ധരിക്കണമെന്ന ആൻഡ്രൂ രാജകുമാരന്റെ ആവശ്യം രാജ്ഞിയുടെ പരിഗണനക്ക് വിട്ടു. ബാലപീഡകനായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പുറത്ത് രാജകീയ ചുമതലകളിൽ നിന്നും ഒഴിയേണ്ടി വന്ന ആൻഡ്രുവിനെ 2015-ൽ അദ്ദേഹത്തിന്റെ അമ്പത്തിയഞ്ചാം പിറന്നാളിന് ഹോണററി വൈസ് അഡ്‌മിറൽ ആക്കിയിരുന്നു. കഴിഞ്ഞ വർഷം 60 വയസ്സ് തികയുമ്പോൾ അദ്ദേഹത്തെ അഡ്‌മിറൽ ആയി സ്ഥാനക്കയറ്റം നൽകേണ്ടതാണ്. എന്നാൽ, എപ്സ്റ്റിനുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്നും മുക്തനായി ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കുന്നതുവരെ ഈ സ്ഥാനക്കയറ്റം തടഞ്ഞിരിക്കുകയാണ്.
ഇതോടെ, സംസ്‌കാര ചടങ്ങുകളിൽ സൈനിക യൂണിഫോമിലല്ലാതെ പങ്കെടുക്കുന്ന രാജകുടുംബത്തിലെ ഏക മുതിർന്ന അംഗമായി ഹാരി മാറിയേക്കും എന്നാണ് കൊട്ടാരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ചാൾസ് രാജകുമാരനും വില്യമും ആന്നിയുമെല്ലാം സൈനിക ബഹുമതികൾ കരസ്ഥമാക്കിയിട്ടുള്ളവരായതിനാൽ, അവരെല്ലാം തന്നെ സൈനിക യൂണിഫോമിലായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. ഹാരിക്കും ഇത്തരത്തിലുള്ള ഹോണററി പദവികൾ ഉണ്ടായിരുന്നെങ്കിലും , രാജകീയ ചുമതലകൾ വിട്ടോഴിഞ്ഞതോടെ അതെല്ലാം തിരിച്ചെടുക്കുകയായിരുന്നു.