ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എത്രയും പെട്ടെന്ന് നീക്കംചെയ്യണമെന്ന മുറവിളി ഉയരുമ്പോൾ, നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണങ്ങളിൽ 25 ശതമാനവും കോവിഡ് മൂലമുള്ള മരണങ്ങളല്ല എന്ന് റിപ്പോർട്ട് പുറത്തുവരുന്നു. ഇവർ മരിച്ചത് കോവിഡേതര രോഗങ്ങൾ മൂലമാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. അതായത്, മരണമടഞ്ഞവർക്ക്, ഏതെങ്കിലും സമയത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടാകും. എന്നാൽ ഇവരുടെ മരണത്തിന്റെ പ്രാഥമിക കാരണം കോവിഡല്ലെന്നാണ് മരണസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

അങ്ങനെയായിട്ടുപോലും ഇന്നലെ രേഖപ്പെടുത്തിയത് കേവലം 23 മരണങ്ങൾ മാത്രമാണ്. ഇത് ബോറിസ് ജോൺസന്റെ സ്വന്തം പാർട്ടിക്കാർ വരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ഉയർത്തുന്ന സാഹചര്യത്തിൽ കാര്യങ്ങൾ കൊണ്ടെത്തിച്ചിട്ടുണ്ട്. സർക്കാർ നടപടികളുടെ ഭാഗമായി തിങ്കളാഴ്‌ച്ചമുതൽ റെസ്റ്റോറന്റുകളിലും പബ്ബുകളിലും ഔട്ട്ഡോർ സേവനങ്ങൾ ലഭ്യമാക്കാൻ തുടങ്ങി. ഹൈസ്ട്രീറ്റിൽ കടകളും, ഹെയർഡ്രസിങ് സലൂണുകളും തുറന്നു പ്രവർത്തനമാരംഭിച്ചതോടെ തെരുവുകളിൽ തിരക്ക് വർദ്ധിച്ചിട്ടുണ്ട്.

അതേസമയം, ഇംഗ്ലണ്ടിൽ സാമൂഹിക ഒത്തുചേരലുകൾ വർദ്ധിച്ചതിനാൽ വരുന്ന ആഴ്‌ച്ചകളിൽ രോഗവ്യാപനം വർദ്ധിക്കുവൻ ഇടയുണ്ടെന്ന് ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതായത്, വാക്സിന്റെ ഫലക്ഷമതയിൽ അദ്ദേഹത്തിനും സംശയമുള്ളതുപോലെയായിരുന്നു ഈ അഭിപ്രായ പ്രകടനം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് രോഗവ്യാപനം കുറച്ചതെന്ന് അദ്ദേഹം പൂർണ്ണമായി വിശ്വസിക്കുന്നതുപോലെയായിരുന്നു അഭിപ്രായ പ്രകടനം.

അതേസമയം, ടോറി എം പിമാരുടെ കോവിഡ് റിസർച്ച് ഗ്രൂപ്പ് ഡെപ്യുട്ടി ചെയർമാൻ സ്റ്റീവ് ബേക്കർ സർക്കാൻ നേരത്തേ നിശ്ചയിച്ചതിലും മുൻപായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കം ചെയ്യണമെന്നാവശ്യവുമായി മുന്നോട്ടുവന്നിട്ടുണ്ട്. രോഗവ്യാപനം വീണ്ടും വർദ്ധിക്കുമോ എന്ന ആശങ്കയിലാണ് പ്രധാനമന്ത്രി എന്ന് സമ്മതിച്ച അദ്ദേഹം പക്ഷെ വാക്സിൻ ഫലപ്രദമാണെന്നാണ് ശാസ്ത്രലോകം വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏപ്രിൽ 2 ന് അവസാനിക്കുന്ന ആഴ്‌ച്ചയിലെ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നപ്പോൾ കഴിഞ്ഞ ആറു മാസത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ബോറിസ് ജോൺസന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമായ പ്രസ്താവനയുമായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കും രംഗത്തെത്തി. വാക്സിനേഷൻ പദ്ധതിയുടെ വിജയമാണ് കരുതലോടെ നിയന്ത്രണങ്ങൾ എടുത്തുമാറ്റാൻ തങ്ങൾക്ക് ധൈര്യം പകരുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബ്രിട്ടനിലെ നാല് അംഗരാജ്യങ്ങളിലും രോഗവ്യാപനം കാര്യമായി കുറഞ്ഞിട്ടുണ്ട്. സ്‌കോട്ട്ലാൻഡിൽ അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് നേരത്തേ പ്രഖ്യാപിച്ചതിലും ഒരാഴ്‌ച്ച മുൻപ് തന്നെ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകി. അതുപോലെ വെയിൽസിൽ വാതിൽക്കക ഇടങ്ങളിൽ ഒത്തുചേരാനുള്ള അനുമതി നൽകുന്നതും ഒരാഴ്‌ച്ച മുൻപേ ആക്കിയിട്ടുണ്ട്.

അതേസമയം, ബ്രിട്ടൻ കോവിഡിനെതിരായ യുദ്ധത്തിൽ മേൽക്കൈ നേടുന്നു എന്നതിന്റെ വ്യക്തമായ സൂചനകളായിരുന്നു ഇന്നലത്തെ കണക്കുകൾ നൽകുന്നത്. 2,472 പേർക്ക് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിക്കപ്പെട്ടപ്പോൾ 23 കോവിഡ് മരണങ്ങൾ മാത്രമാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയിലേതിനേക്കാൾ ഇതു രണ്ടും യഥാക്രമം, 3.9 ശതമാനവും 15 ശതമാനവും ആയി വർദ്ധിച്ചിട്ടുണ്ടെങ്കിലും പ്രതിവാരക്കണക്ക് നോക്കുമ്പോൾ ഇത് വളരെ കുറവാണ്.