ലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകിയതായി ഒരു വനിതാ അഭിഭാഷകയുടെ പരാതി. സമൂഹ മാധ്യമങ്ങളിലൂടെ താൻ പരിചയപ്പെട്ട ഹാരി രാജകുമാരൻ പിന്നീട് വാഗ്ദാനം ലംഘിച്ച് മേഗൻ മെർക്കലിനെ വിവാഹം ചെയ്തുവെന്ന് ഹൈക്കോടതിയിൽ പരാതി നൽകിയിരിക്കുന്നത് പൽവീന്ദർ കൗർ എന്ന യുവ വനിതാ അഭിഭാഷകയാണ്. ഇത് കേവലമൊരു പരാതിയല്ല, അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്, ഹരിയെ അറസ്റ്റ് ചെയ്യിക്കണമെന്നും പിന്നീട് സർക്കാർ ഇടപെട്ട് ഹാരിയുമായുള്ള തന്റെ വിവാഹം നടക്കാൻ വേണ്ട സാഹചര്യം ഒരുക്കണം എന്നുമാണ് ഇവരുടെ ആവശ്യം.

ഹാരി രാജകുമാരനുമായി ഇവർ സംസാരിച്ചതിന് തെളിവില്ലെന്നതിന്റെ അടിസ്ഥാനത്തിൽ കോടതി ഇവരുടെ അപേക്ഷ നിരാകരിക്കുക മാത്രമല്ല, ഇത്തരത്തിലുള്ള കേസുകളുമായി എത്തുന്നതിനെതിരെ ഇവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഹാരി മിഡിൽടണിനും മറ്റു ചിലർക്കും എതിരായിട്ടാണ് ഇവർ പരാതി ഫയൽ ചെയ്തിരിക്കുന്നത്. ഒരു അഭിഭാഷകയായ താൻ തന്നെ നേരിട്ട് ഹാജരായി ബോധിപ്പിക്കുന്ന പരാതി എന്നാണ് അതിൽ അവർ പറഞ്ഞിരിക്കുന്നത്.

ബ്രിട്ടനിൽ താമസമാക്കിയ പ്രിൻസ് ചാൾസ് മിഡിൽടണിന്റെ പുത്രൻ ഹാരി മിഡിൽടണിനെതിരെ നിയമനടപടികൾ സ്വീകരിക്കുവാൻ കോടതി തയ്യാറാകണം എന്നാവശ്യപ്പെടുന്നതാണ് പരാതി. വിവാഹ വാഗ്ദാനം നൽകി തന്നെ കബളിപ്പിച്ചതിനെതിരെ നിയമനടപറ്റികൾ സ്വീകരിക്കുവാൻ ബ്രിട്ടീഷ് പൊലീസിന് നിർദ്ദേശം നൽകണം എന്നും പരാതിയിൽ പറയുന്നു. തുടർന്ന് വിചാരണ നടത്തിയ ജസ്റ്റിസ് അരവിന്ദ് സിംഗിന്റെ ചോദ്യങ്ങൾക്ക് ഉത്തരമായി, താൻ ഇതുവരെ ബ്രിട്ടനിൽ പോയിട്ടില്ലെന്നും, ഹാരിയെ നേരിൽ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു,. സമൂഹ മാധ്യമങ്ങളിൽ കൂടി മാത്രമായിരുന്നു പരസ്പരം ബന്ധപ്പെട്ടിരുന്നതെന്നും അവർ പറഞ്ഞു.

ഹാരിയുടെ പിതാവായ ചാൾസ് രാജകുമാരനെ, താനും ഹാരിയും വിവാഹം കഴിക്കാൻ തീരുമാനിച്ച വിവരം കത്തിലൂടെ അറിയിച്ചു എന്നു പറഞ്ഞ അഭിഭാഷക, അദ്ദേഹത്തിൽ നിന്നും പ്രതികരണം ഉണ്ടായില്ലെന്നും കോടതിയെ ബോധിപ്പിച്ചു. മാത്രമല്ല, തനിക്ക് നൽകിയ വാഗ്ദാനം ഹാരി പാലിച്ചില്ലെന്നും ചാൾസിനെ അറിയിച്ചിരുന്നതായി ഈ യുവതി പറഞ്ഞു. എന്നാൽ, ഇതുവരെ ഹാരിയെ നേരിട്ടുകാണുകയോ സംസാരിക്കുകയോ ചെയ്തതായി തെളിവുകൾ ഇല്ലാത്തതിനാൽ കോടതി ഈ പരാതി തള്ളുകയായിരുന്നു.

എന്നിരുന്നാലും യുവ അഭിഭാഷകയോട് സഹാനുഭൂതിയോടെയാണ് കോടതി ഇടപെട്ടത്. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലുകൾ തീർക്കുന്ന അപകടങ്ങളെ കുറിച്ച് യുവ അഭിഭാഷകയെ ബോധവത്ക്കരിച്ച അവർ അത്തരം പ്രൊഫൈലുകളെ കണ്ണടച്ച് വിശ്വസിക്കരുതെന്നും അവരോട് പറഞ്ഞു.