ചവറ: ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നിന്നും ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കെഎസ്ആആർടിസിയുടെ മുൻ ചക്രത്തിന് അടിയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടയാളുടെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ്. വിഷു ദിവസം വൈകിട്ട് തേവലക്കര ചേനങ്കര ജംക്ഷനിലാണ് അപകടം നടന്നത്.

സമീപത്തെ ആഭരണ വ്യാപാരശാലയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കോയിവിള സ്വദേശിയായ വിരമിച്ച പൊലീസുകാരനാണ് അപകടത്തിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്നറിയുന്നു. യാത്രക്കാരനെ സംബന്ധിച്ച കൂടുതൽ വിവരങ്ങളും ലഭ്യമായിട്ടില്ല. ബുധനാഴ്ച വൈകിട്ട് കോയിവിള ഭാഗത്തുനിന്ന് ബൈക്കോടിച്ചു തേവലക്കരയിലേക്ക് പോകുന്നതിനിടെ ചവറഅടൂർ റോഡിലേക്ക് ഇറങ്ങുമ്പോഴാണ് സംഭവം.

എതിർ ദിശയിൽ നിന്നും ബൈക്ക് വളച്ച് മെയിൻ റോഡിലേക്ക് കയറ്റുമ്പോൾ പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് മറിയുകയും ബൈക്കോടിച്ചയാളുടെ ദേഹത്ത് മുട്ടാതെ ബസ് ബൈക്കിനുമേൽ കയറിയിറങ്ങിനിന്നത്. നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും യാത്രക്കാരനു പരുക്കേൽക്കാത്തതിനാൽ കേസ് എടുത്തിട്ടില്ല.