മുത്തച്ഛന്റെ ഭൗതിക ശരീരത്തെ തോളോടുതോൾ ചേർന്ന് അനുഗമിക്കാൻ ഹാരിയും വില്യമുമില്ല. പകരം അവർ മുത്തച്ഛന്റെ മൃതദേഹ പേടകം വഹിക്കും. പേടകത്തിന്റെ ഇരുവശങ്ങളിൽ നിന്നായിരിക്കും ഇവർ വഹിക്കുക. ഇവർക്കിടയിൽ ഒരു മതിലുപോലെ ഇവരുടെ കസിൻ പീറ്റർ ഫിലിപ്പ് ഉണ്ടാകും. അതിനുശേഷം മൃതദേഹ പേടകം സെയിന്റ് ജോർജ്ജ് ചാപ്പലിലേക്ക് എടുക്കുമ്പോൾ വില്യം ഹാരിയേക്കാൾ മുൻപേ അകത്തേക്ക് പോകും. ഇരുവർക്കും പ്രത്യേകം പ്രത്യേകം സീറ്റുകൾ ആണ് ഒരുക്കിയിരിക്കുന്നത്.

അസാധാരണമായ ഈ നടപടി ക്രമങ്ങൾ പലരുടെയും നെറ്റി ചുളിച്ചിട്ടുണ്ട്. ഫിലിപ്പ് രാജകുമാരന്റെ മരണത്തോടെ കുടുംബത്തിനകത്തെ അന്തഃചിദ്രങ്ങൾ ഒഴിവാക്കി ഒന്നിക്കാൻ അവസരം വന്നു എന്ന് പറഞ്ഞു നടന്ന പലരും ഇന്ന് ആ അവസരം പാഴാക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. കുടുംബത്തിന്റെ ഒരുമയുടെ മുഖം ഈ ശവസംസ്‌കാര ചടങ്ങിൽ ദൃശ്യമാകും എന്നായിരുന്നു നേരത്തേ കൊട്ടാരം വൃത്തങ്ങൾ പറഞ്ഞിരുന്നത്. സഹോദരങ്ങൾ തോളോടുതോൾ ചേർന്ന് നിൽക്കാതെ അതെങ്ങനെ സാധ്യമാകും എന്ന ചോദ്യവുമുയരുന്നു. മറ്റു ചിലർ ചോദിക്കുന്നത് ഹാരിയുടെയും വില്യമിന്റെയും ആവശ്യപ്രകാരമാണോ ഇത്തരം നടപടിക്രമം കൈക്കൊണ്ടത് എന്നാണ്.

ഇത് ഒരു ശവസംസ്‌കാര ചടങ്ങാണെന്നും, ഒരു കുടുംബനാടകത്തിന്റെ വൈകാരികതയോടെയല്ല ഇതിനെ സമീപിച്ചിരിക്കുന്നത് എന്നുമാണ് ബക്കിങ്ഹാം കൊട്ടാരത്തിന്റെ വക്താവ് അറിയിച്ചത്. രാജ്ഞിയുടെ അംഗീകാരം ഈ നടപടിക്രമങ്ങൾക്ക് ഉണ്ട് എന്നും അവർ പറയുന്നു. നാളെ ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംസ്‌കാര ചടങ്ങുകൾക്ക് ആരംഭമാവുക. പ്രത്യേകം താമസിക്കുന്ന രാജ്ഞി ഒരു ബബിളിലും ഉൾപ്പെടാത്തതിനാൽ, മറ്റുള്ളവരിൽ നിന്നും സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകളിൽ പങ്കെടുക്കുക.

കഴിഞ്ഞവർഷം മാർച്ചിൽ കോമൺവെൽത്ത് ദിനാഘോഷങ്ങൾക്കാണ് വില്യമിനേയും ഹാരിയേയും ഒരുമിച്ച് പൊതുവേദിയിൽ കണ്ടത്. അതിനുശേഷം ഇരുവരും തോളോടുതോൾ ചേർന്ന് മൃതദേഹത്തെ അനുഗമിക്കുമെന്നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. പിന്നീടാണ് ആ തീരുമാനം മാറ്റിയത്. ഇരുവരും വളരെയധികം സ്നേഹിച്ചിരുന്ന മുത്തച്ഛന്റെ വിയോഗം, കഴിഞ്ഞതെല്ലാം മറന്ന് ഒന്നിക്കാൻ അവരെ പ്രേരിപ്പിക്കും എന്നായിരുന്നു വിചാരിച്ചിരുന്നത്. മാത്രമല്ല, കൗമാരക്കാരായിരിക്കുമ്പോൾ തങ്ങളുടെ അമ്മയുടെ മൃതദേഹത്തെ അനുഗമിച്ച ഓർമ്മകളുംനാളിൽ അവരിൽ ഉണർന്നേക്കും.

മൃതദേഹത്തോടൊപ്പം നടക്കുന്ന ഒമ്പതുപേരിൽ വില്യമും ഹാരിയും ഉണ്ടായിരിക്കും. മൂന്നാമത്തെ നിരയിലായിരിക്കും ഇവർ ഉണ്ടാവുക. കസിൻ പീറ്റർ ഫിലിപ്പ് ഇവർക്കിടയിൽ ഉണ്ടാകും. ചാൾസ് രാജകുമാരനും അന്നെ രാജകുമാരിയുമായിരിക്കും അന്ത്യയാത്രയെ നയിക്കുക. തൊട്ടുപുറകെ അൻഡ്രൂസ് രാജകുമാരനും എഡ്വേർഡ് രാജകുമാരനുമുണ്ടാകും. വില്യത്തിനും ഹാരിക്കും പുറകിലായി ആനീ രാജകുമാരിയുടെ ഭർത്താവ് ടിം ലോറൻസും ഫിലിപ്പിന്റെ അനന്തരവനും ഉണ്ടാകും.

കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പരിമിത എണ്ണം ആളുകളെ മാത്രമെ സംസ്‌കാര ചടങ്ങിൽ പങ്കെടുപ്പിക്കാൻ കഴിയൂ. അതുകൊണ്ടു തന്നെ ഇതിന് ആരെയൊക്കെ പങ്കെടുപ്പിക്കണം എന്ന് നിശ്ചയിക്കാൻ രാജ്ഞി ഏറെ പ്രയാസപ്പെട്ടു എന്നാണ് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചത്.