ചാലക്കുടി: നാലു മാസം മുൻപ് പുഴയിൽ വീണ കണ്ടെയ്‌നർ ലോറി ഇനിയും കരയ്‌ക്കെത്തിക്കാനായില്ല. തിരഞ്ഞെടുപ്പു വന്നതോടെ വിഐപി മൂവ്‌മെന്റ് കണക്കിലെടുത്താണു ലോറി തൽക്കാലം ഉയർത്തേണ്ടെന്നു തീരുമാനിച്ചത്. മൂന്നുവട്ടം ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു. വലിയ ക്രെയിനുകൾ എത്തിച്ചു ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെ ശ്രമം ഉപേക്ഷിച്ചു. ചെറിയ ഭാഗങ്ങളായി ലോറി മുറിച്ച ശേഷം ഉയർത്തണമെന്നു വിദഗ്ദ്ധർ നിർദേശിച്ചിരുന്നു.

ഡിസംബർ 6നാണു ലോറി പുഴയിൽ പതിച്ചത്. ക്രെയിൻ ഉപയോഗിച്ച് കേടുപാടുകൾ വരാതെ പുഴയിലേക്കു ലോറി മറിച്ചിട്ടിരുന്നു. ദേശീയപാതയിലെ 2 പാലങ്ങളുടെ ഇടയിലാണ് ലോറി കിടക്കുന്നത്. ലോറി ഉയർത്താൻ 1.2 ലക്ഷം രൂപയ്ക്കാണു ക്രെയിൻ സർവീസുകാർ കരാർ എടുത്തിരുന്നത്. കാബിൻ ഉൾപ്പെടെ 70 അടിയാണു ലോറിയുടെ നീളം. പാലത്തിന്റെ തൂണുകൾക്കു കേടു വരാതെ ലോറി ഉയർത്തുന്നതു ഏറെ ശ്രമകരമാണ്. മഴ ശക്തമായാൽ പുഴയിലെ സ്വാഭാവിക ഒഴുക്കു തടസ്സപ്പെടുമെന്ന ആശങ്കയുണ്ട്.

എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ഡയറക്ടർ ജയൻ ജോസഫ് പട്ടത്തിന്റെ നേതൃത്വത്തിൽ ലോറിക്കു മുകളിൽ കയറി ഒരുക്കിയ ഒറ്റയാൾ പ്രതിഷേധം.
പുഴയിൽ കിടക്കുന്ന കണ്ടെയ്‌നർ ലോറിയുടെ കാബിനും എൻജിനും ഉൾപ്പെടെയുള്ള ഭാഗത്തിന് 5 ടൺ ഭാരവും കണ്ടെയ്‌നറിനു 9 ടൺ ഭാരവുമാണുള്ളത് ആകെ 14 ടൺ. എൻജിനും കണ്ടെയ്‌നറും അടക്കം 72 അടി നീളവും 9 അടി ഉയരവുമുണ്ട്.