ഷിക്കാഗോ: പൊലീസിനെ കണ്ട് ഭയന്നോടിയ പതിമൂന്നുകാരനെ അമേരിക്കൻ പൊലീസ് വെടിവെച്ചു കൊന്നു. തോക്കിൻ മുനയിൽ ഭയന്നു വിറത്ത് ഇരുകയ്യുകളും ഉയർത്തി നിന്ന കൗമാരക്കാരനായ ആഡം ടൊലേഡൊയെ ആണ് പൊലീസ് ഞൊടിയിടയിൽ വെടിവെച്ചിട്ടത്. നെഞ്ചിൽ വെടിയേറ്റ കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പൊലീസിന്റെ കണ്ണില്ലാ ക്രൂരതയുടെ വീഡിയോ പുറത്ത് വന്നതിന്് പിന്നാലെ ഷിക്കാഗോയിൽ ജനരോഷം പുകയുകയാണ്.

ജനങ്ങളോട് ശാന്തരാകണമെന്ന് ഷിക്കാഗോ മേയർ ലോറി ലൈറ്റ് ഫുട്ട് പറഞ്ഞു. ആഡമിന്റെ കയ്യിൽ നിന്നും ഹാൻഡ് ഗൺ കണ്ടെടുത്തതായാണ് പൊലീസ് പറയുന്നത്. എന്നാൽ പുറത്ത് വന്ന വീഡിയോയിൽ ഈ കുട്ടി ഓടുന്നത് കാണാം. കയ്യിൽ ഒന്നും തന്നെ ഇല്ലെന്നും വീഡിയോയിൽ വ്യക്തമാണ്. എന്നാല്ഡ പൊലീസുകാരന്റെ കൊലവിളിയിൽ ഇരുകൈകളും ഉയർത്തി നിന്ന കുട്ടിയുടെ നെഞ്ചിലേക്ക് വെടിയുതിർക്കുക ആയിരുന്നു. മാർച്ച് 29ന് രാവിലെയാണ് സംഭവം നടക്കുന്നത്.

കുട്ടിയുടെ കയ്യിൽ ആ ദിവസം രാവിലെ തോക്ക് കണ്ടിരുന്നതായാണ് പൊലീസിന്റെ വാദം. കൊല്ലപ്പെടുന്നതിന് മുമ്പായുള്ള വീഡിയോ ഫൂട്ടേജിൽ കുട്ടിയുടെ കയ്യിൽ തോക്ക് ഇരുന്നതിന്റെ ദൃശ്യം കാണാം. പൊലീസ് എത്തിയപ്പോൾ ഇത് വലിച്ചെറിയുകയും ചെയ്തതായി പറയുന്നു. എന്നാൽ തോക്ക് കയ്യിലിരുന്നതിന്റെ പേരിൽ കുട്ടിയെ വെടിവെച്ച് കൊന്നതിൽ രാജ്യത്ത് രോഷം പുകയുകയാണ്. ജോർജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം തീരും മുന്നേയാണ് അമേരിക്കയിൽ നിന്നും അടുത്ത കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. അതും ഒരു കൊച്ചു ബാലകന്റേത്. ഇതോടെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്.