അരീക്കോട്: കോവിഡ് അനന്തര ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ അന്തരിച്ച ഡോ. കെ.അബ്ദുറഹിമാന് (73) ആദരാഞ്ജലികളുമായി സാംസ്കാരിക കേരളം. ആതുര സേവന രംഗത്തെയും മതസാമൂഹിക മേഖലയിലെയും മുൻനിര പ്രവർത്തകനും കെഎൻഎം മർക്കസുദ്ദഅ്വ സംസ്ഥാന ട്രഷററുമായിരുന്നു അദ്ദേഹം. കോവിഡ് അനന്തര ചികിത്സയ്ക്കിടെ ഇന്നലെ രാവിലെ 11.10ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മുജാഹിദ് സംഘടനാ രംഗത്ത് സജീവ പ്രവർത്തകനായിരുന്നു. മതപ്രബോധന സംഘമായ 'നിഷ് ഓഫ് ട്രൂത്ത്' രൂപീകരിച്ചത് അബ്ദുറഹിമാന്റെ നേതൃത്വത്തിലായിരുന്നു. തിരൂർ താലൂക്ക് ആശുപത്രി, മഞ്ചേരി ജില്ലാ ആശുപത്രി, മഞ്ചേരി കൊരമ്പയിൽ ആശുപത്രി, കോഴിക്കോട് ആസ്റ്റർ മിംസ്, മൈത്ര ആശുപത്രി എന്നിവിടങ്ങളിൽ സീനിയർ ഫിസിഷ്യനായി സേവനം ചെയ്തു.

മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവരെയും സാധാരണ വോളന്റിയർമാരെയും സംഘടിപ്പിച്ച് 1987ൽ 'ഐഎംബി' എന്ന മെഡിക്കൽ വിങ് സ്ഥാപിച്ചു. ഐഎംബിക്ക് കീഴിലാണ് 1996ൽ മഞ്ചേരിയിൽ മലപ്പുറം ജില്ലയിലെ ആദ്യ സാന്ത്വന പരിചരണകേന്ദ്രം ആരംഭിക്കുന്നത്. കോഴിക്കോട് കെയർ ഹോം, മഞ്ചേരി നോബിൾ പബ്ലിക് സ്‌കൂൾ, എയ്സ് പബ്ലിക് സ്‌കൂൾ, ഗുഡ് ഡീഡ്സ് ട്രസ്റ്റ് തുടങ്ങിയവയുടെ സ്ഥാപകനാണ്.

കൊല്ലത്തൊടി അബൂബക്കർ, ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫൗസിയ (പാലക്കാട്). മക്കൾ: ഡോ. ശിഫ (എംഇഎസ് മെഡിക്കൽ കോളജ്, പെരിന്തൽമണ്ണ ), ഡോ. നഷ (ഒമാൻ), ഷഹീർ (ജർമനി), നിഷാൽ (എറണാകുളം). മരുമക്കൾ: ഷഹബാസ്, നബീൽ, അമീന, പരേതനായ ഡോ. ഷെയ്ഖ്. അരീക്കോട് താഴത്തങ്ങാടി വലിയ ജുമാഅത്ത് പള്ളിയിൽ കബറടക്കം നടത്തി.