- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴഞ്ഞ് വീണ് പൊന്നനുജൻ മരിച്ചതിന് പിന്നാലെ അമ്മയും ജീവൻ വെടിഞ്ഞു; നാലു ദിവസത്തിനിടെ ഉണ്ടായ തീരാ നഷ്ടങ്ങൾക്കിടയിലും എസ്എസ്എൽസി പരീക്ഷ എഴുതാൻ സ്‌നേഹ
ഒറ്റപ്പാലം: മനസ്സിൽ ഒരായിരം സങ്കടക്കടൽ ആർത്തിരമ്പുമ്പോഴും തളരാത്ത മനസ്സുമായാണ് സ്‌നേഹ എന്ന 15കാരി ഇന്നലെ എസ്എസ്എൽസി പരീക്ഷ എഴുതാനെത്തിയത്. കഴിഞ്ഞ നാലു ദിവസത്തിനിടെ സ്‌നേഹയുടെ ജീവിതത്തിലുണ്ടായത് തീരാ നഷ്ടങ്ങളുടെ കണക്കുകൾ മാത്രമാണ്. പൊന്നനുജനേയും പെറ്റു വളർത്തിയ അമ്മയേയുമാണ് കണ്ണടച്ചു തുറന്നപ്പോൾ സ്‌നേഹയ്ക്ക് നഷ്ടമായത്.
പാലപ്പുറം കയറംപാറ ഞെഴുവൻകാട്ടിൽ അജയന്റെ മകൾ സ്‌നേഹയാണ് ഒഴുക്കുകളെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള ഊർജം സംബാദിച്ചത്. തീരാനഷ്ടത്തെ മനസ്സിന്റെ ഒരു കോണിലേക്ക് മാറ്റി മനക്കരുത്തിന്റെ ബലത്തിൽ പരീക്ഷ എഴുതുകയാണ് സ്‌നേഹ. കഴിഞ്ഞ 4 ദിവസത്തിനിടെ ഉണ്ടായ അപ്രതീക്ഷിത നഷ്ടങ്ങൾക്കിടയിലും ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായ സ്‌നേഹ, ഇന്നലെ അമ്മാവൻ പ്രജീഷിന്റെ കൈപിടിച്ചു ഫിസിക്‌സ് പരീക്ഷയ്‌ക്കെത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയാണു സ്‌നേഹയുടെ സഹോദരൻ ആദർശ് (13) കുഴഞ്ഞുവീണു മരിച്ചത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച രാത്രി അമ്മ പ്രസീതയെ (36) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മീറ്റ്‌ന സീനിയർ ബേസിക് സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ആദർശ് നേരത്തെ ശ്വാസതടസ്സത്തിനു ചികിത്സയിലായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. ഞായറാഴ്ച രാവിലെ എട്ടരയോടെ മുറ്റത്തു കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
വിഷുത്തലേന്നു രാത്രി കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങാൻ കിടന്ന പ്രസീതയെ അർധരാത്രിയോടെയാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കണ്ണൂരിൽ നിർമ്മാണത്തൊഴിലാളിയായ അജയൻ പടക്കം ഉൾപ്പെടെ വാങ്ങി വിഷുവിനു വീട്ടിലേക്കു വരാൻ ഒരുങ്ങിനിൽക്കുന്നതിനിടെയാണു മകൻ മരിച്ച വിവരം അറിയുന്നത്. കരഞ്ഞു തീരും മുൻപേ ഭാര്യയുടെ വിയോഗം. നഗരസഭയുടെ സാമ്പത്തിക സഹായത്തോടെ തുടങ്ങിയ വീടു നിർമ്മാണം അടിത്തറയിലെത്തിയിട്ടേയുള്ളൂ. വളപ്പിലെ ഷെഡ്ഡിലാണു കുടുംബത്തിന്റെ താമസം.
മറുനാടന് മലയാളി ബ്യൂറോ