കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ സമർപ്പിച്ചവർ ഒന്നാം ഡോസ് കോവിഡ് വാക്സിനെടുക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദ്ദേശം. ഈവർഷത്തെ ഹജ്ജിന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് രണ്ട് ഡോസ് കോവിഡ് വാക്സിൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് നിർദ്ദേശം പുറപ്പെടുവിച്ചത്.

അതേസമയം 2021-ലെ ഹജ്ജ് യാത്രയുടെ നടപടികളുമായി ബന്ധപ്പെട്ട് സൗദി സർക്കാരിൽനിന്ന് ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല. ഹജ്ജിന് അനുമതി ലഭിക്കുന്നപക്ഷം രണ്ടുഡോസ് വാക്സിൻ യഥാസമയം എടുത്തവരെ മാത്രമേ പരിഗണിക്കൂ. ഇന്ത്യയിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂൺ പകുതിയോടെ ആവും പുറപ്പെടുക. ഈ സാഹചര്യത്തിൽ ഹജ്ജിന് അപേക്ഷ നൽകിയ മുഴുവൻപേരും അതത് പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഒന്നാംഡോസ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി നിർദേശിച്ചു. ഹജ്ജ് അപേക്ഷകർക്ക് സമയബന്ധിതമായി കോവിഡ് വാക്സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ചെയർമാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വിവരങ്ങൾക്ക് ഹജ്ജ് കമ്മിറ്റി ഓഫീസുമായോ ട്രെയിനർമാരുമായോ ബന്ധപ്പെടണം. ഫോൺ: 0483 27107