- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞയാഴ്‌ച്ച ലോകമെമ്പാടുമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 45 ലക്ഷം പുതിയ കോവിഡ് രോഗികൾ; അമേരിക്കയിലും ബ്രസീലിലും ഉള്ളതിന്റെ മൂന്നിരട്ടിപേർ ഇന്ത്യയിൽ ദിവസവും രോഗികളാവുന്നു; മരണത്തിലും ഇന്ത്യ രണ്ടാമതെത്തുന്നു; കോവിഡ് ബാധയിൽ വിറച്ച് ലോകം
ഓരോ ആഴ്‌ച്ചയിലും പുതിയതായി കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ആഗോളാടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ട് മാസം കൊണ്ട് ഇരട്ടിയായി വർദ്ധിച്ചിരിക്കുന്നു. ലോകാരോഗ്യ സംഘടനയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. കോവിഡിന്റെ ചരിത്രത്തിലെ ഏറ്റവുമുയർന്ന രോഗവ്യാപന തോതിലേക്കാണ് ലോകം നടന്നടുക്കുന്നത് എന്നും അവർ പറയുന്നു. രോഗവ്യാപന തോതും മരണനിരക്കും, ഭീതിയുളവാക്കുന്ന തലത്തിലേക്കാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
ലോകമാകമാനമായി 13 കോടിയിലധികം കോവിഡ് ബാധിതരുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കിൽ പറയുന്നത്. ഏകദേശം30 ലക്ഷത്തിനടുത്ത് മരണങ്ങളും നടന്നിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച്ച മാത്രം 45 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതയി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഫെബ്രുവരിൽ പ്രതിവാരം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് ശരാശരി 24 ലക്ഷം കേസുകളായിരുന്നു. അതുപോലെ ആഗോളാടിസ്ഥാനത്തിൽ ഇതുവരെ 750 ദശലക്ഷം വാക്സിൻ ഡോസുകളാണ് നൽകിക്കഴിഞ്ഞിരിക്കുന്നത്.
ഏഷ്യൻ ഭൂഖണ്ഡത്തിലാണ് ഇപ്പോൾ കോവിഡ് വ്യാപനം ശക്തിപ്പെടുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായുള്ളത്. അധികം താമസിയാതെ കോവിഡ് രോഗികളുടെ കാര്യത്തിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്നും റിപ്പോർട്ടിൽ പ്രവചിക്കപ്പെടുന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്. യൂറോപ്പിലും മൂന്നാം തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയതോടെ രോഗവ്യാപനതോത് കുത്തനെ ഉയർന്നു. 16 ലക്ഷം പേർക്കാണ് കഴിഞ്ഞയാഴ്‌ച്ച വിവിധ യൂറോപ്യൻ രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചത്.
അതേസമയം, കർശനമായ ലോക്ക്ഡൗൺ നിയന്തണങ്ങളും വിജയകരമായ വാക്സിൻ പദ്ധതിയും ഒന്നു ചേർന്ന് ബ്രിട്ടനിലെ രോഗവ്യാപനത്തിന് കടിഞ്ഞാണിട്ടതായ സൂചനകൾ തന്നെയാണ് ലോകാരോഗ്യ സംഘടനയും നൽകുന്നത്. ഒരുപക്ഷേ കോവിഡിന്റെ ദുരന്തം ഏറ്റവും അധികം ഏറ്റുവാങ്ങിയ ബ്രിട്ടൻ ഇപ്പോൾ സാവധാനം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. എന്നാൽ, മറ്റു പ്രമുഖ യൂറോപ്യൻ രാജ്യങ്ങളെല്ലാം തന്നെ ഇപ്പോഴും ദുരിതമനുഭവിക്കുകയാണ്.
ബെൽജിയത്തിൽ വിചാരിച്ച രീതിയിൽ രോഗവ്യാപന തോത് കുറയുന്നില്ല എന്നത് സർക്കാരിനെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. ഇറ്റലിയുൾപ്പടെയുള്ള വിവിധ രാജ്യങ്ങൾ ലോക്ക്ഡൗണിലാണെങ്കിലും, കോവിഡ് നിയന്ത്രണത്തിൽ കാര്യമായ പുരോഗതി കൈവരിക്കാൻ ആകുന്നില്ല.
മാത്രമല്ല, ലോക്ക്ഡൗണിനെതിരെയുള്ള പ്രക്ഷോഭണം പലയിടങ്ങളിലും ശക്തിപ്രാപിച്ചു വരുന്നതും സർക്കാരുകളെ ഏറെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ