തൃശൂർ: തിരുവമ്പാടി -പാറമേക്കാവ് ക്ഷേത്രങ്ങളിൽ പൂരത്തിന്റെ കൊടിയേറി. പൂജ ചെയ്ത കൊടിക്കൂറ തന്ത്രിമാർ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുവന്നു. തിരുവമ്പാടി ക്ഷേത്രത്തിൽ പാരമ്പ്യര അവകാശികളായ താഴത്തുപുരയ്ക്കൽ കുടുംബങ്ങൾ ഭൂമിപൂജ നടത്തി ദേശക്കാരെല്ലാം കൊടിയേറ്റുകയായിരുന്നു.

തിരുവമ്പാടി കൊടിയേറ്റം നടന്നതിന് പിന്നാലെയാണ് പാറമേക്കാവ് ക്ഷേത്രത്തിൽ കൊടിയേറിയത്. കൊടിയേറ്റത്തിന് ശേഷമുള്ള എഴുന്നള്ളിപ്പ് തിരുവമ്പാടിയിൽ മൂന്നുമണിക്കാണ്. തിരുവമ്പാടി ചന്ദ്രശേഖരനായരക്കും തിടമ്പ് ഏറ്റുക. പാറമേക്കാവിൽ ഒരുമണിക്കാണ് പുറത്തേക്കുള്ള എഴുന്നള്ളിപ്പ്. മേളപ്രമാണി പെരുമനൻ കുട്ടന്മാരാരുടെ നേതൃത്വത്ത മേളം നടക്കും. കുട്ടന്മാരാർക്കിത് 45ാം തൃശ്ശൂർ പൂരമാണ്. പാറമേക്കാവ് പത്മനാഭൻ തിടമ്പേറ്റും.

പൂരം കാണാൻ വരുന്നവർ ഏപ്രിൽ ഇരുപതിന് ആർടിപിസിആർ ടെസ്റ്റ് നടത്തണം. ഇരുപത്തിയൊന്നിന് ലഭിക്കുന്ന സർട്ടിഫിക്കറ്റുമായി പൂരപറമ്പിൽ എത്താം. സാംപിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ ഈ സർട്ടിഫിക്കറ്റ് മതി. നഗരത്തിലേക്കുള്ള എല്ലാ വഴികളിലും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി പൊലീസ് നിലയുറപ്പിക്കും.

10 വയസ്സിൽ താഴെയുള്ളവർക്കും ഗർഭിണികൾക്കും പൂരത്തിന് പ്രവേശനമില്ല. ഇത്തവണ പൂരം എക്‌സിബിഷന് പകുതി സ്റ്റാളുകൾ മാത്രമായിരിക്കും ഉണ്ടാവുക.