- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവിനെ ഹെൽമറ്റ് ഇല്ലാത്തതിന്റെ പേരിൽ തടഞ്ഞു വെച്ചു; രോഗ വിവരം പറഞ്ഞിട്ടും വിട്ടയയ്ക്കാതിരുന്ന യുവാവിനെ പൊലീസ് പറഞ്ഞയച്ചത് അവശനായി ബോധം കെട്ടു വീണപ്പോൾ: ഡിവൈഎസ്പിക്ക് പരാതി നൽകി റാഫി
കായംകുളം: ഡയാലിസിസ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ യുവാവിനെ ഹെൽമറ്റ് ഇല്ലാത്തതിന്റെ പേരിൽ പൊലീസ് വഴിയിൽ തടഞ്ഞു വെച്ചു. പൊലീസിനോട് രോഗ വിവരം പറഞ്ഞെങ്കിലും വിട്ടയയ്ക്കാൻ തയ്യാറായില്ലെന്നും ഒടുവിൽ അവശനായി ബോധം കെട്ടു വീഴുന്നതു വരെ പിടിച്ചു നിർത്തിയെന്നും യുവാവ് ആരോപിച്ചു. രോഗവിവരം പറഞ്ഞിട്ടും കൂട്ടാക്കാതെ പിഴ അടയ്ക്കാനാവശ്യപ്പെട്ട് പൊലീസ് തന്നെ വണ്ടിയിൽ നിന്നിറക്കി വഴിയിൽ മാറ്റിനിർത്തിയെന്നും യുവാവ് പറയുന്നു. കായംകുളം പെരിങ്ങാല മഠത്തിൽ പടീറ്റതിൽ മുഹമ്മദ് റാഫി (23) യാണ് പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഇതു സംബന്ധിച്ച് റാഫി കായ
ഡയാലിസിസ് കഴിഞ്ഞ് ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ കായംകുളം താലൂക്ക് ആശുപത്രിയിൽ നിന്നു മാതാവിനൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്കു പോകുമ്പോഴാണ് സംഭവം. ബോയ്‌സ് എച്ച്എസ്എസിനടുത്ത് ട്രാഫിക് പൊലീസ് തടയുകയും ഹെൽമെറ്റ് വയ്ക്കാത്തതിന് പിഴയിടുകയും ചെയ്തു. തലവേദനയും മറ്റു പ്രയാസങ്ങളുമുള്ളതിനാൽ വേഗം വീട്ടിലെത്താനായിരുന്നു ശ്രമം. ഡയാലിസിസ് കഴിഞ്ഞു പോകുകയാണെന്നും ഹെൽമറ്റിന്റെ ഭാരം താങ്ങാൻ കഴിയില്ലെന്നും പൊലീസുകാരോടു വിശദീകരിച്ചെങ്കിലും വാഹനം ഒതുക്കി വയ്ക്കാൻ പറഞ്ഞ് ഒരു സിവിൽ പൊലീസ് ഓഫിസർ തട്ടിക്കയറി. എസ്‌ഐയെ കണ്ടു പിഴ അടച്ചിട്ടു പോയാൽ മതിയെന്നും പറഞ്ഞു. എസ്‌ഐയോടും കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. സിവിൽ പൊലീസ് ഓഫിസറുടെ പേരു ചോദിച്ചതും ഉദ്യോഗസ്ഥർക്ക് ഇഷ്ടപ്പെട്ടില്ല.
അപ്പോൾ തന്നെ വഴിയിൽ മാറ്റി നിർത്തിയെന്നും അവശനായി ബോധംകെട്ടു വീഴുകയായിരുന്നെന്നും റാഫി പറയുന്നു. മാതാവ് റൈഹാനത്തും പൊലീസിനോട് കാര്യം വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് ആരോപണം. ഗുരുതരമായ വൃക്കരോഗമുള്ള റാഫി രണ്ട് വർഷമായി ഡയാലിസിസിനു വിധേയനാകുന്നുണ്ട്. കെഎസ്‌യു നേതാവായിരുന്ന റാഫി വൃക്ക തകരാറിനു ചികിത്സിക്കാൻ കഷ്ടപ്പെട്ടപ്പോൾ ധനസഹായവാഗ്ദാനവുമായി എസ്എഫ്‌ഐ പ്രവർത്തകർ രംഗത്തിറങ്ങിയതു വാർത്തയായിരുന്നു.
വൃക്ക മാറ്റിവയ്ക്കാനുള്ള ശ്രമം നടക്കുന്നതിനിടയിൽ ദാതാവ് അപകടത്തിൽ പെട്ടതോടെ നടപടി നീണ്ടു. സംഭവം സംബന്ധിച്ച് കായംകുളം ഡിവൈഎസ്‌പിക്കു റാഫി പരാതി നൽകി. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് ഡിവൈഎസ്‌പി അലക്‌സ് ബേബി അറിയിച്ചു. ഹെൽമറ്റും മാസ്‌കുമില്ലാതെ എത്തിയതിനാണു തടഞ്ഞതെന്നും രോഗവിവരം പറഞ്ഞപ്പോൾ പോകാൻ അനുവദിച്ചെങ്കിലും റാഫി അവിടെത്തന്നെ ഇരിക്കുകയായിരുന്നെന്ന് ട്രാഫിക് പൊലീസ് അറിയിച്ചതായും ഡിവൈഎസ്‌പി പറഞ്ഞു. പരിചയമുള്ള ആരോ എത്തി റാഫിയെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയെന്നും കുഴഞ്ഞു വീഴുകയോ ഛർദിക്കുകയോ ചെയ്തില്ലെന്നുമാണ് പൊലീസിന്റെ ഭാഷ്യം.