- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒടുവിൽ ചേട്ടനും അനുജനും പരസ്പരം മിണ്ടി; ഹാരി മനസ്സു തുറക്കാനായി അരികിൽ നിന്നും മാറിക്കൊടുത്തു കെയ്റ്റ്; പ്രിൻസ് ഫിലിപ്പിന്റെ മരണം രാജകുടുംബത്തിൽ ഒരുമ കൊണ്ടുവരുമ്പോൾ
ഒരുപക്ഷെ ഫിലിപ്പ് രാജകുമാരൻ ജീവിച്ചിരുന്നെങ്കിൽ, ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ടനായ മനുഷ്യൻ അദ്ദേഹമാകുമായിരുന്നു. കുടുംബബന്ധങ്ങൾക്കും സൗഹാർദ്ദങ്ങൾക്കും ഏറെ വില കൽപിച്ചിരുന്ന ഫിലിപ്പ് രാജകുമാരനെ ഏറെ വിഷമിപ്പിച്ചിരുന്ന ഒന്നായിരുന്നു കൊച്ചുമക്കളായ വില്യമും ഹാരിയും തമ്മിലുള്ള പിണക്കം. ഒടുവിൽ തന്റെ മരണം കൊണ്ടാണെങ്കിലും ഇരുവരെയും ഒരുമിച്ചു കൊണ്ടുവരാൻ കഴിഞ്ഞതിൽ ആ ആത്മാവ് ഇപ്പോൾ ആനന്ദക്കണ്ണീർ പൊഴിക്കുന്നുണ്ടാവും.
ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകൾക്ക് ശേഷം വില്യമും ഹാരിയും അല്പനേരം സംസാരിച്ചു. ഒരു വർഷത്തിലധികമായി ഇരുവരെയും ഒരു പൊതുവേദിയിൽ ഒരുമിച്ച് കണ്ടിട്ട്. വില്യമിനേയും മറ്റ് രാജകുടുംബാംഗങ്ങളേയും ഏറെ വിഷമിപ്പിച്ച വിവാദ അഭിമുഖം സംപ്രേഷണം ചെയ്തിട്ട് ആഴ്‌ച്ചകൾ മാത്രമേ ആകുന്നുവെങ്കിലും അതിന്റെ ലാഞ്ജനയൊന്നും ഇരുവരുടെയും മുഖത്ത് ഉണ്ടായിരുന്നില്ല. ഇരുവരും വളരെ ആയാസരഹിതമായിട്ടായിരുന്നു ഇടപെട്ടത്. സെയിന്റ് ജോർജ്ജ് ചാപ്പലിൽ നിന്നും വിൻഡ്സർ കാസിലിലേക്കുള്ള ചെറിയ ദൂരം ഇരുവരും ഒരുമിച്ച് നടന്നാണ് പോയത്.
സഹോദരന്മാർക്കിടയിൽ പഴയ ബന്ധം ഊട്ടിയുറപ്പിക്കാൻ മുൻകൈ എടുത്തത് കെയ്റ്റ് രാജകുമാരി തന്നെയായിരുന്നു. ചാപ്പൽ വിട്ട് പുറത്തിറങ്ങാൻ നേരം വില്യം വിൻഡ്സറിലെ ഡീൻ ഡേവിഡ് കോർണറുമായി സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ കെയ്റ്റ് ഹാരിയുമായി അല്പനേരം സംസാരിച്ചു. കാത്തുനിന്ന റോൾസ് റോയ്സ് കാറുകളെ അവഗണിച്ച് പിന്നീട് അവർ വിൻഡ്സർ കാസിലിലേക്ക് നടന്നുപോകാൻ തീരുമാനിക്കുകയായിരുന്നു.
ആദ്യം മുന്നിൽ നടന്ന വില്യം പിന്നീട് തിരിഞ്ഞു വന്ന് തന്റെ ഭാര്യ കെയ്റ്റിനോട് എന്തോ സംസാരിച്ചു. അപ്പോൾ ഡീനിനോട് യാത്രചോദിക്കുകയായിരുന്ന ഹാരിയും തിരികെ വന്ന് അവരോടൊപ്പം ചേർന്നു. അല്പദൂരം നടന്നപ്പോൾ, കെയ്റ്റ് മെല്ലെ പുറകോട്ട് മാറി, മറ്റ് രാജകുടുംബാംഗങ്ങൾക്കൊപ്പം ചേരുകയായിരുന്നു. അങ്ങനെ സഹോദരന്മാർക്ക് സ്വതന്ത്രമായി സംസാരിക്കാനുള്ള വഴിയൊരുക്കി. നേരത്തേ, അന്ത്യയാത്രയിൽ പങ്കെടുക്കുമ്പോൾ ഇരുവരുടെയും മുഖം ഗൗരവത്തിലായിരുന്നു. മാത്രമല്ല അവരുടെ കസിൻ പീറ്റർ ഫിലിപ്സ് ഇവർക്കിടയിൽ നിലയുറപ്പിച്ചിരുന്നു.
ചടങ്ങുകൾക്കിടയിലും വില്യം, ഹാരിക്ക് അഭിമുഖമായി തന്റെ പത്നിക്കൊപ്പമായിരുന്നു ഇരുന്നത്. എന്നിട്ടും ഒരു തവണപോലും ഇരു സഹോദരന്മാരും പരസ്പരം ഒന്നു നോക്കിയില്ല. ഹാരി ബ്രിട്ടനിലെത്തിയതു മുതൽ പല രാജകുടുംബാംഗങ്ങളും ഹാരിയോട് തണുത്ത സമീപനമായിരുന്നു പുലർത്തിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആൻഡ്രൂ രാജകുമാരൻ മാത്രമാണ് അല്പമെങ്കിലും സ്നേഹം ഹാരിയോട് കാണിച്ചത്. വിവാദ അഭിമുഖത്തിനു ശേഷം രാജകുടുംബാംഗങ്ങളിലും ബന്ധുക്കളിലും ഹാരിക്കെതിരെ വെറുപ്പു പടർന്നു തുടങ്ങിയിരുന്നു എന്നാണ് ചില വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്.
അന്നി രാജകുമാരി, എഡ്വേർഡ് രാജകുമാരൻ അദ്ദേഹത്തിന്റെ ഭാര്യ സോഫീ തുടങ്ങിയവർ ഹാരിയെ കണ്ടഭാവം നടിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ. വംശീയ വിവേചനമടക്കം ഗുരുതരമായ ആരോപണങ്ങൾ കുടുംബത്തിനു നേരെ ഉതിർത്ത ഹാരിയോടും മേഗനോടും ക്ഷമിക്കാൻ പല കുടുംബാംഗങ്ങളും ഇപ്പോഴും തയ്യാറല്ല. യൂജിനി രാജകുമാരി മാത്രമാണ് ഇപ്പോഴും ഹാരിയോട് സ്നേഹവും അനുകമ്പയും കാണിക്കുന്നത്.