കോവിഡിനു മേൽ ബ്രിട്ടന്റെ മേൽക്കൈ സ്ഥിരീകരിച്ചുകൊണ്ട് ഒരു ദിവസം കൂടി കടന്നുപോയി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് സുപ്രധാന ഇളവുകൾ നൽകുന്നതോടെ രോഗവ്യാപനം വർദ്ധിക്കും എന്ന് ആശങ്കപ്പെട്ടവർക്ക് ആശ്വാസമേകുന്നതായിരുന്നു ഇളവുകൾക്ക് ശേഷമുള്ള ആദ്യ വാരാന്ത്യം. ഇളവുകൾ പ്രഖ്യാപിച്ച് ഒരാഴ്‌ച്ച കഴിയുമ്പോൾ ഇന്നലെ രേഖപ്പെടുത്തിയത് 35 കോവിഡ് മരണങ്ങൾ മാത്രം. ഒപ്പം 2206 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ആഴ്‌ച്ചയിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ 14.8 ശതമാനത്തിന്റെ കുറവാണ് രോഗവ്യാപനത്തിൽ ഉണ്ടായിരിക്കുന്നത്.

അതുപോലെ, ചികിത്സ തേടി ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്‌ച്ച 222 പേർ ആശുപത്രിയിൽ ചികിത്സതേടിയെത്തിയപ്പോൾ ഇന്നലെ വന്നത് കേവലം 179 പേർ മാത്രമാണ്. ജനുവരിമാസത്തിൽ ദിവസേന 4000 രോഗികളോളമാണ് ആശുപത്രിയിൽ ചികിത്സതേടി എത്തിയിരുന്നത് എന്നോർക്കണം. അതേസമയം, വാക്സിൻ പദ്ധതിയും പുരോഗമിക്കുന്നുണ്ട്. ഇന്നലെ 1,19,306 പേർക്കാണ് വാക്സിന്റെ ആദ്യ ഡോസ് നൽകിയത്. ഇതോടൊപ്പം 4,85,421 പേർക്ക് രണ്ടാം ഡോസും നൽകി

അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കുകയും ബാറുകളും റെസ്റ്റോറന്റുകളും ഭാഗികമായിട്ടെങ്കിലും പ്രവർത്തനം ആരംഭിക്കുകയും ചെയ്തതിനു ശേഷവും ആശങ്കപ്പെട്ടതുപോലെ രോഗവ്യാപനം വർദ്ധിക്കാത്തത് സർക്കാരിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തേ ആസൂത്രണം ചെയ്തതുപോലെ ജൂൺ 21 ആകുമ്പോഴേക്കും ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കും എന്നുതന്നെയാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

അതേസമയം, ഇന്ത്യയിൽ വെച്ച് ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണയുടെ സാന്നിദ്ധ്യം 77 പേരിൽ ദൃശ്യമായത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതിവ്യാപനശേഷിയുള്ള ഈ ഇനം വൈറസിന് പ്രഹരശേഷിയും കൂടുതലാണ്. മാത്രമല്ല,, മനുഷ്യകോശങ്ങളിൽ പ്രവേശിക്കുവാൻ ഉപയോഗിക്കുന്ന സ്പൈക്ക് പ്രോട്ടീനിൽ ജനിതകമാറ്റം സംഭവിച്ചതിനാൽ, ഇതിന് ആന്റിബോഡികളെ കബളിപ്പിക്കാനും ആകും. അതായത് വാക്സിനെതിരെ ഭാഗികമായെങ്കിലും പ്രതിരോധിക്കുവാൻ ഈ ഇനം വൈറസുകൾക്ക് കഴിയും എന്ന് ചുരുക്കം.

ഇന്ത്യയിൽ ഈ പുതിയ ഇനമാണ് രണ്ടാം വ്യാപനത്തിന് ഇടയാക്കിയത് എന്ന് കരുതപ്പെടുന്നു. നിലവിലെ 10 ലക്ഷം പേരിൽ 127 പേർ രോഗികൾ എന്നതാണ് ഇന്ത്യയിലെ അവസ്ഥ. ബ്രിട്ടനിലിത് 10 ലക്ഷം പേരിൽ 23 രോഗികൾ എന്നനിലയിലാണ്. എന്നിരുന്നാൽ പോലും സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയാൽ ഹോട്ടല്ക്വാറന്റൈൻ ആവശ്യമായ രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഏറെ വിവാദമാകുന്നുണ്ട്. താരതമ്യേന ഇന്ത്യയേക്കാൾ രോഗവ്യാപനം കുറവുള്ള അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശും ഈ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.