തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വല്ലാതെ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ പൊതു പരീക്ഷകൾ ഇപ്പോൾ തന്നെ നടത്തണോ എന്ന കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സി.ബി.എസ്.സി, ഐ.സി.എസ്.സി ഉൾപ്പെടെ ദേശീയ തലത്തിൽ പരീക്ഷകളെല്ലാം മാറ്റിവച്ചിരിക്കുകയാണ്. ദേശീയതലത്തിലെ മത്സര പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. സംസ്ഥാനത്താകട്ടെ എസ്.എസ്.എൽ.സി പ്ളസ് ടു പരീക്ഷകൾ നടക്കുകയാണ്. വിവിധ സർവ്വകലാശാലകളും പരീക്ഷകളുമായി മുന്നോട്ട് പോകുന്നു. കോവിഡിന്റെ രണ്ടാം തരംഗം അതിശക്തിയായി സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ഉത്കണ്ഠയിലാണ്. ഈ സാഹചര്യത്തിൽ ഇപ്പോൾ തന്നെ പരീക്ഷകൾ നടത്തേണ്ടതുണ്ടോ എന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.