തിരുവനന്തപുരം: മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തിനിടയിൽ കുത്തേറ്റ യുവാവ് ചോര വാർന്ന് മരിച്ചു. ഒപ്പമിരുന്ന് മദ്യപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓൾ സെയിന്റ്‌സ് കോളജ് രാജീവ് നഗർ ഷംന മൻസിലിൽ ഷംനാദ് (33) ആണു മരിച്ചത്. കാലിൽ മാരകമായി കുത്തേറ്റ ഷംനാദിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറാകാതിരുന്നതിനാൽ രാത്രി മുഴുവൻ ചോരവാർന്നാണ് മരണം സംഭവിച്ചത്.

സംഭവത്തിൽ മലയിൻകീഴ് കരിപ്പൂര് ദുർഗാ ലൈൻ അഭിവില്ലയിൽ ബിനു ബാബു (34), വഴയില ശാസ്താ നഗർ വിഷ്ണു വിഹാറിൽ മണിച്ചൻ എന്ന വിഷ്ണുരൂപ് (34), ഓൾ സെയിന്റ്‌സ് കോളജ് രാജീവ് നഗർ രജിത ഭവനിൽ കുക്കു എന്ന രജിത്ത് (35) എന്നിവരെയാണു മലയിൻകീഴ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിഷ്ണുവാണ് ഷംനാദിനെ കുത്തിയതെന്നു പൊലീസ് പറഞ്ഞു. 2011ൽ നെടുമങ്ങാട് നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് വിഷ്ണു.

ഞായറാഴ്ച രാത്രി മലയിൻകീഴിലുള്ള ബിനുവിന്റെ വീട്ടിലാണ് മദ്യപാനവും കൊലപാതകവും നടന്നത്. മദ്യപിക്കവെ ഉണ്ടായ തർക്കത്തിനിടെ വിഷ്ണു ഷംനാദിനെ കുത്തുകയായിരുന്നു. ഇടതു കാലിൽ മുട്ടിന്റെ മുകളിൽ ഗുരുതരമായി പരുക്കേറ്റ ഷംനാദിനെ പക്ഷേ ആരും ആശുപത്രിയിൽ കൊണ്ടു പോയില്ല. പിന്നാലെ വിഷ്ണുവും രജിത്തും വീട്ടിൽ നിന്നു മുങ്ങി. മദ്യലഹരിയിൽ ഉറങ്ങിപ്പോയ ബിനു രാവിലെ എണീറ്റപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിൽ ഷംനാദ് മരിച്ചു കിടക്കുന്നത് കണ്ടത്.

സംഭവം ബിനു തന്നെയാണ് പൊലീസിൽ അറിയിച്ചത്. ബോധം നഷ്ടപ്പെട്ടതിനാൽ ഷംനാദിനു മറ്റുള്ളവരുടെ സഹായം തേടാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ മുറിവിൽ തുണി കൊണ്ടു കെട്ടാൻ സ്വയം ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.