- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടാവിൽ നിന്നും മോഷണമുതൽ തട്ടിയെടുത്തെന്ന് ആരോപണം; പൊലീസുകാരന് സസ്‌പെൻഷൻ
തളിപ്പറമ്പ്: മോഷണക്കേസ് പ്രതിയിൽ നിന്നും മോഷണമുതൽ തട്ടിയെടുത്തെന്ന ആരോപണത്തെ തുടർന്ന് പൊലീസുകാരന് സസ്‌പെൻഷൻ. ഓട്ടോഡ്രൈവറിൽ നിന്നും മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് തളിപ്പറമ്പ് സ്വദേശി കൈക്കലാക്കിയ പണം, സമാനരീതിയിൽ പൊലീസുകാരൻ മോഷ്ടാവിൽ നിന്ന് കൈക്കലാക്കുകയായിരുന്നു. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സിപിഒ കടന്നപ്പള്ളി പടിഞ്ഞാറേക്കര സ്വദേശി ഇ.എൻ.ശ്രീകാന്തിനെയാണു റൂറൽ എസ്‌പി നവനീത് ശർമ സസ്‌പെൻഡ് ചെയ്തത്.
തളിപ്പറമ്പ് പുളിമ്പറമ്പിലെ തെരുപ്പറമ്പിൽ ഗോകുൽ മോഷ്ടിച്ച പണമാണ് പൊലീസുകാരനും അതേരീതിയിൽ തട്ടിയെടുത്തത്. ഓട്ടോ ടാക്‌സി ഡ്രൈവറായ ചൊക്ലി ഒളവിലം സ്വദേശി മനോജ്കുമാറിന്റെ എടിഎം കാർഡും 2000 രൂപയുമാണ് ഗോകുൽ തട്ടിയെടുത്തത്. കാർഡിന്റെ കവറിൽ പിൻ എഴുതി വച്ചിരുന്നതിനാൽ പണം പിൻവലിക്കാൻ എളുപ്പമായി. 70,000 രൂപയോളമാണ് പണമായും സാധനമായും ഗോകുൽ തട്ടിയത്. ഇതിൽ 40,000 രൂപ ഗോകുൽ സഹോദരിയുടെ അക്കൗണ്ടിലേക്ക് മാറ്റി. രണ്ടു സുഹൃത്തുക്കൾക്കൊപ്പം ഗോവയ്ക്ക് പോകുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.
ഗോകുലിനെ ചോദ്യം ചെയ്യുന്നതിനിടെ സഹോദരിയുടെ എടിഎം കാർഡ് ശ്രീകാന്ത് പിടിച്ചെടുത്തിരുന്നു. അപഹരിച്ച പണം ആ അക്കൗണ്ടിലുണ്ടെന്നു മനസ്സിലാക്കിയതോടെ കേസിന്റെ ആവശ്യത്തിനെന്ന പേരിൽ ഗോകുലിന്റെ സഹോദരിയിൽ നിന്ന് ശ്രീകാന്ത് എടിഎമ്മിന്റെ പിൻ നമ്പർ വാങ്ങുകയും പലപ്പോഴായി പണം പൻവലിക്കുകയും ആയിരുന്നു. ഗോകുൽ റിമാൻഡിലായ ശേഷം, ശ്രീകാന്ത് കാർഡ് ഉപയോഗിച്ചു മദ്യം ഉൾപ്പെയുള്ളവ വാങ്ങുകയും പണം പിൻവലിക്കുകയും ചെയ്തു. പലപ്പോഴായി പണം പിൻവലിക്കുന്ന സന്ദേശം ഫോണിൽ ലഭിച്ചതോടെ ഗോകുലിന്റെ സഹോദരി പൊലീസിൽ പരാതി നൽകി.
ശ്രീകാന്താണു കാർഡ് ഉപയോഗിച്ചതെന്നു മനസിലാക്കിയ സ്‌പെഷൽ ബ്രാഞ്ച് റൂറൽ എസ്‌പിക്കു റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണു സസ്‌പെൻഷൻ. കാർഡ് നഷ്ടപ്പെട്ടെന്ന പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിയും രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിനുശേഷം ശ്രീകാന്തിനെ പ്രതിചേർക്കും. മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട വിവാദത്തിൽ നേരത്തേ അച്ചടക്ക നടപടിക്കു വിധേയനായിട്ടുണ്ട്.