ടകളെല്ലാം തുറന്ന് പ്രവർത്തനമാരംഭിക്കുകയും പരിമിതമായ തോതിലാണെങ്കിൽ പോലും ബന്ധുക്കളൂം സുഹൃത്തുക്കളും തമ്മിൽ ഒത്തുചെരാൻ തുടങ്ങുകയും ചെയ്തതോടെ ബ്രിട്ടനിൽ സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ തുടങ്ങിയിരിക്കുന്നു. ഇന്നത്തെ നില തുടരുകയാണെങ്കിൽ, സർക്കാർ പ്രഖ്യാപിച്ചതുപോലെ ജൂൺ 21 ഓടെ ബ്രിട്ടനിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കം ചെയ്യും എന്നത് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അതേസമയം, ഇപ്പോഴും കൊറോണയുടെ ഒരു മൂന്നാം വരവിനെ കുറിച്ചുള്ള മുന്നറിയിപ്പുകൾ വരുന്നുമുണ്ട്.

കഴിഞ്ഞയാഴ്‌ച്ച, ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസഷൻ അംഗമായ പ്രൊഫസർ ജെറെമി ബ്രൗൺ മൂന്നാം വരവിനെ കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്നു. 30,000 മുതൽ 50,000 മരണങ്ങൾ വരെ മൂന്നാംവരവിൽ സംഭവിക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേരീതിയിൽ ഒരു മുന്നറിയിപ്പ് ഈ മാസമാദ്യം സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയും നൽകിയിരുന്നു. നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത് മൂന്നാം വരവിന് കളമൊരുക്കും എന്നായിരുന്നു അവരുടെ മുന്നറിയിപ്പ്.

കൂടുതൽ വ്യാപനശേഷിയും പ്രഹരശേഷിയുമുള്ള ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യം കൂടി സ്ഥിരീകരിക്കപ്പെട്ടതോടെ മൂന്നാം വരവിനെ കുറിച്ചുള്ള ആശങ്ക വർദ്ധിച്ചു. പ്രധാനമന്ത്രിയുടെ ഇന്ത്യൻ സന്ദർശനം റദ്ദ് ചെയ്യുന്നിടം വരെയെത്തി ഈ ആശങ്ക. എന്നാൽ, തികഞ്ഞ അശുഭാപ്തി വിശ്വാസമാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾക്ക് പിന്നെലെന്ന വാദവുമായി പ്രൊഫസർ ഫിലിപ്പ് തോമസ് രംഗത്തെത്തിയിരിക്കുന്നു. ഇതുവരെ കൊറോണയുടെ ഗതിവിഗതികൾ ഏറെക്കുറെ കൃത്യമായി പ്രവചിച്ച ശാസ്ത്രജ്ഞനാണ് പ്രൊഫസർ ഫിലിപ്പ് തോമസ്.

നിയന്ത്രണങ്ങളിൽ അയവു വരുത്തുന്നതുമൂലമോ മറ്റെന്തെങ്കിലും കാരണത്താലോ ഇനിയൊരു വ്യാപനം ഉണ്ടായാലും അത് ഇത്ര മാരകമാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ജൂൺ മാസത്തോടെ ഭൂരിഭാഗം പേർക്കും വാക്സിൻ ലഭ്യമാകുന്നതോടെ രോഗം ഗുരുതരാവസ്ഥയിൽ എത്തുന്നതും മരണം സംഭവിക്കുന്നതും വളരെയധികം കുറയും എന്നും അദ്ദേഹം പറയുന്നു. നമ്മൾ മഹാവ്യാധിയെ തോൽപിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. വേനലിലേക്ക് കടക്കുന്നതോടെ കൂടുതൽ പേർക്ക് പ്രതിരോധശേഷി കൈവരും. അതുകൊണ്ടുതന്നെ ഇനിയും നിയന്ത്രണങ്ങൾ നിലനിർത്തുന്നതിനെ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു.

സാർസ്-കോവ്-2 വൈറസിന്റെ പ്രക്ഷേപ്യപഥം കണ്ടെത്താൻ അദ്ദേഹം ഉപയോഗിച്ച ഗണിതശാസ്ത്ര മാതൃകയെ അടിസ്ഥാനമാക്കി തന്നെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. കഴിഞ്ഞകാലങ്ങളിൽ വൈറസിന്റെ സ്ഥിതിഗതികൾ പ്രവചിക്കുന്നതിൽ യാഥാർത്ഥ്യത്തോട് ഏറ്റവും അടുത്തുനിന്നത് ഈ മാതൃകയായിരുന്നു എന്നതോർക്കണം. കോവിഡിന്റെ കാര്യത്തിൽ മാത്രമല്ല, 1990 കളിലെ ഭ്രാന്തിപ്പശു രോഗത്തിന്റെ കാര്യത്തിലും അതുപോലെ മറ്റു ചില പകർച്ചവ്യാധികളുടെ കാര്യത്തിലും പ്രൊഫസർ ഫിലിപ്പ് തോമസിന്റെ പ്രവചനം കൃത്യമായി വന്നിരുന്നു.

ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ റിസ്‌ക് മാനേജ്മെന്റ് വിഭാഗത്തിൽ ജോലി ചെയ്യുന്ന പ്രൊഫസർ ഫിലിപ്പ് തോമസിന്റെ കണ്ടെത്തലുകൾ ശരിവയ്ക്കും വിധത്തിലാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നതും. ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് വെറും നാല് കോവിഡ് മരണങ്ങൾ മാത്രമാണ്. മൂന്ന് മരണങ്ങൾ രേഖപ്പെടുത്തിയ 2020 സെപ്റ്റംബർ 7 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണിത്. അതുപോലെ, കഴിഞ്ഞയാഴ്‌ച്ചയിൽ നിന്നും 17 ശതമാനം കുറഞ്ഞ് പ്രതിദിന രോഗവ്യാപനതോത് 2,963-ൽ എത്തി നിന്നു.

ഔട്ട്ഡോർ പബ്ബുകളും, ജിം, ഹെയർഡ്രസിങ് സലൂണുകൾ, ഹൈസ്ട്രീറ്റ് ചില്ലറവില്പന ശാലകൾ എന്നിവ തുറന്നിട്ടും ഭയപ്പെട്ടിരുന്ന രീതിയിലുള്ള രോഗവ്യാപനം ഉണ്ടാകുന്നില്ല എന്നു മാത്രമല്ല, രോഗവ്യാപന തോത് കുറഞ്ഞുവരികയും ചെയ്യുന്നുണ്ട്. ഇത് സർക്കാർ മുൻകൂട്ടി നിശ്ചയിച്ച ലോക്ക്ഡൗൺ നീക്കം ചെയ്യുവാനുള്ള പ്രക്രിയയുമായി മുന്നോട്ടുപോകുവാനുള്ള ആത്മവിശ്വാസം സർക്കാരിന് നൽകുന്നുണ്ട്. എങ്കിലും, കോവിഡിനെതിരായ യുദ്ധത്തിൽ ബ്രിട്ടന്റെ മുഖമുദ്രയായ കരുതൽ കൈവിടാനും ബ്രിട്ടൻ തയ്യാറായിട്ടില്ല.